Tuesday, December 24, 2024

HomeAmericaജീവകാരുണ്യ സംഘടന എക്കോയുടെ വാർഷിക ഡിന്നറും അവാർഡ് ദാനവും ഡിസംബർ 4 ശനിയാഴ്ച

ജീവകാരുണ്യ സംഘടന എക്കോയുടെ വാർഷിക ഡിന്നറും അവാർഡ് ദാനവും ഡിസംബർ 4 ശനിയാഴ്ച

spot_img
spot_img

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക് : 2013-ൽ സ്ഥാപിതമായി ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവച്ച ന്യൂയോർക്കിലെ ചാരിറ്റി സംഘടനയായ ECHO (Enhance Community Through Harmonious Outreach) -യുടെ 2021-ലെ വാർഷിക ആഘോഷവും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും ഏർപ്പെടുത്തിയ അവാർഡ് ദാനവും 4-നു ശനിയാഴ്ച്ച വൈകിട്ട് 6 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ ഹോട്ടലിൽവച്ചു നടത്തപ്പെടുന്നു. വാർഷിക ആഘോഷത്തിൽ എക്കോ കുടുംബാംഗങ്ങളും സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളും പങ്കെടുക്കുന്നു. ന്യൂയോർക്കിലെ ഈസ്റ്റ് ഹില്ലിലുള്ള ബ്ലൂ ഓഷൻ വെൽത് സൊലൂഷൻസിലെ സി.ഈ.ഓ.-യും മാനേജിങ് പാർട്ണറുമായ ഫ്രാങ്ക് സ്‌കലേസ് അന്നേ ദിവസത്തെ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു.

പ്രകൃതി ദുരന്തത്താലും ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങളാലും കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ജനങ്ങൾക്ക് തങ്ങളാലാകുന്ന സഹായം ചെയ്യൂന്നതിന് തല്പരരായ ഏതാനും വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ കൂട്ടായി ചേർന്ന് ന്യൂയോർക്കിൽ രൂപീകരിച്ച് 501(c)(3) നോൺ പ്രോഫിറ്റ് ചാരിറ്റി ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്യപ്പെട്ട സംഘടനയാണ് ECHO.

പ്രവാസികളായി അമേരിക്കൻ രാജ്യത്ത് കുടിയേറിയെങ്കിലും സ്വന്തം മാതൃദേശത്തെ നെഞ്ചോടുചേർത്തു അവിടെ ദുരിതങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും സഹോദര സമൂഹത്തോടുള്ള കടപ്പാടുകൾ നിറവേറ്റുന്നതിനുമായി ഈ സംഘടന ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ധാരാളമാണ്. 2018-ലെ പ്രളയക്കെടുതിയിൽ സ്വന്തം കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കോട്ടയം കുമരകത്തുള്ള 30 ഭവനരഹിതർക്കു രണ്ടു ലക്ഷം ഡോളർ സമാഹരിച്ചു് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ വീടുകൾ നിർമിച്ചു നൽകി.

ജാതിവിവേചനത്തിനും ദേശസീമകൾക്കും അപ്പുറമായി മനുഷ്യനെ മനുഷ്യനായിത്തന്നെ പരിഗണിച്ചു് നേപ്പാൾ ഭൂകമ്പത്തിൽ ദുരിതമനുഭവിച്ചവർക്കു സഹായം എത്തിച്ചും ലേണിങ് & സ്പെഷ്യൽ നീഡ്‌സ് ആവശ്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ചെന്നൈയിലെ ഒരു സ്ക്കൂളിനു സഹായം നൽകിയും, നിർധനരായ കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിന് കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യക്കു ഡയാലിസിസ് മെഷീൻ നൽകിയും ECHO തങ്ങളാലാകുന്നതിനുമപ്പുറം സഹായങ്ങൾ ഇതിനോടകം ചെയ്തുകഴിഞ്ഞു.

കുട്ടികളിലും യൗവനക്കാർക്കിടയിലും പോസിറ്റീവ് വ്യതിയാനങ്ങൾ വരുത്തൂന്നതിനായി ന്യൂയോർക്കിലെ സഫൊക് കൗണ്ടിയിൽ പ്രവർത്തിക്കുന്ന “ഹോപ് ഫോർ യൂത്ത്” (HOPE FOR YOUTH) എന്ന മറ്റൊരു ചാരിറ്റി സംഘടനക്ക് ECHO 2020-ൽ നൽകിയ ഗിഫ്റ്റ് കാർഡുകൾ നൂറോളം കുട്ടികൾക്ക് ഉപകാരപ്രദമായി. മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെട്ടു തല ചായ്ക്കാൻ ഇടമില്ലാതെ ഭാവനരഹിതരായ യുവജനങ്ങളെയും കുട്ടികളെയും കണ്ടെത്തി അവരെ പുനരധിവസിപ്പിക്കുവാനും അവർക്കു ജീവിതമാര്ഗങ്ങളെ കണ്ടെത്തുന്നതിന് സഹായിക്കുവാനും ചികിത്സാ സഹായങ്ങൾ വേണ്ടവർക്ക് അത് നൽകുവാനും പ്രവൃത്തിക്കുന്ന അമേരിക്കൻ സംഘടനയാണ് HOPE FOR YOUTH.

ഇവരുമായി സഹകരിച്ചു വരും വർഷങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിന് ECHO പദ്ധതിയിടുന്നുണ്ട്. ജീവിതാന്ത്യ കാലങ്ങളിൽ ഏകാന്തത അനുഭവിക്കുന്ന സമൂഹത്തിലെ സീനിയർ സിറ്റിസൺസിനായി ഒരു “അഡൾട്ട് ഡേ കെയർ സെന്റർ” ആരംഭിക്കുന്നതിനും ECHO പദ്ധതിയിടുന്നു. പല സംസ്കാരത്തിൽ നിന്നുമുള്ള വയോധികർക്ക് ഒരിടത്തു പകൽസമയം ഒത്തുകൂടി കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമായാണ് “അഡൾട്ട് ഡേ കെയർ സെന്റർ” പ്രവർത്തിപ്പിക്കുന്നത്.

സമൂഹത്തിൽ നിസ്വാർത്ഥമായും വ്യക്തിപരമായും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി ECHO നൽകുന്ന അവാർഡ് ആണ് “എക്കോ ഹ്യൂമാനിറ്റേറിയൻ അവാർഡ്” (ECHO Humanitarian Award). 2021-ലെ ഈ അവാർഡിന് അർഹനായിരിക്കുന്നത് ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന ജോൺ മാത്യുവാണ്. ലോങ്ങ് ഐലൻഡ് എൻ. വൈ . യു . ലോങ്‌കോൺ ഹോസ്പിറ്റലിലെ മെഡിക്കൽ ടെക്ക്‌നോളജിസ്റ് ആയ ജോൺ മാത്യു സ്വന്തം വരുമാനത്തിൽ നിന്നും തുക ചെലവഴിച്ചു് ധാരാളം കാരുണ്യ പ്രവർത്തനങ്ങളാണ് വർഷങ്ങളായി കേരളത്തിൽ ചെയ്തു വരുന്നത്.

“എന്നാലാകുന്ന സഹായം അർഹതപ്പെട്ടവർക്ക് നേരിട്ട് നൽകുന്നതിന് മാത്രമാണ് ഞാൻ ചിലരെ സഹായിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ പ്രശസ്തി നേടുന്നതിനോ ഷോ കാണിക്കുന്നതിനോ ഒന്നുമല്ല. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്ന മനസ്ഥിതി ചെറുപ്പം മുതൽക്കേ ഉള്ളതുകൊണ്ട് സ്വന്തം സമ്പാദ്യത്തിൽ നിന്ന് ചെറിയ സഹായങ്ങൾ ചെയ്യണം എന്നത് മനസാക്ഷി അനുസരിച്ചു ചെയ്യുന്നുവെന്നേയുള്ളു. സഹായത്തിനു അർഹതയുള്ളവരാണോ എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം നാട്ടിലുള്ള എന്റെ സഹോദരി വഴി ഞാൻ സഹായം എത്തിച്ചു നൽകുന്നു. എന്റെ പ്രവത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകണം എന്ന് മാത്രമേ ഈ അവാർഡ് സ്വീകരിക്കുന്നതിലൂടെ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. അങ്ങനെ കൂടുതൽ പേരിലൂടെ അർഹിക്കുന്നവർക്ക് സഹായം ലഭിക്കട്ടെ എന്ന് താല്പര്യപ്പെടുന്നു.” അവാർഡ് ലഭിച്ച സന്തോഷത്തിൽ ജോൺ പറഞ്ഞു.

പത്തനംതിട്ട അയിരൂർ സ്വദേശിയായ ജോൺ മാത്യു ഭവനരഹിതർക്കു വീട് നിർമ്മിക്കുന്നതിനും, നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനും നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും വിദ്യാഭ്യാസ സഹായങ്ങളും കൊടുക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ഡസനിലധികം പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിനും, ആവശ്യത്തിലിരിക്കുന്ന നിർധനർക്ക് ജീവിദോപാധികൾ നൽകുന്നതിനുമായി ഇതിനോടകം സ്വന്തം വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചു ധാരാളം തുക നൽകിക്കഴിഞ്ഞു. ഭാര്യ ഷീലയോടൊപ്പം ജോൺ രണ്ടു പതിറ്റാണ്ടിലേറെയായി ന്യൂയോർക്കിൽ താമസമാണ്. രണ്ടു ആൺമക്കൾ വിവാഹിതരാണ്.

ഇതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മെമെന്റോയും ക്യാഷ് അവാർഡുമാണ് എക്കോ ഹ്യുമാനിറ്റേറിയൻ അവാര്ഡിലൂടെ നൽകുന്നത്. ECHO-യിലൂടെ നൽകുന്ന എല്ലാ സംഭവനകൾക്കും 501(c)(3) പ്രകാരമുള്ള ഇൻകം ടാക്സ് ഇളവ് ലഭ്യമാണ്. ECHO-യുടെ പ്രവർത്തനങ്ങളിൽ പങ്കു ചേരണം എന്നും സഹായ ഹസ്തങ്ങൾ നീട്ടണം എന്നും താല്പര്യമുള്ളവർ 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടുക.

Email: info@echoforhelp.org , Web: www.echoforhelp.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments