Tuesday, December 17, 2024

HomeAmericaനവംബര്‍ 28: താങ്ക്‌സ് ഗിവിങ് ഡേ; ഏവര്‍ക്കും എല്ലാറ്റിനും ഒരായിരം നന്ദി…

നവംബര്‍ 28: താങ്ക്‌സ് ഗിവിങ് ഡേ; ഏവര്‍ക്കും എല്ലാറ്റിനും ഒരായിരം നന്ദി…

spot_img
spot_img

എ.എസ് ശ്രീകുമാര്‍

സുഖദുഖ സമ്മിശ്രമായ ഈ സ്വപ്ന ജീവിത യാത്രയില്‍ നമുക്കുമേല്‍ സര്‍വശക്തനാല്‍ ചൊരിയപ്പെട്ട നന്മകള്‍ക്കും ഉപകാരങ്ങള്‍ക്കും പരിരക്ഷയ്ക്കും നമ്രശിരസോടെ, നന്ദിയെഴുന്ന മനസ്സോടെ ഓര്‍ക്കാനൊരു ദിനം…അതാണ് നവംബര്‍ മാസത്തിലെ നാലാം വ്യാഴം. വിളവെടുപ്പിന്റെ നാളുകള്‍ക്ക് മിഴിവേകുന്ന ആ വ്യാഴം ഇക്കുറി 28-ാം തീയതിയാണ്.

അന്ന് നാം ‘താങ്ക്‌സ് ഗിവിംഗ് ഡേ’ പരമ്പരാഗത ഉത്സവ തിമിര്‍പ്പോടെ സമുചിതമായി കൊണ്ടാടുന്നു. ‘ഒന്നും എന്റെ മിടുക്കല്ല, എല്ലാം അവന്റെ കാരുണ്യമാണ്’ എന്ന വിശ്വാസദീപ്തമായ, വിനയത്തിന്റെ പാഠം ഇവിടെ സ്മരിക്കപ്പെടുന്നു. ദൈവം നല്‍കിയ സമൃദ്ധിയുടെ കൊഴുപ്പേറിയ ഇന്നലെകള്‍ക്ക് ആണ്ടുവട്ടത്തിലൊരിക്കല്‍ മനുഷ്യന്‍ അങ്ങനെ വന്ദനോപചാരമര്‍പ്പിക്കുകയാണ്… ഇതാ ചരിത്രപ്പഴമയിലേയ്ക്കുള്ള പിന്‍മടക്കം…

പതിനഞ്ചാം നൂറ്റാണ്ടിലെ അമേരിക്കന്‍ മിത്തിലും, ചരിത്രസത്യത്തിന്റെ കടല്‍യാനങ്ങള്‍ അടുത്ത കുടിയേറ്റത്തിന്റെ ശാദ്വലതീരത്തുമായിരിക്കും, ഈ ഉപകാര സ്മരണാദിനാചരണത്തിന്റെ ഉറവിടം തേടുമ്പോള്‍ നാം ചെന്നെത്തുന്നത് എന്നറിയുക. സങ്കല്പയാനത്തില്‍ നമുക്ക് ആ പ്രാക്തന ചരിത്രതീരത്തേക്കൊന്നു തുഴയെറിഞ്ഞു പോകാം.

1586 ഡിസംബര്‍ മാസത്തിലെ കുളിരാര്‍ന്ന ഒരു സായം സന്ധ്യ. കൊടുംകാടിന്റെ വന്യതയില്‍ നഗ്നരും കരുത്തരുമായ റെഡ് ഇന്ത്യന്‍ ഗോത്രക്കാര്‍, പരിഷ്‌കൃത ലോകത്തുനിന്നവിടെ എത്തിയ വെളുത്ത മനുഷ്യര്‍ക്കെതിരെ പ്രയോഗിക്കാനായി കുന്തത്തലപ്പുകള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു. ചെമ്മണ്ണ് വാരിപ്പൂശിയ അവരുടെ ശരീരവും കഴുകന്‍ തൂവലുകള്‍ കൊണ്ടുണ്ടാക്കിയ തലപ്പാവുകളും പുലിനഖമാലകളും കാട്ടാള സംസ്‌കാരത്തിന്റെ പൈശാചികഭാവങ്ങള്‍ പ്രകടമാക്കിയിരുന്നു.

