Sunday, December 22, 2024

HomeAmericaഅദാനി ഗ്രൂപ്പിനെതിരായ നിയമനടപടികൾ പ്രസിഡന്‍റിന്‍റെ അറിവോടെയെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

അദാനി ഗ്രൂപ്പിനെതിരായ നിയമനടപടികൾ പ്രസിഡന്‍റിന്‍റെ അറിവോടെയെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

spot_img
spot_img

വാഷിങ്ടൺ: അദാനി ഗ്രൂപ്പിനെതിരായ നിയമനടപടികൾ അമേരിക്കൻ പ്രസിഡന്‍റിന്‍റെ അറിവോടെയെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. നിയമലംഘകർക്ക് എതിരെ കർശന നടപടി തുടരുമെന്ന് അമേരിക്കൻ സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചെയ്ഞ്ച് കമ്മീഷൻ വ്യക്തമാക്കി. അദാനിയെ കൈമാറണമെന്ന അമേരിക്കൻ അഭ്യർത്ഥന വന്നാൽ അംഗീകരിക്കില്ലെന്ന് ഉന്നത വ്യത്തങ്ങൾ സൂചിപ്പിച്ചു. കേസിനെ തുടർന്ന് അദാനി ഓഹരി വില തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു.

സൗരോർജ്ജ പദ്ധതികൾക്ക് കരാർ കിട്ടാൻ ഇന്ത്യയിൽ അദാനി ഗ്രൂപ്പ് കൈക്കൂലി നല്കിയെന്ന കേസിൽ ശക്തമായി മുന്നോട്ടു പോകുമെന്ന സന്ദേശമാണ് അമേരിക്ക നൽകുന്നത്. യുഎസ് സെക്യൂരിറ്റി ആൻറ് എക്സ്ചേഞ്ച് കമ്മീഷൻ ആണ് നിയമ നടപടികൾ തുടങ്ങിയത്. നിയമലംഘകർക്ക് എതിരെ കർശന നിലപാട് തുടരുമെന്ന് കമ്മീഷന്റെ ഇന്ത്യൻ വംശജനായ എൻഫോഴ്സ്മെൻറ് ഡയറക്ടർ സഞ്ജയ് വാഡ്വ വ്യക്തമാക്കി. അദാനിക്കെതിരായ വാറണ്ടിനെക്കുറിച്ച് അറിയാമെന്ന വൈറ്റ് ഹൗസിൻറെ ആദ്യ പ്രതികരണവും പുറത്തു വന്നു. ഇന്ത്യ – അമേരിക്ക ബന്ധത്തെ ഇത് ബാധിക്കില്ലെന്നും പ്രശ്നം പരിഹരിച്ച് മുന്നോട്ടു പോകാനാകുമെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. 

അമേരിക്കയിൽ അന്വേഷണം മുറുകുമ്പോഴും ഇന്ത്യയിൽ നിയമനടപടിക്കുള്ള സാധ്യത മങ്ങുകയാണ്. 1750 കോടി ജഗൻമോഹൻ റെഡ്ഡിയുടെ കാലത്ത് അദാനി ആന്ധ്രപ്രദേശിൽ കൈക്കൂലി നൽകിയെന്നാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. എന്നാൽ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ എൻഡിഎ സഖ്യകക്ഷിയായ ടിഡിപി മൗനം തുടരുകയാണ്. അദാനിയെ കൈമാറണം എന്ന നിർദ്ദേശം അമേരിക്ക മുന്നോട്ടു വച്ചാലും അത് കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. 

ഇന്ത്യയിൽ സെബി അന്വേഷണം നടക്കുന്നത് ചൂണ്ടിക്കാട്ടിയാവും ഈ നീക്കത്തെ ചെറുക്കുക. ജെപിസി അന്വേഷണത്തിനുള്ള നീക്കം പാർലമെൻറിൽ കടുപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. ഗൗതം അദാനി നിലവിൽ കെനിയയിലാണെന്ന റിപ്പോർട്ടുകൾ ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ റിപ്പോർട്ടുകളോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments