വാഷിംഗ്ടണ്‍: മുൻ യുഎൻ അംബാസഡര്‍ നിക്കി ഹേലിയെ സര്‍ക്കാരിലേക്ക് ക്ഷണിക്കില്ലെന്ന് ഡോണൾഡ് ട്രംപ്. താത്പര്യം ഇല്ലെന്ന് നേരത്തെ പറഞ്ഞതെന്നാണ് ഹേലിയുടെ പ്രതികരണം. ഇന്ത്യൻ വംശജയായ ഹേലി റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ മത്സരിച്ചിരുന്നു. മുൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെയും തഴഞ്ഞിട്ടുണ്ട്. മുമ്പ് ഇവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിനായുള്ള അവരുടെ സേവനങ്ങൾക്ക് നന്ദിയെന്നും ട്രംപ് എക്സില്‍ കുറിച്ചു. ഇരുവരും ആദ്യ ട്രംപ് സര്‍ക്കാരില്‍ സുപ്രധാന ചുമതല വഹിച്ചവരാണ്.
അതേസമയം, അമേരിക്കയുടെ അടുത്ത പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോണൾഡ് ട്രംപ് വിദേശ രാജ്യത്തലവന്മാരുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രസിഡന്‍റ് പദം ഏറ്റെടുക്കുക ജനുവരിയിലാണെങ്കിലും നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലയിലാണ് വിദേശ രാജ്യത്തലവന്മാരുമായി ട്രംപ് വീണ്ടും സൗഹൃദം പുതുക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യം തന്നെ ഫോണിൽ സംസാരിച്ച ട്രംപ്, ഏറ്റവുമൊടുവിൽ യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയുമായി നടത്തിയ ഫോൺ വിളി ആഗോളതലത്തിൽ ചർച്ചയാകുകയാണ്.
റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനെ ട്രംപ് എത്രത്തോളം പിന്തുണയ്ക്കും എന്ന കാര്യത്തിൽ വിവിധ ലോകരാജ്യങ്ങൾ പല വിധത്തിലുള്ള സംശയങ്ങൾ മുന്നോട്ട് വച്ചിരുന്നു. എന്നാൽ സെലൻസ്കിയുമായുള്ള ഫോൺ ചർച്ചയിൽ ട്രംപ്, യുക്രൈന് സഹായം ചെയ്യുമെന്ന നിലയിലുള്ള വാഗ്ദാനം നൽകിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രംപും സെലൻസ്കിയുമായുള്ള ചർച്ചക്കിടെ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.