മോസ്കോ: യുക്രയിൻ യുദ്ധത്തെക്കുറിച്ച് ട്രംപുമായി സംസാരിച്ചുവെന്ന വാർത്ത ആരുടേയോ ഭാവനയെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡ്മി ഡർ പുടിൻ.ട്രംപും പുടിനും ഫോണിൽ സംസാരിച്ചെന്ന വാർത്തകൾ തള്ളിക്കൊണ്ട് പ്രസിഡൻ്റിന്റെ ഓഫിസ് പത്രക്കുറിപ്പ് ഇറക്കി.യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നിയുക്ത യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് പത്രമാണ് വാർത്ത നൽകിയത്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരുന്ന കാര്യമാണ് ഇരുനേതാക്കളും പ്രധാധമായും ചർച്ച ചെയ്തതെന്നും ഇതു സംബന്ധിച്ച് ഉടൻതന്നെ ചർച്ചകൾ തുടരാൻ ട്രംപ് താൽപര്യം പ്രകടിപ്പിച്ചതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് പറയുന്നു. രണ്ടാം തവണ പ്രസിഡന്റ് പദവി ഏറ്റെടുക്കുന്ന സാഹചര്യത്തിൽ യുക്രെയ്ൻ-റഷ്യൻ യുദ്ധം വഷളാവുന്നതിൽ ട്രംപിന് താൽപര്യമില്ല. ഫ്ലോറിഡയിലെ റിസോർട്ടിൽനിന്നാണ് ട്രംപ് ഫോണിൽ സംസാരിച്ചത്. ബുധനാഴ്‌ച യുക്രെയ്ൻ പ്രസിഡന്റ്റ് വോളോദിമിർ സെലൻസ്കിയുമായുള്ള സംഭാഷണത്തിന്റെ തുടർച്ചയായിരുന്നു പുടിനുമായുള്ള ചർച്ച. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് യുക്രെയ്നെ അറിയിച്ചിട്ടുണ്ട്. യുക്രെയ്നിലെ യുദ്ധം നീട്ടിക്കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലതെന്ന് ഉപദേശിച്ച ട്രംപ്, യൂറോപ്പിലുള്ള യു.എസിന്റെ ശക്തമായ സൈനിക സാന്നിധ്യത്തെക്കുറിച്ച് പുടിനെ ഓർമിപ്പിക്കുകയും ചെയ്‌തതായി റിപ്പോർട്ട് പറഞ്ഞു..
വാർത്തകൾ പൂർണമായും തെറ്റാണെന്നും അങ്ങനെയൊരു സംഭാഷണം നടന്നിട്ടില്ലെന്നും ഭാവന മാത്രമാണിതെന്നും റഷ്യൻ പ്രസിഡന്റിന്റെ ഓഫിസ് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതിനിടെ, നിയുക്ത പ്രസിഡൻറ് ട്രംപും മറ്റ് ലോക നേതാക്കളും തമ്മിലുള്ള സ്വകാര്യ ഫോൺ വിളികളെക്കുറിച്ച് പ്രതികരിക്കില്ലെന്ന് അദ്ദേഹത്തിന്റെ കമ്യൂണിക്കേഷൻ ഡയറക്‌ടർ സ്റ്റീവൻ ച്യൂങ് പറഞ്ഞു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും അടക്കമുള്ള 70 രാജ്യങ്ങളുടെ നേതാക്കളുമായി ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു.