ചിക്കാഗോ: സ്വാതന്ത്ര്യം, സമത്വം, പൈതൃകം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് തുടക്കമായി. അമേരിക്കന്‍ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ ആദ്യപതിപ്പ് കോവിഡിനെത്തുടര്‍ന്ന് ഹൈബ്രിഡ് ഫിലിംഫെസ്‌ററിവലായാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.
ദേശീയപുരസ്‌കാരജേതാവും അക്കാദമി കൗണ്‍സിലിലെ അംഗവുമായ പ്രശസ്ത ശബ്ദലേഖകന്‍ അമൃത് പ്രീതമാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഇംഗ്ലീഷ് വിംഗ്ലീഷ്, ഗജനി (ഹിന്ദി), ഹൈവേ, കോര്‍ട്ട്, പികെ, നന്‍പന്‍ തുടങ്ങിയ നിരവധി സിനിമകളുടെ ശബ്ദലേഖകനായ അമൃത് പ്രീതം റെസൂല്‍ പൂക്കുട്ടിയോടൊപ്പം ഓസ്‌കാര്‍ പുരസ്‌കാര സിനിമയായ സ്ലംഡോഗ് മെല്ലേനിയറില്‍ സൗണ്ട് മിക്‌സറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മേളയുടെ സ്ഥാപകരായ അലെൻ ജോർജ് , റോമിയോ കാട്ടുക്കാരൻ,എന്നീ മലയാളികൾ നേതൃത്വം കൊടുക്കുന്ന, നവംബര്‍ 26മുതല്‍ ഓണ്‍ലൈനായി തുടക്കമിട്ട ഈ മേളയുടെ ബിഗ് ഇവന്റ് ആയ സിഐഐഎഫ്എഫ് റെഡ് കാര്‍പ്പറ്റ് ഷോ ഡിസംബര്‍ 11 ന് ആണ്. വൈകിട്ട് 5.30മുതല്‍ രാത്രി 10.30വരെയുള്ള സമാപനചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ചിക്കാഗോ ഷോപ്ലൈസ് ഐക്കന്‍ തിയറ്ററില്‍ നടക്കുന്ന ബിഗ് ഇവന്റില്‍ ഹോളിവുഡിലെ പ്രമുഖര്‍ പങ്കെടുക്കും.
60ഓളം രാജ്യങ്ങളില്‍നിന്ന് 400 ല്‍ അധികം സിനിമകള്‍ മേളയില്‍ പങ്കെടുത്തു. ഇവയില്‍നിന്ന് തെരഞ്ഞെടുത്ത 50 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ചടങ്ങില്‍ പ്രത്യേകസിനിമാപ്രദര്‍ശനം, ഓപ്പന്‍ഫോറം, സംവിധായകരെ പരിചയപ്പെടുത്തല്‍, വിവിധ സിനിമാ സംവിധായകരുടെയും അഭിനേതാക്കളുടെയും സാങ്കേതികവിദഗ്ധരുടെയും സാനിധ്യമുണ്ടായിരിക്കും.