ന്യൂജേഴ്‌സി: ഊബർ ഈറ്റ്‌സ് വഴി ഭക്ഷണം ഓർഡർ ചെയ്ത സ്ത്രീക്ക് ലഭിച്ചത് കഞ്ചാവ്. കാംഡൻ കൗണ്ടിയിലെ വാഷിംഗ്ടൺ ടൗൺഷിപ്പിലാണ് സംഭവം. ബറീറ്റോ എന്ന വിഭവം ഓർഡർ ചെയ്ത വനിതാ ഡ്രൈവർക്കാണ് പകരം കഞ്ചാവ് ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ ഊബർ ഈറ്റ്‌സ് വഴി ബറീറ്റോ ഓർഡർ ചെയ്തത്.
ബറീറ്റോ, സൂപ്പ്, വാട്ടർ ബോട്ടിൽ എന്നിവയായിരുന്നു ഓർഡർ ചെയ്തിരുന്നത്. എന്നാൽ ഭക്ഷണ പാക്കറ്റിൽ അസാധാരണമായ മണം ശ്രദ്ധയിൽ പെട്ടു. ബറീറ്റോ പൊതിയുന്നതിന് സമാനമായാണ് കഞ്ചാവും പൊതിഞ്ഞിരുന്നത്. തുടർന്ന് വനിതാ ഡ്രൈവർ പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഊബർ ഈറ്റ്‌സ് ഡെലിവറി സംവിധാനം ദുരുപയോഗം ചെയ്ത് മയക്കുമരുന്നുകൾ കൈമാറ്റം നടക്കുന്നതായി പൊലീസ് പറഞ്ഞു. മരുന്ന്, ലഹരിപദാർത്ഥങ്ങൾ, മദ്യം എന്നിവ ഡെലിവറി ചെയ്യുന്നത് ഊബർ ഈറ്റ്‌സിന്റെ നയപ്രകാരം നിയമവിരുദ്ധമാണ്. സംഭവം കൃത്യമായി അധികൃതരെ അറിയിച്ച വനിതാ ഡ്രൈവറെ ഊബർ ഈറ്റ്‌സ് അഭിനന്ദിച്ചു. സംശയാസ്പദമായ ഡെലിവറികൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് മറ്റ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.