വാഷിങ്ടൺ: ഗൗതം അദാനിക്കെതിരെ യു.എസിൽ എടുത്ത കേസ് ഇന്ത്യ-യു.എസ് ബന്ധത്തെ ബാധിക്കില്ലെന്ന സൂചന നൽകി വൈറ്റ് ഹൗസ്. പ്രസ് സെക്രട്ടറി കാരിൻ ജീൻ-പിയേറയാണ് ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയത്. ആരോപണങ്ങളെ കുറിച്ച് ഞങ്ങൾക്ക് അറിവുണ്ട്. ഇത് പരിശോധിക്കാനായി യു.എസ് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമീഷനും, ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിനും കൈമാറുകയാണെന്നും ജീൻ പീയേറ പറഞ്ഞു.
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്തമായ അടിത്തറയിലാണ് നിലനിൽക്കുന്നത്. ആഗോള വിഷയങ്ങളിൽ ഉൾപ്പടെ ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കുന്നുണ്ട്. മറ്റ് പ്രശ്നങ്ങൾ പോലെ ഇതിലും തുടർ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
സൗരോർജ പദ്ധതിക്ക് കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാറിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തുവെന്ന് ആരോപിച്ചാണ് യു.എസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തത്. അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്.
അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.
ഈ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നും കേസുണ്ട്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.