ജോണ്‍ കരമ്യാലില്‍ (ചിക്കാഗോ)
പത്താംക്ലാസ് വിദ്യാഭ്യാസത്തിനായി ഞാന്‍ കോട്ടയം ജില്ലയിലെ വെളിയന്നൂര്‍ വന്ദേമാതരം ഹൈസ്‌കൂളില്‍ ചേര്‍ന്നു. എന്റെ അപ്പനോ അമ്മയ്‌ക്കോ ഉദ്യോഗ സ്ഥലമാറ്റമോ ഉദ്യോഗക്കയറ്റമോ ഉണ്ടായതുകൊണ്ടല്ല ഉഴവൂര്‍ക്കാരനായ ഞാന്‍ ഈ സ്‌കൂളില്‍ ചേര്‍ന്നത്. ഞാന്‍ ഒഴികെ മറ്റുള്ള കുട്ടികളെല്ലാം ആ സ്‌കൂളില്‍ നിന്നുതന്നെഒന്‍പതാം ക്ലാസ് ജയിച്ചുവന്നവരായതിനാല്‍ ആദ്യദിവസം എല്ലാവരും ഒറ്റമരത്തേല്‍ ഒറ്റക്കുരങ്ങിനെ കാണുന്നതുപോലെ എന്നെ നോക്കിയത് ഇപ്പോഴും ഓര്‍മ്മിക്കുന്നു.
അതില്‍ സുന്ദര സുസ്മേര വദനനായി ഒരു കുട്ടി മുമ്പിലത്തെ ബഞ്ചിലുണ്ടായിരുന്നു. അവനാണ് അവിടുത്തെ സാറന്മാരുടെ, പ്രത്യേകിച്ചും ക്ലാസ് ടീച്ചറും ഇംഗ്ലീഷ് സാറുമായ പുരുക്ഷോത്തമന്‍ സാറിന്റെ പ്രിയന്‍ എം.കെ ലൂക്കാ. എനിക്ക് ഏറ്റവും പിറകിലത്തേതല്ലാത്ത ഒരു ബഞ്ചില്‍ സ്ഥാനം തന്നു. ലൂക്കായ്ക്ക് ഉയരക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ ആദ്യ ആഴ്ചയില്‍ത്തന്നെ അവനെ എന്റെ അടുത്തിരുത്തി. അങ്ങനെ ഒരു ക്ലാസിലായിരുന്നവര്‍ ഒരു ബഞ്ചില്‍ അടുത്തടുത്തായി.
അന്ന് ഇംഗ്ലീഷ് എന്നൊരു വിഷയം ഇല്ലായിരുന്നുവെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവന്‍ ഇംഗ്ലീഷ് ഭാഷയില്‍ മിടുക്കനായിരുന്നു. പഠിപ്പിക്കുന്നതിനുമുമ്പേ ആ ഭാഗം വായിച്ചിട്ടു വരുമായിരുന്നു. അവന്റെയടുത്ത് പുരുഷോത്തമന്‍ സര്‍ വരുബോള്‍ എനിക്കുണ്ടാകുന്ന പരുങ്ങലോടുകൂടിയ അസ്വസ്ഥത മാറുന്നത് കണക്കിന്റെ ശിവദാസന്‍ പിള്ള സര്‍ വരുമ്പോഴായിരുന്നു. ഇംഗ്‌ളീഷും കണക്കും ഒരുവക ശത്രുക്കളായിരുന്നുവെങ്കിലും ഞങ്ങള്‍ തമ്മില്‍ ക്രമേണ അടുത്തുകൊണ്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയാല്‍ ഞങ്ങള്‍ ജയിക്കുമെന്ന് സാറന്മാരും തമാശയ്ക്ക് പറയുമായിരുന്നു.
