വാഷിംഗ്ടൺ : 2020 ലെ അമേരിക്കൻ പ്രസിഡന്റ്തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ , നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരേയുള്ള വിചാരണ കോടതി നിർത്തി വെച്ചു. ട്രംപ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനാൽ വിചാരണയിൽ തുടർ നടപടികൾപ്രോട്ടോക്കോൾ എന്തെന്നു മനസ്സിലാക്കാൻ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് വിചാരണ നിർത്തി വച്ചത്.
2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും തൻ്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ ഇന്റലിജൻസ് രേഖകൾ അനധികൃതമായി പൂഴ്ത്തിയെന്നുമാണ് കേസ്. ഈ രണ്ടു കേസുകളിലും പ്രോസിക്യൂഷൻ പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്താണ് കഴിഞ്ഞ വർഷം ട്രംപിനെതിരെ രംഗത്തുവന്നത്. സിറ്റിംഗ് പ്രസിഡന്റുമാരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന നീതിന്യായ വകുപ്പിന്റെ നയം കാരണം, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് രണ്ട് ഫെഡറൽ കേസുകൾ എങ്ങനെ അവസാനിപ്പിക്കാമെന്നാണ് ഇപ്പോൾ പ്രോസിക്യൂഷൻ ആലോചിക്കുന്നത്.
അധികാരത്തിലിരിക്കുമ്പോൾ പ്രസിഡന്റുമാരെ ക്രിമിനൽ കുറ്റങ്ങളിൽ പ്രോസിക്യൂഷൻ നേരിടാൻ കഴിയില്ലെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് നയം. ഈ രണ്ട് കേസുകളും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപിൻ്റെ നിലപാട്. അധികാരമേറ്റ് രണ്ട് സെക്കൻഡിനുള്ളിൽ തന്നെ ജാക്ക് സ്മിത്തിനെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.