ബെയ്ജിങ്: സർക്കാർ സംവിധാനം ഉടച്ചുവാർക്കാൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ച ഇലൺ മസ്ക്-വിവേക് രാമസ്വാമി ടീം ചൈനക്ക് കനത്ത ഭീഷണിയാണെന്ന് സർക്കാർ നയ ഉപദേഷ്ടാവ് യെങ് യോങ്നിയൻ. കാര്യക്ഷമതയുള്ള യു.എസ് ഭരണസംവിധാനം ചൈനക്കുമേൽ കടുത്ത സമ്മർദമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കുന്നതിടെയാണ് ചൈനീസ് യൂനിവേഴ്സിറ്റിയുടെ ഹോങ്കോങ് കാമ്പസ് ഡീൻകൂടിയായ യോങ്നിയൻ ഇങ്ങനെ അഭിപ്രായപ്പെട്ടതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചൈനക്ക് മാത്രമല്ല, യൂറോപ്പിനും സമ്മർദം നേരിടേണ്ടിവരും. ദീർഘകാലാടിസ്ഥാനത്തിൽ യു.എസിലെ മാറ്റങ്ങളിൽ നിന്നായിരിക്കാം ചൈനക്ക് ഏറ്റവും വലിയ സമ്മർദം നേരിടേണ്ടിവരിക. എന്നാൽ, ഭരണസംവിധാനത്തിൽ മസ്കിനെപോലുള്ള പ്രതിഭകൾ കൊണ്ടുവരുന്ന പരിഷ്കാരത്തെ വിലകുറച്ചുകാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ട്രംപ് ഭരണകൂടത്തിൽ സർക്കാർ കാര്യക്ഷമത വകുപ്പിന്റെ ചുമതലയാണ് വ്യവസായി ഇലൺ മസ്കും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും വഹിക്കുക. സർക്കാർ ജീവനക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറക്കുന്നതടക്കം നിരവധി പദ്ധതികളാണ് ഇവർ ആസൂത്രണം ചെയ്തിരിക്കുന്നത്.