Sunday, December 22, 2024

HomeAmericaട്രംപിന്റെ വിജയം: അമേരിക്ക വിടുകയാണെന്ന് മസ്‌കിന്റെ ട്രാൻസ്‌ജെൻഡർ മകൾ

ട്രംപിന്റെ വിജയം: അമേരിക്ക വിടുകയാണെന്ന് മസ്‌കിന്റെ ട്രാൻസ്‌ജെൻഡർ മകൾ

spot_img
spot_img

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ചരിത്രവിജയത്തിനു പിന്നാലെ അമേരിക്ക വിടുകയാണെന്ന് ടെസ്ല തലവൻ ഇലോൺ മസ്‌കിന്റെ ട്രാൻസ്‌ജെൻഡർ മകൾ. രണ്ടു വർഷം മുൻപ് മസ്‌കുമായി ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ച വിവൻ ജെന്ന വിൽസൺ ആണ് അമേരിക്കയിൽ ഇനി ഭാവിയില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്‍റെ പ്രധാന ഫണ്ടറായിരുന്നു മസ്ക്. ഇതിനു പുറമെ പരസ്യമായി പ്രചാരണത്തിനും ഇറങ്ങിയിരുന്നു.

‘കുറച്ചു കാലമായി ഞാനിത് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെത്തോടെ അക്കാര്യത്തിൽ ഒരു തീരുമാനമായി. ഇനി അമേരിക്കയിൽ കഴിയുന്നതിൽ ഞാൻ ഭാവി കാണുന്നില്ല’-ഇങ്ങനെയായിരുന്നു വിവൻ ജെന്ന വിൽസൺ പ്രതികരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ത്രെഡ്‌സി’ലൂടെയാണു പ്രഖ്യാപനം.

നാലു വർഷം മാത്രമേ ട്രംപ് ആ പദവിയിലുണ്ടാകുകയുള്ളൂവെങ്കിലും, അത്ഭുതകരമായി ട്രാൻസ് വിരുദ്ധ നിയന്ത്രണങ്ങളൊന്നും നടപ്പാക്കുന്നില്ലെങ്കിലും അദ്ദേഹത്തിനു വോട്ട് ചെയ്ത ജനങ്ങൾ അവിടെയുണ്ടല്ലോ എന്നും വിവൻ ചൂണ്ടിക്കാട്ടി. അവർ അടുത്തൊന്നും എവിടെയും പോകില്ലെന്നും അവർ പറഞ്ഞു.

ട്രാൻസ്ജെൻഡർ അവകാശങ്ങൾക്കെതിരെ കടുത്ത നിലപാടുള്ള റിപബ്ലിക്കൻ പാർട്ടിക്ക് നേരത്തെ തന്നെ മസ്‌ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ട്രാൻസ്ജെൻഡറുകളുടെ പേരുമാറ്റത്തെ എതിർത്തും മസ്‌ക് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ ട്രംപും നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ട്രാൻസ്‌ജെൻഡറുകൾക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയിരുന്നു. ട്രംപ് അധികാരമേറ്റതോടെ കടുത്ത ആശങ്കയിലാണ് അമേരിക്കയിലെ ട്രാൻസ് സമൂഹം.

അതേസമയം, ആദ്യ ഭാര്യ ജസ്റ്റിൻ വിൽസണുമായുള്ള ബന്ധത്തിലുള്ള മസ്‌കിന്റെ ആറു മക്കളിൽ ഒരാളാണ് വിവൻ ജെന്ന വിൽസൺ. സേവ്യർ അലെക്സാൻഡർ മസ്‌ക് ആയിരുന്നു പഴയ പേര്. 2022 ജൂണിലാണ് അച്ഛനുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് അവർ പ്രഖ്യാപിച്ചത്. പ്രത്യേകം അപേക്ഷ നൽകി പേരുമാറ്റുകയും ചെയ്തു. പിതാവുമായി രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ ബന്ധം നിലനിർത്തി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞാണ് സാന്റ മോണിക്കയിലുള്ള ലോസ് ആഞ്ചൽസ് കൗണ്ടി സുപീരിയർ കോടതിയെ വിവൻ സമീപിച്ചത്. പേരുമാറ്റത്തിനൊപ്പം പുതിയ ജനന സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കാലിഫോർണിയയിൽ 18 വയസാണ് സ്വയം നിർണയാധികാരത്തിനുള്ള പ്രായപരിധി. ഇതു പിന്നിട്ടത്തിനു പിന്നാലെയാണ് തന്റെ ലിംഗസ്വത്വം വെളിപ്പെടുത്തി വിവൻ ജെന്ന പരസ്യമായി രംഗത്തെത്തിയത്. താൻ സ്ത്രീയാണെന്നായിരുന്നു വെളിപ്പെടുത്തൽ. കഴിഞ്ഞ ജൂലൈയിൽ മസ്‌കിനെതിരെ ഗുരുതര ആരോപണങ്ങളുമായും അവർ രംഗത്തെത്തിയിരുന്നു. പിതാവെന്ന നിലയ്ക്ക് മോശം അനുഭവമാണുണ്ടായതെന്നും ക്രൂരമായി പെരുമാറിയെന്നുമെല്ലാം അവർ ആരോപിച്ചിരുന്നു.

ഉന്നതശ്രേണിയിലുള്ളവരുടെ സ്വകാര്യ സ്‌കൂളുകളിലെയും സർവകലാശാലകളിലെയും ‘നവമാർക്‌സിസ്റ്റു’കളാണ് താനും മകളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമെന്നായിരുന്നു മസ്‌ക് ആരോപിക്കാറുണ്ടായിരുന്നത്. മകളെ ‘ഇടതു മനശ്ശാസ്ത്ര വൈറസ്’ ബാധിച്ചിരിക്കുകയാണെന്നും അവൾ മരിച്ചുപോയെന്നുമെല്ലാം അദ്ദേഹം അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്നു. സോഷ്യലിസവും കടന്ന് അവൾ പൂർണമായി കമ്യൂണിസ്റ്റ് ആയിരിക്കുകയാണ്. സമ്പന്നരെല്ലാം മോശക്കാരാണെന്നാണു ചിന്തിക്കുന്നതെന്നും മസ്‌ക് ആരോപിച്ചിരുന്നു.

കനേഡിയൻ എഴുത്തുകാരി കൂടിയാണ് വിവൻ ജെന്നയുടെ അമ്മ ജസ്റ്റിൻ വിൽസൺ. 2008ലാണ് ഇവർ മസ്‌കുമായി പിരിയുന്നത്. ഇതിനുശേഷം വിവൻ അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments