വാഷിംഗ്ടൺ : ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്ത് യുഎസ് നിയുക് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി നിയമനത്തിലെ പരമ്പരാഗത കീഴ് വഴക്കങ്ങളെ കാറ്റിൽപ്പറത്തിയാണ് പീറ്റിന്റെ നിയമനം. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
കടുത്ത തീരുമാനങ്ങളെടുക്കുന്ന, മിടുക്കനായ വ്യക്‌തിയും യുഎസ് ആദ്യം നയത്തിന്റെ ശരിയായ വിശ്വാസിയുമാണ് പീറ്റ്. പീറ്റ് യുഎസ് പ്രതിരോധ സേനയുടെ തലപ്പത്തുള്ളപ്പോൾ ശത്രുക്കൾ ഭയക്കും. നമ്മുടെ സൈന്യം വീണ്ടും മഹത്തരമാകും. യുഎസ് ഇനി ഒരിക്കലും തലകുനിയ്ക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.
2014ലാണ് പീറ്റ് ഫോക്സ് ന്യൂസ് ചാനലിൽ ചേരുന്നത്. ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ എന്ന പരിപാടിയുടെ സഹ അവതാരകനായിരുന്നു. മിനസോട്ടയിൽ ജനിച്ച പീറ്റ് പ്രിൻസൻ സർവകലാശാലയിൽനിന്ന് ബിരുദം നേടി. സർവകലാശാലയിൽ കൺസർവേറ്റീവ് അനുകൂല മാഗസിനായ പ്രിൻസ്‌ടൻ ടോറിയുടെ പ്രസാധകനായിരുന്നു പീറ്റ്. തുടർന്ന് ഹാർവഡ് കെന്നഡി സ്‌കൂളിൽനിന്ന് പൊതുനയത്തിൽ ബിരുദാനന്തര ബിരുദം നേടി. അമേരിക്കൻ സൈന്യത്തിന്റെ്റെ ഭാഗമായി ഇറാൻ, അഫ്ഗാനിസ്ഥാൻ, ക്യൂബയിലെ ഗ്വാണ്ടനാമോ ബേ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുമുണ്ട്.
ഒന്നാം ട്രംപ് സർക്കാരിൻ്റെ കാലത്ത് ട്രംപിന്റെ നയങ്ങളോട് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുള വ്യക്തിയാണ് പീറ്റ്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള ട്രംപിന്റെ ചങ്ങാത്തം, വിദേശത്തുനിന്ന് സൈന്യത്തെ പിൻവലിക്കൽ, സൈനികർക്കെതിരെയുള്ള യുദ്ധക്കുറ്റം അന്വേഷിക്കൽ തുടങ്ങി ട്രംപിന്റെ വിവിധ തീരുമാനങ്ങളെയും അമേരിക്ക ആദ്യം നയത്തെയും പീറ്റ് പരസ്യമായിത്തന്നെ പിന്തുണച്ചിട്ടുണ്ട്.