വാഷിങ്ടണ്‍, ഡിസി: കരുത്ത് ചോര്‍ന്നുപോകാതെ പോരാട്ടം തുടരാനായി അനുയായികള്‍ക്ക് കമലാഹിരിസിന്റെ വീഡിയോ സന്ദേശം. യുഎസ് വൈസ് പ്രസിഡന്റും തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്ന കമലാ ഹാരിസിനെ പിന്തള്ളി ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലാണ് കമല എക്‌സില്‍ ഒരു ഹ്രസ്വവീഡിയോ പോസ്റ്റ് ചെയ്തത്. നവംബര്‍ അഞ്ചിന് മുമ്പുവരെ എങ്ങനെയായിരുന്നോ പ്രവര്‍ത്തിച്ചിരുന്നത് അതുതുടര്‍ന്നും പ്രാവര്‍ത്തികമാക്കാനുള്ള ശക്തിയും ഊര്‍ജവും ഇപ്പോഴും പ്രവര്‍ത്തകരില്‍ ഉണ്ടെന്ന് കമല പാര്‍ട്ടി അനുഭാവികളെ ഓര്‍മിപ്പിച്ചു.
‘ഒരു കാര്യം നിങ്ങളെ ഓര്‍മപ്പെടുത്തുകയാണ്. നിങ്ങള്‍ക്കുള്ളിലെ കരുത്ത് കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിച്ചുകൂടാ. നവംബര്‍ അഞ്ചുവരെ നിങ്ങള്‍ക്കുണ്ടായിരുന്ന ആ കരുത്ത് നിങ്ങള്‍ക്കൊപ്പമുണ്ട്, ഒരേ ലക്ഷ്യത്തിനായി ഒന്നിക്കുകയും ചെയ്തിട്ടുണ്ട്. പ്രചോദിപ്പിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് നിങ്ങളിലുണ്ട്. അതുകൊണ്ട് നിങ്ങളിലെ കരുത്ത് കവര്‍ന്നെടുക്കാന്‍ ആരെയും, ഒരു സാഹചര്യത്തെയും ഒരിക്കലും അനുവദിക്കരുത്’ എന്നായിരുന്നു കമലയുടെ വീഡിയോ സന്ദേശം.
നവംബര്‍ ആറിന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ കമല പരോക്ഷമായി ട്രംപിന്റെ വിജയം അംഗീകരിച്ചിരുന്നുവെങ്കിലും തന്റെ അനുയായികളോട് യുദ്ധം തുടരാനായിരുന്നു ആഹ്വാനം ചെയ്തത്. ആ വീഡിയോ പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നെങ്കില്‍ ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്ത വീഡിയോ ഒരു മിനിറ്റില്‍ താഴെയേ ദൈര്‍ഘ്യമുണ്ടായിരുന്നുള്ളൂ. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ ആറു മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. കമലയുടെ പെട്ടെന്നുള്ള സന്ദേശത്തിനുപിന്നിലെ പ്രചോദനത്തെക്കുറിച്ചാണ് പിന്നീട് സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്.
കമലാഹാരിസിന്റെ വീഡിയോ സന്ദേശം നിമിഷങ്ങള്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ കുതിപ്പുണ്ടാക്കി. അതേസമയം നിരവധി പേര്‍ ഇതിനെ ‘തമാശ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്. കമലാ ഹാരിസിനെപ്പോലൊരാള്‍ സാമൂഹികമാധ്യമത്തിലൂടെ എന്തിനാണ് ഇത്തരത്തിലൊരു സന്ദേശം അയച്ചതെന്നായിരുന്നു വീഡിയോ കണ്ടവരില്‍ ചിലരുടെ പ്രതികരണം.’ഇതൊരു തമാശയാണോ, അസഹനീയമായ വീഡിയോ’ എന്നായിരുന്നു എക്‌സ് ഉപഭോക്താവായ യെക്‌സ് എന്നയാള്‍ പ്രതികരിച്ചത്. അതേ സമയം The Joy Is Gone എന്നായിരുന്നു പ്രിന്‍സ് വില്യം കൗണ്ടിയിലെ റിപ്പബ്ലിക്കന്‍ കമ്മറ്റി തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമത്തിലൂടെ കമലയുടെ വീഡിയോയ്‌ക്കെതിരെ പ്രതികരിച്ചത്.