വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ സന്തോഷാരാവം മുഴക്കുന്നത് സ്വാഭാവികം. എന്നാൽ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനെത്തിയപ്പോൾ വളരെ സന്തോഷവാനായാണ് കാണപ്പെട്ടത്. വളരെ സന്തോഷത്തോടെ, പ്രസരിപ്പു നിറഞ്ഞ ചിരിയോടെയാണ് ബൈഡൻ പ്രസംഗിച്ചതും. ഇതിനെ ചോദ്യം ചെയ്ത് രംഗത്തു വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഡോണൾഡ് ട്രംപ് ജൂനിയർ പോലും ഇക്കാര്യം ശ്രദ്ധിക്കുകയുണ്ടായി. ട്രംപിന്റെ വിജയത്തിനു ശേഷം സന്തോഷിക്കുന്ന ഏക ഡെമോക്രാറ്റുകാരൻ എന്നാണ് ഡോണൾഡ് ട്രംപ് ജൂനിയർ ബൈഡനെ വിശേഷിപ്പിച്ചത്.
’ഈ പ്രഭാതത്തിൽ എന്നേക്കാൾ ഏറെ സന്തോഷിക്കുന്ന വ്യക്തി ജോ ബൈഡൻ ആയിരിക്കും’-എന്ന് ട്രംപ് ജൂനിയർ എക്സിൽ കുറിക്കുകയും ചെയ്തു.
https://x.com/DonaldJTrumpJr/status/1854250156486537436
ഇന്ന് അമേരിക്കയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ജോ ബൈഡൻ ആണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ബെൻ ഷപ്രിയോയും എക്സിൽ കുറിച്ചു.
പ്രസംഗത്തിനിടെ ബൈഡന്റെ ചിരി ശ്രദ്ധിച്ച സോഷ്യൽ മീഡിയയിലെ ചിലർ ‘അദ്ദേഹം രഹസ്യമായി ഡോണൾഡ് ട്രംപിനാകും വോട്ട് ചെയ്തത്’ എന്ന് പറയുകയും ചെയ്തു.”ലോകത്തിലെ ഏറ്റവും സന്തോഷവാനായ മാനുഷ്യൻ ബൈഡനാണ്, തീർച്ചയായും അദ്ദേഹം വോട്ട് ചെയ്തത് ട്രംപിനാണ്”-എന്നായിരുന്നു കമന്റ്. മുമ്പൊരിക്കൽ പോലും ബൈഡനെ ഇത്ര സന്തോഷത്തോടെ കണ്ടിട്ടില്ലെന്നും ചിലർ സൂചിപ്പിച്ചു. അതിനാൽ അദ്ദേഹം ട്രംപിനാണ് വോട്ട് ചെയ്തത് അതാണീ സന്തോഷത്തിന്റെ കാരണമെന്നും മറ്റൊരാൾ കുറിച്ചു.