വാഷിങ്ടൺ: നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടെ ചർച്ചയായി ഇലോൺ മസ്കിന്റെ സാന്നിധ്യവും. വെള്ളിയാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി സംസാരിച്ചത്. ഇതിനിടെ ടെസ്‍ല സി.ഇ.ഒക്കും ഫോൺ കൈമാറിയെന്നാണ് റിപ്പോർട്ട്.
25 മിനിറ്റ് സമയമാണ് ട്രംപും സെലൻസ്കിയും തമ്മിൽ സംസാരിച്ചത്. ഇതിനിടെ വീണ്ടും യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപിനെ സെലൻസ്കി അഭിനന്ദിച്ചു. യുക്രെയ്ന് എല്ലാ പിന്തുണയും അറിയിച്ച ട്രംപ് എന്നാൽ, ഏത് തരത്തിലാവും അത് നൽകുകയെന്ന് വ്യക്തമാക്കിയില്ല.
ട്രംപ് സംസാരിച്ചതിന് ശേഷം മസ്കും സെലൻസ്കിയുമായി സംസാരിച്ചു. യുക്രെയ്നിൽ സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് കണക്ഷൻ ലഭ്യമാക്കുമെന്ന് മസ്ക് സെലൻസ്കിയെ അറിയിച്ചു. സംഭാഷണത്തിന് പിന്നാലെ അടുത്ത ബന്ധം നിലനിർത്താനും സഹകരണം മുന്നോട്ട് പോകാനും തങ്ങൾ തീരുമാനിച്ചുവെന്ന് സെലൻസ്കി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. അമേരിക്കയിലെ ശക്തമായ നേതൃത്വം ലോകസമാധാനത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും രംഗത്തെത്തിയിരുന്നു. അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധം തീർക്കാനുള്ള പദ്ധതി ട്രംപിന് കീഴിലുള്ള പ്രത്യേക ടീം തയാറാക്കിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതിൽ ഇലോൺ മസ്കും നിർണായക പങ്കുവഹിച്ചുവെന്നാണ് വാർത്തകൾ.