ജോർജ് ഫ്ലോയിഡിന്റെ ദാരുണ മരണം ഓർമിപ്പിക്കുന്ന, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്നൊരുക്കിയ I Can’t Breathe (എനിക്ക് ശ്വാസം മുട്ടുന്നു) എന്ന ക്രിസ്മസ് സ്പെഷൽ സംഗീത വിഡിയോ ആസ്വാദകരെ നേടുന്നു. ബേണിയും ടാൻസനും ചേർന്ന് ഈണമൊരുക്കിയ ഗാനം മധു ബാലകൃഷ്ണനും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചത്. ഫാ.ജോണ്‍ പിച്ചാപ്പിള്ളിയുടേതാണു വരികൾ. എഴുത്തുകാരൻ, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ ഫാ.ജോൺ പിച്ചാപ്പിള്ളി, മുൻവര്‍ഷങ്ങളിലും ക്രിസ്മസിനോടനുബന്ധിച്ചു ഭക്തിഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഒരു ബോധവത്ക്കരണ ഗാനമായാണ് I Can’t Breathe പ്രേക്ഷകർക്കരികിലെത്തിയത്. ഹൃദ്യമായ ഈണത്തിനും ഈരടികൾക്കുമൊപ്പം പാട്ടിൽ അവതരിപ്പിച്ചിരിക്കുന്ന ആശയവും കയ്യടി നേടുന്നു. ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞു നോട്ടവും വർത്തമാനകാലത്തിന്റെ വിലയിരുത്തലും ഭാവിയിലേയ്ക്കുള്ള സഞ്ചാരവുമൊക്കെയാണ് വരികളിൽ നിറയുന്നത്.
അമേരിക്കയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കാൽമുട്ടിനടിയിൽ ഞെരിഞ്ഞമർന്നു ശ്വാസം നിലച്ച കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിന്റെ ദാരുണ മരണം ഓർമിപ്പിക്കുന്നതാണ് ഈ സംഗീത വിഡിയോയുടെ പേര്. സമൂഹത്തിന്റെ നാനാ തലങ്ങളിൽ പലവിധത്തിലുള്ള പ്രതിസന്ധികളിൽപ്പെട്ടു ശ്വാസംമുട്ടിക്കഴിയുന്ന സാധാരണക്കാരന്റെ നിലവിളികൾ കേൾക്കാതെ പോകരുതെന്നും അവർക്കായി ജാതി–മത–വർണ വിവേചനങ്ങൾ കൂടാതെ ഒന്നായി നിലകൊള്ളണമെന്നുമുള്ള സന്ദേശം പാട്ടിൽ പറഞ്ഞുവയ്ക്കുന്നു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.