എ.എസ് ശ്രീകുമാര്‍
”എനിക്ക് ഈ തൃശൂര്‍ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ…” 2019ലെ ലോക്‌സഭാ പ്രചാരണത്തിനായി അന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ ലോക്‌സഭ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകള്‍ വൈറലായി…കോമഡിയായി…സോഷ്യല്‍ മീഡിയകളില്‍ ആഘോഷവുമായി. ഇത് നിരന്തരം ഉരുവിടാത്ത കൊച്ചുകുട്ടികള്‍ പോലും ഇപ്പോഴുമുണ്ടാവില്ല.
പക്ഷേ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനത്തായെങ്കിലും തൃശൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വോട്ടുകള്‍ ലഭിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി. പിന്നീട് ആ ഡയലോഗ് കല്യാണ ഫ്‌ളക്‌സിലും തരംഗമായി. ഒരു കല്യാണ വണ്ടിയുടെ പുറകിലെ കാഴ്ച്ചയാണ് വൈറലായത്. വരന്‍ വധുവിനോട് പറയുന്ന വാക്കുകളായാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ”എനിക്ക് വേണം ഈ രശ്മിയെ…നിങ്ങളെനിക്കീ രശ്മിയെ തരണം…ഈ രശ്മിയെ ഞാനിങ്ങെടുക്കുവാ….” എന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ചിരിപടര്‍ത്തിയതായിരുന്നു ഈ വിവാഹ ഫ്‌ളക്‌സ്.
വര്‍ഷങ്ങള്‍ കഴിഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇക്കൊല്ലം മാര്‍ച്ച് 12-ാം തീയതി അമിത് ഷാ തൃശൂരിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ സ്റ്റാറ്റസ് കേന്ദ്ര ആഭ്യന്തര മന്ത്രി എന്നതായിരുന്നു. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന റാലിക്ക് ശേഷം പാര്‍ട്ടിയുടെ മുഖ്യ തന്ത്രജ്ഞനായ ഷാ പ്രസംഗിച്ച ചടങ്ങില്‍ സുരേഷ് ഗോപി ഒരു തനിയാവര്‍ത്തനം നടത്തി.
”മോദി കേരളം എടുക്കുമെന്ന് പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും ശരി…ഗോവിന്ദാ…ഏടുക്കും. ഞാന്‍ ഇനിയും ഹൃദയംകൊണ്ട് ആവശ്യപ്പെടുന്നു…തൃശൂര്‍ക്കാരേ നിങ്ങള്‍ എനിക്ക് തരണം. തന്നാല്‍ എടുക്കും…അഞ്ചു വര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോരാ, കേരളം കൂടി തരണം. അഞ്ചുവര്‍ഷം കഴിഞ്ഞ് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ…” പരാമര്‍ശത്തിലെ ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണല്ലോ.
2024ലെ ലോക്‌സഭാ ഇലക്ഷനില്‍ സുരേഷ് ഗോപിയെ പാര്‍ലമെന്റിലെത്തിക്കുവാനായി അമിത് ഷാ വരികയാണ്. കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ അമിത് ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കും. പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കുന്ന തിരുവനന്തപുരത്തും തൃശ്ശൂരുമാണ് അമിത് ഷായുടെ ചുമതല. ബി.ജെ.പി ഇതുവരെ ജയിക്കാത്തതും എന്നാല്‍ വിജയ സാധ്യതയുള്ളതുമായ 160 മണ്ഡലങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പാര്‍ട്ടിയുടെ ഗവേഷണ വിലയിരുത്തല്‍.
160 മണ്ഡലങ്ങളില്‍ 40 എണ്ണമാണ് അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ളത്. അമിത് ഷായുടെ 40 ല്‍ തൃശ്ശൂരും തിരുവനന്തപുരവുമാണെങ്കില്‍ 160 മണ്ഡലങ്ങളില്‍ കേരളത്തില്‍ നിന്നും നാല് മണ്ഡലങ്ങള്‍ കൂടി ഇടം പിടിച്ചിട്ടുണ്ട്. പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍, പാലക്കാട് എന്നിവയാണവ. 160ല്‍ 50 എണ്ണത്തിലും ജയിക്കാനുള്ള പദ്ധതിക്ക് പാര്‍ട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ഈ മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ക്കായിരുന്നു ഇതുവരേയുള്ള ചുമതല. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനായിരുന്നു നല്‍കിയിരുന്നത്. ഇനി അമിത് ഷാ നിര്‍ദേശിക്കുന്ന ദേശീയ ഭാരവാഹികളുടെ സംഘമാകും തൃശൂരിലും തിരുവനന്തപുരത്തും പ്രവര്‍ത്തനം ഏകോപിപ്പിക്കുക.
മണ്ഡലത്തിലെ സാധ്യതകള്‍ പഠിക്കുന്നതിനായി ബി.ജെ.പി ദേശീയ നേതൃത്വം സര്‍വ്വെ നടത്തി വിവരം ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി ആരാകും എന്നതില്‍ തീരുമാനം ആയിട്ടില്ലെങ്കിലും തൃശ്ശൂരില്‍ അത് സുരേഷ് ഗോപി ആയിരിക്കുമെന്ന കാര്യം ഉറപ്പാണ്. തൃശ്ശൂരില്‍ ക്രൈസ്തവ സഭകളെ ഉന്നമിട്ടുള്ള പ്രവര്‍ത്തനത്തിന് പ്രത്യേക സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്.
എന്ത് വിലകൊടുത്തും രണ്ട് മണ്ഡലത്തിലും വിജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറത്തുള്ള വോട്ടുകളും സമാഹരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്നുള്ളതാണ് പാര്‍ട്ടി കാണുന്ന ഗുണം. മണ്ഡലം പിടിക്കാനായി 75000 മുതല്‍ ഒരു ലക്ഷം വരെ വോട്ടുകള്‍ അധികമായി നേടേണ്ടതുണ്ടെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. ക്രിസ്ത്യന്‍ സഭകളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് സുരേഷ് ഗോപി.
വീണ്ടുമൊരു ‘ഗോപി’ക്ക് ബാല്യമുണ്ടാകട്ടെ…