അപ്പോള്‍, അമേരിക്കന്‍ തീരത്ത് പായ്ക്കപ്പലിറങ്ങിയ ഇംഗ്ലണ്ടില്‍ നിന്നുള്ള ആദ്യ കുടിയേറ്റക്കാര്‍ താത്ക്കാലിക കുടിലുകളിലിരുന്ന് ഭാവിപദ്ധതികള്‍ വ്യക്തമായി പ്ലാന്‍ ചെയ്യുകയായിരുന്നു. അചഞ്ചലമായ ആത്മവിശ്വാസം മാത്രമായിരുന്നു ആ ചെറു സംഘാംഗങ്ങളുടെ കൈമുതല്‍. അവര്‍ അതിജീവനത്തിനായി കാട് വെട്ടിത്തെളിക്കാന്‍ തുടങ്ങി.

ആദ്യത്തെ മരച്ചുവട്ടില്‍ ഇരുമ്പു മഴു വീണപ്പോള്‍ തന്നെ ആര്‍ത്തിരമ്പിയെത്തിയ ഗോത്രശക്തികള്‍ കുടിയേറ്റക്കാര്‍ക്കു നേരെ ശരവര്‍ഷം ചൊരിഞ്ഞു. ഈ ആക്രമണത്തിന് നവാഗതര്‍ മറുപടി നല്‍കിയത് തോക്കുകള്‍ കൊണ്ടായിരുന്നു. ഇടിവെട്ട് ശബ്ദവും മിന്നവെളിച്ചവുമുണ്ടാക്കുന്ന പരിചിതമല്ലാത്ത ആയുധങ്ങള്‍ കാട്ടുവാസികളെ വല്ലാതെ ഭയപ്പെടുത്തി.

ഉള്‍ക്കാട്ടില്‍ ഓടിമറഞ്ഞ അവര്‍ പടയ്ക്ക് കോപ്പു കൂട്ടി, പിന്നെ പൂര്‍വാധികം ശക്തയോടെ തിരിച്ചടിച്ചു തുടങ്ങി. കുടിയറ്റക്കാര്‍ക്ക് അധികനാള്‍ പിടിച്ചുനില്‍ക്കാനായില്ല. കാട്ടുമൃഗങ്ങളുടെ ശല്യവും മലമ്പനിയും കൂടിയായതോടെ അവര്‍ പതുക്കെി കഥാവശേഷരായിത്തുടങ്ങി. പിന്നാലെ എത്തിയ സംഘങ്ങള്‍ക്കും ഇതു തന്നെയായിരുന്നു ഗതി. ഇംഗ്ലീഷ് ദമ്പതികള്‍ക്ക് പുതുലോകമായ അമേരിക്കന്‍ മണ്ണില്‍ 1587 ഓഗസ്റ്റ് 18-ന് പിറന്ന ആദ്യ സന്താനമായ വെര്‍ജീനിയ ഡയറും ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചു വെര്‍ജീനിയയുടെ ജീവിത കഥ ഇവിടെ സ്മരിക്കപ്പെടേണ്ടതുണ്ട്.

റൊവനോകെ കോളനി (ഇന്നത്തെ നോര്‍ത്ത് കരേലിന)യിലായിരുന്നു വെര്‍ജീനിയ ജനിച്ചത്. എലിയാനോര്‍, അനാനിയസ് ഡയര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. വളരെ കുറച്ചുകാലം മാത്രമേ വെര്‍ജീനിയ ജീവിച്ചുള്ളു. ഈ മിടുക്കിയുടെ അന്ത്യം ദുരൂഹമായി തുടരുന്നു. വെര്‍ജീനിയയുടെ മുത്തച്ഛന്‍ ജോണ്‍ വൈറ്റ് കുടിയേറ്റ സംഘത്തിന്റെ ഗവര്‍ണറായിരുന്നു. ഇദ്ദേഹം 1587-ല്‍ തന്നെ പൊതു ആവശ്യത്തിനു വേണ്ടിയുള്ള സാധനങ്ങള്‍ കൊണ്ടുവരാനായി ഇംഗ്ലണ്ടിലേക്കു മടങ്ങി.

എന്നാല്‍ ഇംഗ്ലണ്ടും സ്‌പെയിനും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് 1590-ല്‍ വെര്‍ജീനിയയുടെ മൂന്നാം ജന്മദിനവേളയില്‍ മാത്രമാണ് ഇദ്ദേഹം തിരിച്ചെത്തിയത്. പക്ഷേ, കോളനിക്കാരെല്ലാം അപ്രത്യക്ഷമായിരുന്നു, അവരുടെ വീടുകളെല്ലാം ഇടിഞ്ഞുതകര്‍ന്നു പോയിരുന്നു. തന്റെ പേരക്കുട്ടിയുടെ മാത്രമല്ല, 90 പുരുഷന്മാരുടെയും 17 സ്ത്രീകളുടെയും 11 കുട്ടികളുടെയും മുഖം ഒരിക്കല്‍ക്കൂടി കാണാന്‍ ജോണ്‍ വൈറ്റിന് കഴിഞ്ഞിരുന്നില്ല. അതാണ് ‘ലോസ്റ്റ് കോളനി’യുടെ ദു:ഖം.

വെര്‍ജീനിയയില്‍ പിറന്ന ആദ്യ ക്രിസ്ത്യന്‍ എന്നതുകൊണ്ട് വെര്‍ജീനിയ ഡയര്‍ എന്ന് പേരിട്ടു. കഴിഞ്ഞ 400 വര്‍ഷമായി വെര്‍ജീനിയ ഡയര്‍ അമേരിക്കന്‍ പുരാണങ്ങളിലും നാടോടിക്കഥകളിലും നിറഞ്ഞു നില്ക്കുന്ന കഥാപാത്രമാണ്. പലതിന്റെയും പ്രതീകമാണവള്‍. കഥകളിലും കവിതകളിലും ടെലിവിഷന്‍ പരിപാടികളിലും ചലച്ചിത്രങ്ങളിലുമൊക്കെയായി വെര്‍ജീനിയ ഒരു ചിത്രശലഭത്തെപ്പോലെ ആസ്വാദക ലോകത്ത് അദൃശ്യമായി ജീവിക്കുന്നു. വെര്‍ജീനിയയോടുള്ള ആദരസൂചകമായി നോര്‍ത്ത് കരോലിനയില്‍ ആ പേരില്‍ വിവിധ സ്ഥലങ്ങള്‍ ഉണ്ട്.

പുതുലോകത്തെ പ്രതികൂല സാഹചര്യങ്ങള്‍ ഇംഗ്ലീഷുകാരുടെ മനോവീര്യം കെടുത്തിയില്ല. ഇംഗ്ലണ്ടില്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയോടെ തൊഴില്‍രഹിതരായിത്തീര്‍ന്ന കര്‍ഷക ജനതയ്ക്ക് കുടിയേറ്റമല്ലാതെ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. 1607 മെയ് മാസത്തില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ന്യൂ പോര്‍ട്ടിന്റെ നേതൃത്വത്തില്‍ സംഘടിത കുടിയേറ്റം നടത്തി. തീര്‍ത്ഥാടകര്‍ (തീര്‍ത്ഥാടക പിതാക്കന്മാരെന്ന്-പ്രില്‍ഗ്രിം ഫാദേഴ്‌സ്- ഇംഗ്ലണ്ടില്‍ അറിയപ്പെടുന്നു)താവളമുറപ്പിച്ച സ്ഥലത്തിന് തെംസ് ടൗണ്‍ എന്ന പേര് ലഭിച്ചു. ഇംഗ്ലണ്ടിലെ സഭയില്‍ നിന്ന് തെന്നി മാറിയ സെപ്പറേറ്റിസ്റ്റ് വിഭാഗത്തില്‍പ്പെടുന്നവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും.

പിന്നീട് 1620 സെപ്റ്റംബറില്‍ ആദ്യം ഇംഗ്ലണ്ടിലെ സഭയുടെയും തുടര്‍ന്ന് ആംഗ്ലിക്കന്‍ സഭയുടെയും ഔദ്യോഗിക ശത്രുക്കളായി കരുതപ്പെട്ടിരുന്ന പ്യൂരിറ്റന്‍സ് തീര്‍ത്ഥാടകര്‍ക്കൊപ്പം മേഫ്‌ളവര്‍ എന്ന കപ്പലില്‍ പ്ലിമത്ത് എന്ന സ്ഥലത്തെത്തി. 1921-ലെ ആദ്യ മഴക്കാലത്ത് കുടിയേറ്റക്കാരില്‍ പലരും മരിച്ചു. തുടര്‍ന്ന് തദ്ദേശീയരുമായി സഹകരിച്ച് അവര്‍ കൃഷി ചെയ്തു. ധാന്യങ്ങളും മത്തങ്ങയും മറ്റും കൃഷി ചെയ്യാന്‍ തദ്ദേശീയര്‍ കുടിയേറ്റക്കാരെ പഠിപ്പിച്ചു. കൃഷി വന്‍ വിജയമായിരുന്നു. നല്ല വിളവ് കിട്ടി.

