പി പി ചെറിയാൻ
വാഷിങ്ടൻ ഡി സി ∙ റഷ്യ യുക്രെയ്നെതിരെ തുടരുന്ന യുദ്ധം അതിന്റെ പരിസമാപ്തിയിലെത്തിക്കൊണ്ടിരിക്കുകയാണെന്നും യുക്രെയ്ൻ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തിനു മുന്നിൽ റഷ്യ അടിയറവ് പറയേണ്ടിവരുമെന്നും യുഎസ് കാപ്പിറ്റോളിൽ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു യുക്രയ്ൻ പ്രസിഡന്റ് സെലൻസ്ക്കി വ്യക്തമാക്കി.
സമാധാന ശ്രമങ്ങളെ കാറ്റിൽ പറത്തി റഷ്യ യുക്രെയ്നെതിരെ നടത്തുന്ന മനുഷ്യത്വ രഹിതമായ അക്രമങ്ങളെ ചെറുക്കുന്നതിന് അമേരിക്ക നൽകി വരുന്ന പിന്തുണയ്ക്കും സഹായത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം ആഗോളതലത്തിൽ സുരക്ഷിതത്വവും ജനാധിപത്യവും നിലനിർത്തുക എന്ന ഉദ്യേശ്യത്തോടെയാണെന്നും സെലൻസ്ക്കി പറഞ്ഞു. റഷ്യയുമായി സന്ധി സംഭാഷണത്തിന് ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നതിനു മുൻപ് വൈറ്റ് ഹൗസിൽ ബൈഡനുമായി കൂടികാഴ്ച നടത്തുകയും ഇരുവരും സംയുക്ത മാധ്യമ സമ്മേളനം നടത്തുകയും ചെയ്തു.
