എ.എസ് ശ്രീകുമാര്‍
ഷിക്കാഗോ: ലോക മലയാളികള്‍ക്ക് ദൃശ്യവിസ്മയമൊരുക്കുകയും സംപ്രേഷണം ആരംഭിച്ചതു മുതല്‍ അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റിയതുമായ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കമ്മൂണിറ്റി ഹീറോ ആയി ആദരിക്കപ്പെട്ട തോമസ് ജോര്‍ജ് മൊട്ടയ്ക്കല്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തെ മുടിചൂടാ മന്നനാണ്.
തോമസ് ജോര്‍ജ് മൊട്ടയ്ക്കലിന് ‘ഫിലാന്‍ട്രോ കാപ്പിറ്റലിസ്റ്റ് വിഷണറി അവാര്‍ഡ്’ സമ്മാനിക്കപ്പെട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തിനുള്ള അംഗീകാരമായി. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ജീവിതവും കലാപ്രാവീണ്യവും വൈവിധ്യമാര്‍ന്ന റിയാലിറ്റി ഷോകളിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ വിരല്‍ത്തുമ്പിലെത്തിക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികാഘോഷ വേദിയില്‍ വച്ചായിരുന്നു തോമസ് ജോര്‍ജ് മൊട്ടയ്ക്കലിനെ ഹദയംഗമമായി ആദരിച്ചത്.

അമേരിക്കന്‍ മലയാളികള്‍ക്ക് മികച്ച പ്രോഗ്രാമുകള്‍ ഉചിതമായ സമയത്ത് കാണുവാനുള്ള സൗകര്യമൊരുക്കി അമേരിക്കയിലെത്തിയ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ സി.ഇ.ഒ ബിജു സഖറിയയുടെ നേതൃത്വത്തില്‍ നൂറോളം അണിയറ പ്രവര്‍ത്തകരാണ് വര്‍ണാഭമായ പരിപാടികള്‍ അവിസ്മരണീയമാക്കിയത്. ആയിരത്തോളം പേര്‍ വാര്‍ഷികാഘോഷത്തിന് സാക്ഷ്യം വഹിച്ചു. ഉല്‍സവ പ്രതീതി ഉണര്‍ത്തിയ ചടങ്ങില്‍ പ്രമുഖ നര്‍ത്തകിയും നടിയുമായ ആശാ ശരത്താണ് ന്യൂജേഴ്‌സിയില്‍ നിന്നുള്ള തോമസ് ജോര്‍ജ് മൊട്ടയ്ക്കലിന് പുരസ്‌കാരം സമ്മാനിച്ചത്.
കണ്‍സ്ട്രക്ഷന്‍ രംഗത്തെ പ്രശസ്തനായ തോമര്‍ ഗ്രൂപ്പിന്റെ അമരക്കാരനാണ് തോമസ് ജോര്‍ജ് മൊട്ടയ്ക്കല്‍. ഉന്നത നിലവാരത്തിലൂടെയും സമയബന്ധിതമായ നിര്‍മാണ നിര്‍വഹണത്തിലൂടെയും ഉപഭോക്താക്കളുടെ മനംനിറഞ്ഞ പ്രശംസ നേടിയെടുത്ത തോമര്‍ ഗ്രൂപ്പിന് പകരം തോമര്‍ ഗ്രൂപ്പ് തന്നെ.

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള മൊട്ടയ്ക്കല്‍ വീട്ടില്‍ തോമസ് ജോര്‍ജ് മൊട്ടയ്ക്കല്‍ എന്ന വിശാല കാഴ്ചപ്പാടുള്ള ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ 1998 ഡിസംബറില്‍ ആരംഭിച്ച പ്രസ്ഥാനം കഴിഞ്ഞ 25 വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തെ ഒന്നാം നിര കണ്‍സ്ട്രക്ഷന്‍ കമ്പനിയായി വളര്‍ന്നതിനു പിന്നില്‍ നിരവധി അഭിമാന ഘടകങ്ങള്‍ ഉണ്ട്. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, സമാനതകളില്ലാത്ത പ്രവര്‍ത്തന വൈദഗ്ധ്യം, പരിസ്ഥിതി സംരക്ഷണം, കഠിനാദ്ധ്വാനം, വെല്ലുവിളികളെ നേരിടാനുള്ള കരുത്ത്, ലോകോത്തര നിലവാരം, അര്‍പ്പണ ബോധം തുടങ്ങിയവയാണ് തോമര്‍ ഗ്രൂപ്പിനെ പ്രഥമ സ്ഥാനത്തെത്തിച്ചത്.

ന്യൂജേഴ്‌സി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തോമര്‍ ഗ്രൂപ്പ് ഈ അടുത്ത നാളില്‍ തങ്ങളുടെ ജൈത്രയാത്രയുടെ 25-ാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. കണ്‍സ്ട്രക്ഷന്റെ എല്ലാ മേഖലകളിലും ഉപഭോക്താക്കളുടെ അംഗീകാരം നേടിക്കൊണ്ടാണ് തോമര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. 2022 ഒക്ടോബറില്‍ ദുബായില്‍ തുറന്ന വില്ലേജിന്റെ നിര്‍മാണം മുതല്‍ ആലപ്പുഴ തണ്ണീര്‍ മുക്കം ബണ്ടിന്റെ മൂന്നാം ഫേസിന്റെ വരെ നിര്‍മാണം നിര്‍വഹിച്ചത് തോമര്‍ ഗ്രൂപ്പാണ്.
1998ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ടൗണ്‍ഷിപ്പുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് പ്രോജക്ടുകള്‍, മറ്റ് യൂട്ടിലിറ്റി സംരംഭങ്ങള്‍, ബഹുനില മന്ദിരങ്ങള്‍ തുടങ്ങി വിവിധ തലങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതാണ് തോമര്‍ ഗ്രൂപ്പിന്റെ നിര്‍മാണ സ്ഥാപനങ്ങള്‍
.

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു തോമസ് ജോര്‍ജ് മൊട്ടയ്ക്കല്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി ഹീറോസിനെ ആദരിച്ച ചടങ്ങ്. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്—സ് തീയേറ്ററിലായിരുന്നു വര്‍ണാഭമായ ആഘോഷം വിവിധ പരിപാടികളോടെ അരങ്ങേറിയത്.
ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാ-സാംസ്—കാരിക പ്രതിഭകള്‍ക്കൊപ്പം അണിനിരന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക-സാംസ്—കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറ പ്രവര്‍ത്തകരും ഷിക്കാഗോയിലെത്തി അണിയിച്ചൊരുക്കിയ ആറാം വാര്‍ഷിക ആഘോഷരാവ് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് ആവേശമായി.