ഈ വിളവെടുപ്പിന്റെ ഉഗ്രവിജയത്തിന് നന്ദി പറയാന്‍ അവര്‍ ഒത്തുകൂടി, അങ്ങനെ അത് ഉപകാരസ്മരണാദിനമായി. അവര്‍ ഒന്നിച്ച് ദൈവത്തിന്റെ ഈ ദിവ്യദാനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ടര്‍ക്കിയും മാനിറച്ചിയും ധാന്യങ്ങളും പച്ചക്കറികളുമൊക്കെ ഒരുക്കി അവര്‍ ആ ദിനം വിപുലമായി ആഘോഷിച്ചു. നവംബറിലെ വിളവെടുപ്പ് വിജയം ആഘോഷിക്കാനായി അന്നത്തെ ഗവര്‍ണര്‍ വില്യം ബ്രാഡ് ഫോര്‍ഡ് ഒരു കല്പന പുറപ്പെടുവിക്കുകയും ചെയ്തു. സദ്യവട്ടങ്ങളോടു കൂടിയ മൂന്നു ദിവസത്തെ ആഘോഷമാണ് അമേരിക്കയിലെ ആദ്യ അനൗദ്യോഗിക താങ്ക്‌സ് ഗിവിംഗ് ആയി അറിയപ്പെടുന്നത്.

ഉപകാരസ്മരണയ്ക്കായി ഒരു ദിനം മാറ്റിവെയ്ക്കാനുള്ള ആശയമുരുത്തിരിഞ്ഞത് അമേരിക്കയില്‍ നിന്നല്ലെന്നും പുരാതനകാലത്ത് യൂറോപ്പില്‍ അത്തരമൊരു ആചാരം നിലനിന്നിരുന്നുവെന്നും പറയപ്പെടുന്നു. മസാച്ച്‌സെറ്റ്‌സിലെ പ്യൂരിറ്റന്‍ വിഭാഗം ക്രിസ്ത്യന്‍ ഉത്സവം എന്ന നിലയ്ക്ക് ക്രിസ്തുമസ് ആഘോഷിക്കില്ലായിരുന്നു. റോഡെ ദ്വീപിലല്ലാതെ മറ്റൊരു ഇംഗ്ലീഷ് കോളനികളിലും പ്യൂരിറ്റന്‍സും പ്രില്‍ഗ്രിം ഫാദേഴ്‌സും ഉണ്ടായിരുന്നില്ല.

അതിനാല്‍ ക്രിസ്തുമസ് ആഘോഷിച്ചില്ല. പ്യൂരിറ്റന്‍സിലെ ഓര്‍ത്തഡോക്‌സ് വിഭാഗം ഇതിനു പകരം ആഘോഷിച്ചത് ഉപകാര സ്മരണാദിനമാണ്. അതിനാല്‍ തന്നെ ഇതൊരു മതാനുഷ്ഠാനമായി കണക്കാക്കിയിരുന്നില്ല. ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളില്‍ സമൃദ്ധമായ ഭക്ഷണം കഴിക്കല്‍ തന്നെയായിരുന്നു മുഖ്യ അജണ്ട.

പതിനേഴാം നൂറ്റാണ്ട് അവസാനിക്കുന്നതിനു മുമ്പേ കണക്റ്റിക്കട്ടിലും മസാച്ച്‌സെറ്റ്‌സിലും ഇത് അവധിദിനമായി. തുടര്‍ന്ന് മറ്റിടങ്ങളിലേക്കു വ്യാപിച്ചു. പല കോളനികളിലും പല ഡേറ്റുകളിലായിരുന്നു ആഘോഷമെങ്കിലും എല്ലായിടത്തും വ്യാഴാഴ്ച ദിവസത്തിലായിരുന്നു എന്ന പ്രത്യേകതയുണ്ടായിരുന്നു. താങ്ക്‌സ് ഗിവിംഗ് ഡേ ഒരു ഉറച്ച അനുഷ്ഠാനമായി വടക്കോട്ട് പടര്‍ന്നപ്പോള്‍ ഓരോ സംസ്ഥാന ഗവര്‍ണര്‍മാരും ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.