വന്ദേമാതരം ഹൈസ്‌കൂളിലേയ്ക്ക് നടന്നും ബസ്സിലും ചിലപ്പോള്‍ അദ്ധ്യാപകരുടെ മോട്ടോര്‍ ബൈക്കിനുമൊക്ക വന്നിരുന്ന ഏക വിദ്യാര്‍ത്ഥി ഞാനായിരുന്നു. സ്‌കൂള്‍ കഴിഞ്ഞു ബസ്സിനു കാത്തുനില്‍ക്കുമ്പോള്‍ ഞാന്‍ മാത്രമാകും. അങ്ങനെ ഒറ്റയാകുമ്പോള്‍ മിക്കപ്പോഴും ആ സ്‌കൂളില്‍ രാവിലെ ഏറ്റവും ആദ്യം വരുന്ന കുട്ടിയായ ലൂക്കാ അടുത്തുവന്ന് കുശലം പറയും. അങ്ങനെ പറഞ്ഞ് ഞങ്ങള്‍ ചിലപ്പോള്‍ അരീക്കരയ്ക്ക് നടക്കും. അവിടുന്ന് ഞാന്‍ നടന്നോ അടുത്ത വണ്ടിക്കോ ഉഴവൂര്‍ക്ക് പോകും. അവന്‍ അരീക്കരക്കാരനായിരുന്നു.
അവന്‍ ഉണ്ടായിരുന്നതുകൊണ്ടാണ് സ്‌കൂള്‍ വിട്ടശേഷം പലപ്പോഴും വീട്ടില്‍ പോകുന്ന അവസാനത്തെ കുട്ടി ഞാനാകാതിരുന്നത്. ലൂക്കായുടെ നിഷ്‌ക്കളങ്കമായ വശ്യപുഞ്ചിരിയും സൗമ്യമായ പെരുമാറ്റവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കെല്ലാവരും അവന്റെ വ്യക്തിത്വത്തിലും പഠിത്തത്തിലുള്ള സാമര്‍ത്ഥ്യത്തിലും ആകൃഷ്ടരായിരുന്നു. അവന്റെ സംസാരത്തില്‍നിന്നും അവന്റെ നിശ്ചയദാര്‍ഢ്യം വളരെ വ്യക്തമായിരുന്നു. പ്രതിബന്ധങ്ങളില്‍ തളരാതെ മുന്നേറുവാനുള്ള ഒരു വാഞ്ച അവനില്‍ രൂഢമൂലമായിരുന്നു.
ഞങ്ങളുടെ സൗഹൃദം വളര്‍ന്നു, ദിവസങ്ങള്‍ പെട്ടന്ന് പത്തു മാസമായി. എസ്.എസ്.എല്‍.സി പരീക്ഷ എത്തി. അപ്പോഴും ഓട്ടോഗ്രാഫ് എഴുതിക്കുന്ന വ്യാജേന എല്ലാ കുട്ടികളുമായി സൗഹൃദ സംഭാഷണത്തിനായി തിരക്ക് കൂട്ടിയിരുന്നു. അങ്ങനെ അവസാന പരീക്ഷയും കഴിഞ്ഞു, എന്നെ ഒരു വര്‍ഷം ഉള്‍ക്കൊണ്ട വന്ദേമാതിരം ഹൈസ്‌കൂളുമായും, ആ സ്‌കൂള്‍ തന്ന ഉറ്റ സുഹൃത്തായ ലൂക്കയുമായും പിരിഞ്ഞു. പിന്നെ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഉഴവൂര്‍ കോളേജില്‍ അവന്‍ എന്റെ രണ്ടു വര്‍ഷത്തെ സീനിയര്‍ ആയി.
പാടത്തു പണിയുന്ന സ്ത്രീകള്‍ തലയില്‍ വെയിലടിക്കാതെ തുണി കെട്ടുന്നമാതിരി ഒരുദിവസം ലൂക്കാ തലയില്‍ ഒരു തുണികെട്ടി ക്ലാസില്‍ വന്നു. അന്നത്തെ ഹിന്ദി അദ്ധ്യാപികയായ സിസ്റ്റര്‍ ജെയിംസിനു അത് തീരെ സഹിച്ചില്ല. സിസ്റ്റര്‍ അവനോടു കെട്ടഴിക്കണമെന്നും, കെട്ടഴിക്കാതെ ക്ലാസില്‍ ഇരിക്കുവാന്‍ അനുവദിക്കുകയില്ലെന്നും കര്‍ക്കശ നിര്‍ദേശം നല്‍കി. ക്ളാസിലെ കുട്ടികളുടെയെല്ലാം ചിരി ഉയര്‍ന്നു. ആ തുണി അഴിപ്പിക്കരുതെന്നു തന്നാല്‍ ആകുംവിധം അവന്‍ നല്ല മര്യാദക്കാരനായി സൗമ്യമായി പറഞ്ഞുവെങ്കിലും സിസ്റ്റര്‍ ജെയിംസ് തന്റെ നിര്‍ബന്ധബുദ്ധിയില്‍ മാറ്റം വരുത്തിയില്ല.
ഗത്യന്തരമില്ലാതെ അവന്‍ ആ തുണി മാറ്റി. അപ്പോഴാണ് സിസ്റ്ററും മറ്റു കുട്ടികളും അറിയുന്നത് അവന്‍ തല മൊട്ടയടിച്ചാണ് വന്നതെന്ന്. മുന്‍ ചിരി കൂട്ടച്ചിരിയായി ഉയര്‍ന്നു. തല കണ്ട മാത്രയില്‍ തുണി കെട്ടിക്കൊള്ളുവാന്‍ സിസ്റ്റര്‍ അനുവാദം കൊടുക്കുക മാത്രമല്ല, ആവശ്യപ്പെടുകയും നിര്‍ബന്ധിക്കുകയും ചെയ്തു. പാഞ്ചാലിശപഥം പോലെ അഴിച്ച തുണി കെട്ടുകയില്ലന്ന അവന്റെ നിശ്ചയദാര്‍ഢ്യത്തെ ആര്‍ക്കും തോല്പിക്കുവാനായില്ല.
അങ്ങനെ അവന്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അവന്‍ ‘മൊട്ടലൂക്കാ’ എന്ന അപരനാമത്തില്‍ അറിയപ്പെടുവാന്‍ തുടങ്ങി. കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു. സ്‌കൂളിലെ നടത്തം അവനെ അനുഗ്രഹിച്ചു. കേരള യൂണിവേഴ്‌സിറ്റിയുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ അവന്‍ ഒന്നാംസ്ഥാനം നേടിയത് ഉഴവൂര്‍ കോളേജിനു ഒരു പൊന്‍തൂവലായി. ഡിഗ്രി കഴിഞ്ഞ് അവന്‍ കാലാലയത്തില്‍നിന്നും പോയി. പിന്നീട് എന്റെ ഉറ്റ സ്‌കൂള്‍ കൂട്ടുകാരനായ ലൂക്കായെ പിന്നീട് കാണുന്നത് നീണ്ട 37 വര്‍ഷങ്ങള്‍ക്കുശേഷം ചിക്കാഗോയില്‍ വച്ചാണ്. അവനോടു മിണ്ടുമ്പോള്‍ പറയാനാവാത്ത ഒരു സന്തോഷം തോന്നുമായിരുന്നു.
വലിയൊരു ഇടവേളയ്ക്കുശേഷം ലൂക്കാ പാല സെന്റ് തോമസ് കോളേജില്‍ ഹിന്ദി പഠിക്കുവാനായി ചേര്‍ന്നു. അവിടെ കോളേജ് യൂണിയന്‍ ചെയര്‍മാനുമായി. പാല കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു കോട്ടയംകാരന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആകുന്നത്. ശേഷം നാളിതുവരെ ഒരു കോട്ടയംകാരന്‍ ആ സ്ഥാനത്ത് വന്നിട്ടില്ല, ഇനി വരുത്തുമെന്നും തോന്നുന്നില്ല. അവന്റെ വ്യക്തിപ്രഭാവവും ധൈര്യവും നിശ്ചയദാര്‍ഢ്യവും ആണ് അവനെ ആ സ്ഥാനത്തിന് അര്‍ഹനാക്കിയത്.
