യുഎസ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെ (Donald Trump) ഫോണില്‍ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). തിരഞ്ഞെടുപ്പ് ഫലം വന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് മോദി ട്രംപിനെ ഫോണില്‍ ബന്ധപ്പെട്ടത്. സാങ്കേതികവിദ്യ, പ്രതിരോധം, ഊര്‍ജം, ബഹിരാകാശ മേഖല തുടങ്ങി നിരവധി പ്രധാന മേഖലകളില്‍ ഇന്ത്യ-യുഎസ് സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ട്രംപിനോട് അടുത്തുസഹകരിക്കാന്‍ മോദി താത്പര്യം പ്രകടിപ്പിച്ചു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി പരസ്പര താത്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുവരും വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
“എന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന്റെ മികച്ച വിജയത്തിന് അഭിനന്ദനം അറിയിച്ച് അദ്ദേഹത്തെ വിളിച്ചിരുന്നു. സാങ്കേതികവിദ്യ, പ്രതിരോധം, ഊര്‍ജം, ബഹിരാകാശം തുടങ്ങിയ നിരവധി മേഖലകളില്‍ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ മോദി പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് മോദിയെ പ്രശംസിച്ചു. അദ്ദേഹത്തെ അതിഗംഭീരനായ വ്യക്തിയെന്ന് വിളിച്ച അദ്ദേഹം ഇന്ത്യയെ ‘മനോഹരമായ രാജ്യമെന്ന്’ വിശേഷിപ്പിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18നോട് പറഞ്ഞു.
മോദിയോടുള്ള തന്റെ ആരാധന വ്യക്തമാക്കിയ ട്രംപ് ലോകം മുഴുവന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നതായും പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം താന്‍ ആദ്യം ബന്ധപ്പെട്ട ലോകനേതാക്കളില്‍ ഒരാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെ മോദി അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. “ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തില്‍ എന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മുമ്പ് പ്രസിഡന്റായിരുന്നപ്പോള്‍ നിങ്ങള്‍ വിജയങ്ങള്‍ നിങ്ങള്‍ കെട്ടിപ്പടുത്തിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സഹകരണം പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കന്നു. നമ്മുടെ ജനതയുടെ ഉന്നമനത്തിലും ആഗോളസമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാം,” പ്രധാനമന്ത്രി മോദി എക്സില്‍ പങ്കുവെച്ചു.