1840-ല്‍ ‘ഗോഡേസ് ലേഡീസ് ബുക്ക്’ എന്ന മാഗസിന്റെ എഡിറ്ററായിരുന്ന സാറ ജോസഫ് ഹാലെ തന്റെ ലേഖനത്തിലൂടെ താങ്ക്‌സ് ഗിവിംഗ് ഡേ ദേശീയ അവധി ദിനമായി പ്രഖ്യാപിച്ച് രാജ്യമൊട്ടാകെ ഒരേ ദിവസം ആചരിക്കണമെന്ന് ആവശ്യപ്പെട്ടു. നവംബറിലെ അവസാന വ്യാഴാഴ്ച ഇതിനായി തിരഞ്ഞെടുക്കണമെന്ന് ചൂണ്ടിക്കാട്ടി അവര്‍ കാംപെയ്ന്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ആഭ്യന്തര യുദ്ധസമയത്ത് 1863 സെപ്റ്റംബര്‍ 18-ാം തീയതി സാറ, പ്രസിഡന്റ് എബ്രഹാം ലിങ്കണ് ഇത് സംബന്ധിച്ച് കത്തെഴുതി. ഒക്‌ടോബര്‍ മൂന്നിന് ലിങ്കണ്‍ അമേരിക്കക്കാരോട് എല്ലാ നവംബര്‍ മാസത്തിലെയും അവസാന വ്യാഴാഴ്ച താങ്ക്‌സ് ഗിവിംഗ് ആയി ആഘോഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിളംബരം നടത്തി.

ഇതിനുശേഷം ലിങ്കന്റെ പിന്‍ഗാമികള്‍ ഓരോ വര്‍ഷവും വിളംബരം നടത്തി ഉപകാരസ്മരണാദിനം ഏകീകരിച്ചു. 1941-ല്‍ പ്രസിഡന്റ് റൂസ് വെല്‍റ്റിന്റെ അനുമതിയോടെ കോണ്‍ഗ്രസ്, സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തിലൂടെ നവംബറിലെ നാലാം വ്യാഴാഴ്ച താങ്ക്‌സ് ഗിവിംഗ് ഡേ ആയി അംഗീകരിച്ചു.

ചരിത്രപരമായി നോക്കുകയാണെങ്കില്‍ താങ്ക്‌സ് ഗിവിംഗ് ഡേയ്ക്ക് മതാതിഷ്ഠിതവും സാംസ്‌കാരികപരവുമായ പാരമ്പര്യത്തിന്റെ വേരുകളുണ്ട്. എന്നാല്‍ ഈ ദിനം ഒരു മതേതര ആഘോഷത്തിന്റെ ഹോളിഡേ ആണ്. നന്ദി സൂചകമായ പ്രാര്‍ത്ഥനകളും മറ്റ് വര്‍ണാഭമായ ചടങ്ങുകളും എല്ലാ മതസ്ഥരും പുരാണകാലത്തെപ്പോലെ വിളവെടുപ്പിനു ശേഷം ഇന്നും നടത്തുന്നു.

ബന്ധുമിത്രാദികളുടെ കൂട്ടായ്മയുടെ വേദിയായാണ് ആഘോഷത്തെ എല്ലാവരും കാണുന്നത്. അതേ സമയം പരിഹാസ്യമായ രീതിയില്‍ അമിത ഭക്ഷണം കഴിക്കുകയും വീടുകളെല്ലാം ഉണങ്ങിയ ധാന്യമുള്ളുകള്‍ കൊണ്ട് പ്രതീകാത്മകമായി അലങ്കരിക്കുകയും ചെയ്യുന്നു. പഴയ അമേരിക്കന്‍ ഗോത്രവര്‍ഗക്കാരുടെയും കുടിയേറ്റ തീര്‍ഥാടകരുടെയുമൊക്കെ വേഷമണിഞ്ഞ് സ്‌ക്കൂള്‍ കുട്ടികള്‍ ചരിത്രപ്പഴമയിലേക്ക് നാടകീയമായി സഞ്ചരിക്കുകയും ചെയ്യും.

ആഘോഷം കുടുംബ ഐക്യത്തിന്റെയും ദേശീയ അഖണ്ഡതയുടെയും കാഹളമൂതുമ്പോള്‍, കേവല മനുഷ്യരായ നമ്മുടെ മേല്‍ ദൈവത്തിന്റെ അത്ഭുതകരങ്ങളാല്‍ ചൊരിയപ്പെടുന്ന അനുഗ്രഹങ്ങള്‍ക്കും ദിവ്യദാനങ്ങള്‍ക്കുമെല്ലാം എളിമയാര്‍ന്ന മനസുകൊണ്ടും നൈര്‍മല്യത്തിന്റെ ഹൃദയത്താലും ആത്മീയതയുടെ ശക്തിയിലും കൃതജ്ഞതയുടെ നറുമലരുകളര്‍പ്പിക്കാം…

”ഹാപ്പി താങ്ക്‌സ് ഗിവിങ് ഡേ…”

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments