ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി മിന്നും വിജയം നേടിയ ഡൊണള്‍ഡ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഇപ്പോള്‍ കണ്ണുകളെല്ലാം ഉഷ വാന്‍സ് എന്ന ഇന്ത്യന്‍ വംശജയിലാണ്. യാലെ യൂനിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ ഉഷ യു.എസ് ചരിത്രത്തിലെ ഇന്ത്യന്‍ വംശജയായ ആദ്യ സെക്കന്‍ഡ് ലേഡി എന്നി പദവി നേടികൊണ്ടാണ് ചരിത്രം കുറിക്കുന്നത്.
ഇന്ത്യയില്‍ ഉഷയുടെ വേരുകളുള്ളത് ആന്ധ്രപ്രദേശിലാണ്. ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധം പുലര്‍ത്തുന്ന അവര്‍ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തെ കൃത്യമായ നിലപാടുണ്ട്. കടുത്ത മതവിശ്വാസി കൂടിയാണ് ഉഷ വാന്‍സ്.
കുടിയേറ്റക്കാരായ രക്ഷിതാക്കളുടെ മകളായി 1986ല്‍ സാന്‍ ഡിയാഗോയിലാണ് ഉഷ വാന്‍സ് ജനിച്ചത്. അപ്പര്‍ മിഡില്‍ ക്ലാസ് ഫാമിലിയിലായിരുന്നു ജനനം. സാന്‍ഫ്രാന്‍സിസ്‌കോയിലെ കോര്‍പ്പറേറ്റ് കമ്പനിയിലും അവര്‍ ജോലി ചെയ്തിരുന്നു. ചരിത്രത്തിലും അവര്‍ ബിരുദം നേടിയിട്ടുണ്ട്. തത്വശാസ്ത്രത്തില്‍ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സുപ്രീംകോടതി ജഡ്ജിമാരുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ച അവര്‍ നിയമവുമായി ബന്ധപ്പെട്ട ഒരു മാസികയിലും ജോലി നോക്കിയിരുന്നു. യാലെ യൂനിവേഴ്‌സിറ്റിയിലെ പഠനത്തിനിടെയാണ് ഉഷ ഭര്‍ത്താവായ ജെ.ഡി വാന്‍സിനെ കണ്ടുമുട്ടുന്നത്. 2014ലാണ് ഇരുവരും വിവാഹിതരായത്.
ഭര്‍ത്താവിന്റെ രാഷ്ട്രീയരംഗത്തെ ഉയര്‍ച്ചയില്‍ ഉഷ വാന്‍സ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യാലി യൂനിവേഴ്‌സിറ്റിയിലെ തന്റെ വഴികാട്ടി എന്നാണ് ഉഷയെ ജെ.ഡി വാന്‍സ് വിളിച്ചിരുന്നത്. താന്‍ ഒരിക്കലും ചോദിക്കാത്ത ചോദ്യങ്ങള്‍ പോലും അവര്‍ തനിക്ക് വേണ്ടി ചോദിച്ചിരുന്നുവെന്നും വാന്‍സ് പറഞ്ഞിരുന്നു. അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും ഉഷയാണ് തന്നെ പഠിപ്പിച്ചതെന്നും ജെ.ഡി വാന്‍സ് വ്യക്തമാക്കിയിരുന്നു.