ഓട്ടവ : മുന്‍ കനേഡിയന്‍ സ്പെഷ്യല്‍ ഫോഴ്സ് സൈനികന്‍ ഡേവിഡ് ലാവറിയെ താലിബാന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. കാബൂളിന്റെ പതനത്തിനിടെ ഏകദേശം 100 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാന്‍ സഹായിച്ച ഡേവിഡ് ലാവറി തിങ്കളാഴ്ച കാബൂളില്‍ ഇറങ്ങിയ വിമാനത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ അദ്ദേഹം എവിടെയാണെന്ന് വിവരം ലഭിച്ചിട്ടില്ല. എന്നാല്‍, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കരുതുന്നു.
അതേസമയം അഫ്ഗാനിസ്ഥാനില്‍ കനേഡിയന്‍ പൗരന്‍ തടവിലാക്കപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ സ്ഥിരീകരിച്ചു. കനേഡിയന്‍ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും കോണ്‍സുലര്‍ സഹായം നല്‍കുമെന്നും ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അറിയിച്ചു.