വാഷിങ്ടൺ: ചരിത്ര വിജയം നേടിയാണ് ഡോണൾഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. 20ന് അമേരിക്കയുടെ 47ാം പ്രസിഡന്റായി ട്രംപ് അധികാരമേൽക്കും. ഇതിനിടെയാണ് വിദേശ വിദ്യാർഥികൾക്ക് യു.എസ് സർവകലാശാലയുടെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരിക്കുന്നത്. ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പായി കാമ്പസിൽ തിരിച്ചെത്തണമെന്നാണ് സന്ദേശം.
അധികാരത്തിൽ തിരിച്ചെത്തിയാൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ നടപ്പാക്കുമെന്ന് ട്രംപ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ട്രംപ് വരുന്നതോടെ വിസ നിയമങ്ങളും പരിശോധനകളും കടുപ്പിക്കുകയും അനധികൃത കൂടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. ട്രംപിന്‍റെ തിരിച്ചുവരവ് സർവകലാശാല അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിദ്യാർഥികളോട് ശൈത്യകാല അവധി ഒഴിവാക്കി ജനുവരി പകുതിക്കു മുമ്പായി രാജ്യത്ത് തിരിച്ചെത്താൻ സർവകലാശാലകൾ നിർദേശം നൽകിയത്. ഇതിനകം നിരവധി സർവകലാശാലകളാണ് കാമ്പസിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ട് വിദേശ വിദ്യാർഥികൾക്ക് ഇ-മെയിൽ സന്ദേശം അയച്ചത്.
സാധുവായ വിസയുണ്ടെങ്കിലും പരീക്ഷണത്തിന് തയാറാകേണ്ടെന്നാണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞവർഷം അമേരിക്കയിൽ എത്തുന്ന വിദേശ വിദ്യാർഥികളിൽ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. 2023നും 2024നും ഇടയിൽ 3.3 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിൽ പഠനത്തിനെത്തിയത്. ഈ കാലയളവിൽ 2.7 ലക്ഷം ചൈനീസ് വിദ്യാർഥികളാണ് എത്തിയത്. വിദ്യാർഥികൾ നേരത്തെ എത്താനായി പല സർവകലാശാലകളും അക്കാദമിക് കലണ്ടറിലും മാറ്റം വരുത്തിയിട്ടുണ്ട്.