പാലാ കോളേജിലെ പഠനം പൂര്‍ത്തിയാക്കിയശേഷം ലൂക്ക കോട്ടയം ബി.സി.എം കോളേജില്‍ ഹിന്ദി അദ്ധ്യാപകനായി ചേര്‍ന്നു. അതിനുശേഷം അവനും ലൂക്ക് പുതിയകുന്നേല്‍ അച്ചനുമായി നടന്ന ഒരു തമാശ സംഭാഷണത്തില്‍ അവന്‍ അച്ചനോടു പറഞ്ഞ ഒരു വാചകം,”Water water everywhere, but no drop of water to drink” എന്നായിരുന്നു. അദ്ധ്യാപനത്തിനിടയില്‍ വിവാഹവും നടന്നു. ബി.സി.എമ്മല്‍നിന്നും അടുത്തൂണ്‍ പറ്റി അദ്ദേഹം അമേരിക്കയില്‍ കുടുംബസമേതം താമസിക്കവെയാണ് ഉഴവൂര്‍ കോളേജില്‍നിന്നും പിരിഞ്ഞശേഷം ഞങ്ങള്‍ ആദ്യമായി കാണുന്നത്.
അങ്ങനെ ഞങ്ങളുടെ സൗഹൃദം വീണ്ടും മൊട്ടിട്ടു വളര്‍ന്നു വരികെ അവന്‍ പല ബിസ്നസ് ആവശ്യങ്ങള്‍ക്കായി ചിക്കാഗോയില്‍ വരികയും ഞങ്ങള്‍ തമ്മില്‍ കൂടെക്കൂടെ കാണാറുമുണ്ടായിരുന്നു. അവന്‍ ഏറെ വിശ്വസിച്ച ഒരു ചിക്കാഗോക്കാരന്‍ അവനെ പൂര്‍ണ്ണമായും വഞ്ചിച്ചുവെന്നു വന്നപ്പോള്‍ ഒരു പോരാളിയുടെ കരുത്തോടെ ലൂക്കാ അവന്റെ വീട്ടിലേയ്ക്ക് പോയി. ലൂക്കായുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ 75 ശതമാനം വിശ്വാസവഞ്ചന മാറ്റിക്കൊടുത്തു. ബാക്കി അവനു വിട്ടുകളഞ്ഞു.
അതുപോലെ രാജക്കാട്ട്, മുല്ലക്കാനത്ത് സഹായിച്ചുകൊണ്ടിരുന്ന ഒരാളില്‍നിന്നും വളരെ തിക്തകമായ ഒരനുഭവം അവനുണ്ടായി. അതില്‍ ഏറെ പണനഷ്ടവും ഉണ്ടായി. അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് വേദനയോടെ അവന്‍ എന്നോട് പറഞ്ഞു. ഏതോ ഒരു സിനിമയില്‍ മഹാ നടന്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്… ”ചിലപ്പോള്‍ ആണുങ്ങള്‍ പുരുക്ഷത്വം തെളിയിച്ചുവെന്ന് കൂട്ടുകാരോട് വെറുതെ പറയും, എന്നാല്‍ ഒരു പെണ്ണ് ഒരിക്കലും അങ്ങനെ പറയിിറി…” എന്ന് പറഞ്ഞത് ഞാന്‍ പറഞ്ഞപ്പോള്‍ മൊട്ട പറഞ്ഞത്… ”അനുഭവം പലവിധമാണ് കരമ്യാലി…” എന്നാണ്. ഈ പ്രശ്‌നത്തെയും അവന്‍ തരണം ചെയ്തു. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ധാരണം ചെയ്തല്ലേ പറ്റൂ.
അമേരിക്കയില്‍ വന്ന് ലുക്കാ എന്നെ വിളിച്ച്, ”എട കരമ്യാലി, ഇത് ഞാനാ…” എന്ന് പറഞ്ഞപ്പോള്‍ അതിശയവും അതിലേറെ സന്തോഷവും തോന്നി. അമേരിക്കയില്‍ വന്നപ്പോള്‍ മുതല്‍ പലരെയും പോലെ തന്നെ അവനും എന്നെ കരമ്യാലി എന്നാണ് വിളിച്ചിരുന്നത്. ആ വിളി 2024 ഏപ്രില്‍ അവസാനം ഞങ്ങള്‍ കണ്ടുപിരിയുമ്പോഴും ഉണ്ടായിരുന്നു. ”രോഗം വരും, എന്നാല്‍ ഒരു രോഗത്തിനും എന്നെ കീഴ്‌പ്പെടുത്തുവാന്‍ ആവില്ല കരമ്യാലി…” എന്നതായിരുന്നു അവസാന വാചകങ്ങളില്‍ ഒന്ന്.
