പി പി ചെറിയാന്‍
ഡാളസ്: ഇന്ത്യക്ക് പുറത്തുള്ള ആദ്യ സിറോമലബാര്‍ രൂപതയായ ചിക്കാഗോ രൂപതയുടെ ആദ്യ ബിഷപ്പും,ഇന്ത്യക്ക് പുറത്തുള്ള ആദ്യ സിറോമലബാര്‍ ഇടവകയായ ഡാളസ് സെന്റ് തോമസ് ഇടവകയുടെ ആദ്യ വികാരിയുമായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റെ ഇരുപതാം വാര്‍ഷികവും പൗരോഹിത്യ സ്വീകരണത്തിന്റെ അന്‍പതാം വാര്‍ഷികവും പുതുക്കിപ്പണിത സെന്റ് തോമസ് ഇടവക ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ഡാളസ് സെന്റ് തോമസ് ഇടവകയില്‍ ഞായറാഴ്ച ആഘോഷിച്ചു.

അതോടൊപ്പം വിവാഹത്തിന്റെ ഇരുപത്തിയഞ്ചും നാല്പതും അമ്പതും വര്‍ഷം തികഞ്ഞവരെ ആദരിക്കിക്കുകയും അനുമോദിക്കുകയും ചെയ്തു. വ്രതവാഗ്ദാനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന സി ക്ലെറിന്‍ കൊടിയന്തറ എസ് എ ബി എസിനെ പ്രത്യേകമായി ആദരിച്ചു.
മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹബലിയര്‍പ്പിക്കപ്പെട്ടു. ഇടവക വികാരി ഫാ ജെയിംസ് നിരപ്പേല്‍, മുന്‍ വികാരിയും ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഫാ ജോജി കണിയാമ്പടി,ഫാ ജോഷി എന്നിവരായിരുന്നു സഹകാര്‍മ്മികര്‍. മാര്‍ അങ്ങാടിയത്ത് ബലിമധ്യേ നടത്തിയ സന്ദേശത്തില്‍ കുടിയേറ്റം അബ്രഹാമിന്റെ കാലം മുതല്‍ തുടങ്ങിയതാണെന്നും കുടിയേറ്റത്തിന്റെ ചരിത്രം എന്നും ഉണ്ടായിരുന്നുവെന്നും അതുപോലെയുള്ള ഒരു കുടിയേറ്റത്തിന്റെ ചരിത്രമാണ് അമേരിക്കയിലെ സിറോമലബാര്‍ സമൂഹത്തിന് പറയാനുള്ളതെന്നും പറഞ്ഞു.

‘നാം എന്തായിരിക്കുന്നുവോ അത് ദൈവം തന്നതാണ്,എന്നാല്‍ നാം എന്തായി തീരുന്നുവോ അത് ദൈവത്തിന് നാം കൊടുക്കുന്ന സമ്മാനമാണ്’ ബിഷപ് പറഞ്ഞു. മൂന്ന് ദേവവാലയങ്ങളാണുള്ളത്, നമ്മുടെ തന്നെ ശരീരം, കുടുംബം,ഇടവക ദേവാലയം. ഈ മൂന്ന് ദേവാലയങ്ങളെയും ദൈവത്തിന് വാസയോഗ്യമായും അകവും പുറവും വൃത്തിയായും സൂക്ഷിക്കണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. മക്കളെ ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ട് വരണം. മക്കള്‍ എന്തായിത്തീരുന്നു എന്നതാണ് ഇടവകയുടെ വളര്‍ച്ച നിശ്ചയിക്കുന്നതെന്നും പിതാവ് പറഞ്ഞു.
വി കുബാനയ്ക്ക് ശേഷം ജൂബിലി ഹാളില്‍ സമ്മേളനം നടത്തപ്പെട്ടു. മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കല്‍ ചടങ്ങ് നടന്നു. ഫാ ജോജി കണിയാമ്പടി ദേവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ടതും ഇടവക വികാരിയായിരുന്ന കാലഘട്ടത്തിലെ ഓര്‍മ്മകളും പങ്ക്വച്ചു. ഇടവക വികാരി ഫാ ജെയിംസ് നിരപ്പേല്‍, ഫാ ജോഷി, പാസ്റ്ററല്‍ കൌണ്‍സില്‍ അംഗം എല്‍സി ഫിലിപ്പ് എന്നിവരും ആശംസകളറിയിച്ചു.

ബിഷപ് അങ്ങാടിയത്ത് ഇടവക വികാരിയായിരുന്ന കാലത്ത്, വികാരിയച്ചന്റെ കൈ പിടിച്ച് വളര്‍ന്ന്, ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളായിരിക്കുന്നവര്‍ തങ്ങളുടെ കുടുംബത്തോടൊപ്പം പഴയകാല ഓര്‍മ്മകള്‍ പങ്കിട്ടുകൊണ്ട്, നേരിട്ടും അയച്ചുകൊടുത്ത വീഡിയോ സന്ദേശങ്ങള്‍ വഴിയും പിതാവിന് ആശംസകള്‍ അറിയിച്ചത് വളരെ ഹൃദ്യവും കണ്ണുകളെ ഈറനണിയിക്കുന്നതും ആയിരുന്നു. പലരും സ്നേഹനിധിയായായ പിതാവിനെ അഭിസംബോധന ചെയ്തത് ‘സെക്കന്റ് ഫാദര്‍’ എന്നാണ്.
വിവാഹത്തിന്റെ ഇരുപത്തിയഞ്ച്, നാല്പത്, അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെയും വ്രതവാഗ്ദാനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന സി ക്ലെരിന്‍ കൊടിയന്തറ എസ് എ ബി എസിനെയും പ്രത്യേകമായി ആദരിക്കുകയും അവര്‍ക്ക് പിതാവ് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. ഇമ്മാനുവേല്‍ ആരാധനാ മഠത്തിന്റെ മദര്‍ സുപ്പീരിയര്‍ സി മരിയ തെങ്ങുംതോട്ടം എസ് എ ബി എസും ചടങ്ങില്‍ സന്നിഹിതയായിരുന്നു.

ഇടവക ട്രസ്റ്റി മാത്യു മലനാല്‍,ബോബി ജോണ്‍സണ്‍, ജെറിന്‍ തന്നയന്‍ എന്നിവരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ചടങ്ങിന് നേതൃത്വം കൊടുത്തു. ലിന്‍സി തലക്കുളത്തിന്റെ കരവിരുതില്‍ വേദി അതിമനോഹരമായി അലങ്കരിക്കപ്പെട്ടു. ഉച്ചഭക്ഷണത്തോട്കൂടി അതിഹൃദ്യമായ ഈ ചടങ്ങിന് വിരാമമായി.