വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജോ ബൈഡൻ ഭരണകൂടത്തിന് ഇറാൻ രേഖാമൂലം ഉറപ്പ് നൽകിയതായി റിപ്പോർട്ട്. അമേരിക്കൻ, ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപിനെ വധിക്കാനുള്ള ഏതൊരു ശ്രമവും യുദ്ധമായി കണക്കാക്കുമെന്ന് സെപ്റ്റംബറിൽ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഒക്ടോബറിൽ ഇറാൻ അങ്ങനെയൊരു ലക്ഷ്യമില്ലെന്ന് മറുപടി നൽകിയത്.
അമേരിക്കയുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള ശ്രമമായാണ് ഇറാൻ ഭരണകൂടത്തിൻ്റെ ഉറപ്പ് വിലയിരുത്തപ്പെടുന്നത്. ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരം ഇറാൻ്റെ മുതിർന്ന സൈനിക കമാൻഡറായ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചിരുന്നു. ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിൻ്റെ കീഴിലുള്ള ഖുദ്സ് ഫോഴ്സ് വിഭാഗത്തിന്റെ കമാൻഡറായിരുന്നു ഖാസിം സുലൈമാനി. 2020 ജനുവരി 3-ന് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഡ്രോൺ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.
അതേസമയം, ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് അന്താരാഷ്ട്ര നിയമ മാർഗങ്ങളിലൂടെ പ്രതികരിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് യുഎന്നിലെ ഇറാൻ ദൗത്യസംഘം അറിയിച്ചു. ഈ വർഷം രണ്ട് വധശ്രമങ്ങളാണ് ട്രംപിന് നേരിടേണ്ടി വന്നത്. പെന്‍സില്‍വേനിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ട്രംപിന് നേരെ വെടിവെയ്പ്പ് ഉണ്ടായിരുന്നു. വെടിയുണ്ട ചെവിയിൽ തട്ടിയതിനെ തുടർന്ന് ട്രംപിന് നേരിയ പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഫർജാദ് ഷാക്കേരി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 51 കാരനായ ഇയാൾ ഇറാനിയൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ വാടക കൊലയാളിയാണെന്നാണ് ആരോപണം.