അദ്ധ്യാപന കാലത്ത് ഒരിക്കല്‍ അവനു അസുഖം മൂര്‍ച്ഛിച്ചതി നെതുടര്‍ന്ന് കാലം ചെയ്ത അഭി. കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്ത അവന് അന്ത്യകൂദാശ കൊടുക്കയും ചെയ്തു. അവിടുന്ന് പുഷ്പംപോലെ എണീറ്റുവന്നവനാണന്നു മുമ്പൊരിക്കല്‍ പറഞ്ഞത്അതിനുദാഹരണമായി ഞാനോര്‍ത്തു.
ഈ മാസം ആദ്യം ഞാന്‍ ലുക്കായെ വിളിച്ചപ്പോള്‍ ഭാര്യയാണ് ഫോണ്‍ എടുത്തത്. അവന്റെ രോഗാവസ്ഥയില്‍ മനോവ്യഥ ഉണ്ടായിരുന്നുവെങ്കിലും നല്ലത് ഏതെന്ന് അറിയായ്കയാല്‍ നല്ലത് വരട്ടെയെന്നു പറയുവാനെ പറ്റുമായിരുന്നുള്ളു. അത് ജീവിക്കുകയാണങ്കിലും മരിക്കുകയാണങ്കിലും. ഭാര്യയ്ക്കും മക്കള്‍ക്കും ശുശ്രുഷിക്കുവാന്‍ അവസരം കൊടുത്തും, അവരാല്‍ ശുശ്രുഷിക്കപ്പെടുവാന്‍ ഭാഗ്യവും ലൂക്കയ്ക്ക് ലഭിച്ചു. അങ്ങനെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ആഗ്രഹപ്രകാരം അവരുടെ താല്‍പര്യത്തോടെ സമ്പാദിച്ചതെല്ലാം ദരിദ്രര്‍ക്ക് ദാനമായി കൊടുത്തു. പലരെയും വിദ്യാഭ്യാസത്തിനായി സഹായിച്ചു. കൈയ്യില്‍ ഒന്നുമില്ലാതെ ലൂക്ക എന്നെന്നേയ്ക്കുമായി വിടചൊല്ലി.
മരണം വളരെ സുന്ദരമായ ഒരവസ്ഥയാണ്. Everything is beautiful at the end. If it is not beautiful, it is not the end. മരണം എന്ന ഒരവസ്ഥ ഉണ്ടെന്നറിയാമെന്നല്ലാതെ ലോകത്തിലുള്ള ആരും ആ അവസ്ഥ അനുഭവിച്ചിട്ടില്ല; അനുഭവിച്ചിട്ടുള്ളവര്‍ പറയുകയോ എഴുതിവയ്ക്കുകയോ ചെയ്തിട്ടുമില്ല. ഉണ്ടെന്നറിയാവുന്നതും എന്തെന്നറിയാത്തതു മരണം മാത്രമാണ്. പ്രിയ സുഹൃത്തെ, താങ്കളുടെ അവസാന വേര്‍പാട് ലൈവ് ആയി മുഴുവനും കണ്ടു. കരഞ്ഞില്ല. ആ വേര്‍പാട് ഒരു സ്വച്ഛന്ദ മരണം ആയിരുന്നുവെന്നു വിചാരിച്ചോട്ടെ പ്രിയ സുഹൃത്തെ. മൂത്ത മകന്‍, ഉണ്ണി ആചാരപ്രകാരം മുഖത്ത് പൊടി വീഴാതിരിക്കുവാന്‍ തൂവെള്ള തൂവാലയിട്ട് മുഖം എല്ലാവരില്‍നിന്നും എന്നന്നേയ്ക്കുമായി മറച്ചപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീണു. എന്റെ ആത്മാര്‍ത്ഥ കൂട്ടുകാരനു ഈ സഹപാഠിയുടെ അന്ത്യപ്രണാമം.