എ.എസ് ശ്രീകുമാര്‍
ഷിക്കാഗോ: ലോക മലയാളികളുടെ ഹൃദയത്തില്‍ ചാര്‍ത്തുന്ന ദൃശ്യവിസ്മയമൊരുക്കുകയും അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റിയ പ്രിയപ്പെട്ട ചാനലുമായ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കമ്മൂണിറ്റി ഹീറോ ആയി ആദരിക്കപ്പെട്ട സുബിന്‍ കുമാരന്‍ ലോജിസ്റ്റിക്ക്‌സ് മേഖലയില്‍ വിജയം വരിച്ച കിയാന്‍ ഇന്റര്‍ നാഷണല്‍ എല്‍.എല്‍.സി-യു.എസ്.എയുടെ മാനേജിങ് ഡയറക്ടറാണ്.

സുബിന്‍ കുമാരന് ‘കമ്മ്യൂണിറ്റി ഹീറോയിസം അവാര്‍ഡ്’ സമ്മാനിക്കപ്പെട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ സ്വപ്ന നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ജീവിതക്കാഴ്ചകളും കലാനൈപുണ്യവും ജനപ്രിയമ റിയാലിറ്റി ഷോകളിലൂടെ ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകരുടെ കണ്‍മുമ്പിലെത്തിക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികാഘോഷ വേദിയില്‍ വച്ചായിരുന്നു സുബിന്‍ കുമാരനെ അകമഴിഞ്ഞ് ആദരിച്ചത്.

കലാലയ രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന ശ്രീ സുബിന്‍ കുമാരനുള്ള അംഗീകാരമായിരുന്നു എറണാകുളം മഹാരാജാസ് കോളേജിലെ ചെയര്‍മാന്‍ സ്ഥാനം. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹുസ്റ്റന്‍ന്റെ (MAGH) ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

പ്രവാസലോകത്തും നാട്ടിലും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ ഇടപെടുക എന്നത് ശ്രീ സുബിന്റെ അസാധാരണമായ ഒരു സ്വാഭാവസവിശേഷതയാണ്. നാട്ടില്‍ ആദിവാസ മേഖലയില്‍ (ഇടുക്കി ജില്ലയില്‍) MGLC സ്‌കൂള്‍ കുറത്തിക്കുടിയും ഗവണ്മെന്റ് LP സ്‌കൂള്‍ പെട്ടിമുടിയിലെയും എല്ലാ കുട്ടികള്‍ക്കും രണ്ടു വര്‍ഷമായി മാസം തോറും 500 രൂപയുടെ സ്‌കോളര്‍ഷിപ്പുകളും കൃത്യമായി നല്‍കി വരുന്നു. കൂടാതെ ഈ കുട്ടികള്‍ക്കാവശ്യമായ എല്ലാവിധ പഠനോനൊപകരണങ്ങളും കഴിഞ്ഞ രണ്ടു വര്‍ഷമായി നല്‍കി കൊണ്ടിരിക്കുന്നു. നിലവില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള ലോക കേരള സഭാഗം കൂടിയാണ് ശ്രീ സുബിന്‍ കുമാരന്‍.

യു.എസ്.എ-യു.കെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍കിട പ്രസ്ഥാനമായ കിയാന്‍ ഇന്റര്‍ നാഷണലിന്റെ അമരക്കാരനെന്ന നിലയില്‍ ജൈത്രയാത്ര തുടരുന്ന സുബിന്‍ കുമാരന്‍ എന്ന സംരംഭകന്റെ കൈമുതല്‍ കഠിനാദ്ധ്വാനവും ദീര്‍ഘവീക്ഷണവുമാണ്. സീ ഫ്രൈറ്റ്, എയര്‍ ഫ്രൈറ്റ്, റോഡ് ഫ്രൈറ്റ്, ബ്രോക്കറേജ്, വെയര്‍ ഹൗസിങ് തുടങ്ങിയ വിഭാഗങ്ങളില്‍ ഗ്ലോബല്‍ നെറ്റ് വര്‍ക്കുള്ള കിയാന്‍ ഇന്റര്‍ നാഷണല്‍ ലോകമെമ്പാടുമുള്ള വന്‍കിട ബിസിനസ് സാമ്രാജ്യങ്ങളുടെ ലോജിസ്റ്റിക്‌സ് സുഹൃത്താണ്. സുബിന്‍ കുമരന്‍ അതിന്റെ കണിശതയാര്‍ന്ന മാര്‍ഗ നിര്‍ദേശിയുമാണ്.

അമേരിക്കന്‍ മലയാളികള്‍ക്ക് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകള്‍ ഉചിതമായ സമയത്ത് കാണുവാന്‍ അവസരമൊരുക്കി അമേരിക്കയിലെത്തി അവരുടെ മനം കവര്‍ന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ സി.ഇ.ഒ ബിജു സഖറിയയുടെ നേതൃത്വത്തില്‍ നൂറോളം അണിയറ പ്രവര്‍ത്തകരാണ് വാര്‍ഷികാഘോഷത്തിന് കളമൊരുക്കിയത്. സഹൃദയരായ ആയിരത്തോളം പേര്‍ പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചു. ഉല്‍സവ പ്രതീതി ഉണര്‍ത്തിയ ചടങ്ങില്‍ പ്രമുഖ നര്‍ത്തകിയും നടിയുമായ ആശാ ശരത്താണ് സുബിന്‍ കുമാരന് പുരസ്കാരം സമ്മാനിച്ചത്.

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു സുബിന്‍ കുമാരന്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി ഹീറോസിനെ ആദരിച്ച ചടങ്ങ്. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററിലായിരുന്നു, വിവിധ പരിപാടികളോടെയുള്ളവര്‍ണാഭമായ ആഘോഷം.

ബോളിവുഡിലെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാ-സാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണിനിരന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറ പ്രവര്‍ത്തകരും ഷിക്കാഗോയിലെത്തി അണിയിച്ചൊരുക്കിയ ആറാം വാര്‍ഷിക ആഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് നവ്യാനുഭവമായി.