ബെയ്റൂത്ത്: ഇസ്രായേൽ- ഹിസ്ബുല്ല സംഘർഷത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക രംഗത്തെത്തിയതോടെ ഹിസ്ബുല്ലയുമായി അറുപത് ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങിയിരിക്കുകയാണ് ഇസ്രയേൽ. വെടിനിർത്തലിന് ഇരു കൂട്ടരും തയ്യാറായതായാണ് റിപ്പോർട്ട്. ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന തെക്കൻ ലെബനോനിലെ മുപ്പതു കിലോമീറ്റർ മേഖലയിൽ നിന്ന് ഹിസ്ബുല്ലയും പിന്മാറും എന്നിവയാണ് കരാറിലെ മുഖ്യ നിബന്ധനകൾ. അമേരിക്കയുടെ മധ്യസ്ഥതയിലാണ് കരാർ.
അതേസമയം, കരാർ ഇരുപക്ഷവും പാലിക്കുന്നു എന്നുറപ്പാക്കാൻ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികൾ അടങ്ങിയ നിരീക്ഷണ സമിതി ഉണ്ടാക്കും. കരാറിന് ഇന്ന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ് തയാറാക്കിയ വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് പ്രതിനിധി ലബനോനും ഇസ്രയേലും സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഹിസ്ബുല്ലയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. സംഘർഷം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശം ഇസ്രായേൽ താത്കാലികമായി അംഗീകരിച്ചുവെന്നും കരാറിനെ കുറിച്ച് നെതന്യാഹു ആലോചനകൾ തുടരുന്നതായും സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് വെടിനിർത്തൽ 60 ദിവസത്തേക്ക് നിർത്തുന്നതായുള്ള റിപ്പോർട്ട് സ്ഥിരീകരിക്കുന്നത്.