ചെറിയാന്‍ മഠത്തിലേത്ത്
ഹൂസ്റ്റണ്‍: ശരത്കാലത്തിന്റെ മധ്യത്തിലാണ് ഹൂസ്റ്റണ്‍ ഇപ്പോള്‍. ഈ ഡിസംബര്‍ മാസത്തില്‍ ഏവരും ഉല്‍സവ ലഹരിയിലാണ്. വര്‍ണശബളമായ ലൈറ്റുകള്‍, സംഗീതസാന്ദ്രമായ അന്തരീക്ഷം, ക്രിസ്മസിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍…അങ്ങനെ എല്ലാം കൊണ്ടും നഗരവും നാട്ടുകാരും വല്ലാത്ത ത്രില്ലിലാണ്. പുതുവര്‍ഷം അടുക്കുമ്പോള്‍ ഒരു നഷ്ടബോധം. പക്ഷേ പുതിയ തുടക്കത്തിനായി നാം വീണ്ടും കാത്തിരിക്കുന്നു.
വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി യോഗം ചേര്‍ന്നു.
കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് അധ്യക്ഷത വഹിച്ച യോഗം, പ്രമുഖ ചെറു കഥാകൃത്തും നോവലിസ്റ്റുമായ പി. വത്സലയുടെ നിര്യാണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. മലയാള സാഹിത്യത്തിന് പി. വത്സല നല്‍കിയ സംഭാവനകളെ പറ്റി അബ്ദുള്‍ പുന്നയൂര്‍ക്കുളവും എ.സി ജോര്‍ജും അനുസ്മരിച്ചു. ലാനയുടെ (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) നാഷണല്‍ കണ്‍വന്‍ഷനില്‍ പി. വത്സലയുടെ സാന്നിധ്യത്തെ സ്മരിച്ചുകൊണ്ടാണ് അബ്ദുള്‍ പുന്നയൂര്‍ക്കുളം സംസാരിച്ചത്.
ജോണ്‍ മാത്യു
കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ലിറ്റററി പുരസ്‌കാരം പ്രമുഖ അമേരിക്കന്‍ മലയാളി നോവലിസ്റ്റും ലാനയുടെ മുന്‍ പ്രസിഡന്റുമായ എബ്രഹാം തെക്കേമുറിക്ക് (ഡാളസ്) സമ്മാനിച്ചതായി പബ്ലിഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അറിയിച്ചു. തദവസരത്തില്‍ മാത്യു കുറവയ്ക്കല്‍, ബിനോയി സെബാസ്റ്റ്യല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്നുള്ള സാഹിത്യ ചര്‍ച്ചയില്‍ ജോണ്‍ മാത്യുവിന്റെ ‘മിക്കോങ്ങ് താഴ്‌വരയിലെ സൂര്യോദയം’ എന്ന ചെറുകഥയാണ് ആദ്യം ചര്‍ച്ചയ്‌ക്കെടുത്തത്.
കുടിയേറ്റ ജനതയുടെ ആശങ്കകളും ഭാവി പ്രതീക്ഷകളും 1960കളിലെ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളിത്തവും ന്യൂഡല്‍ഹിയിലെ യുദ്ധവിരുദ്ധ റാലികളും സമൂഹത്തിന്റെ കാപട്യവും ഒക്കെ തുറന്ന് കാട്ടുന്നതായിരുന്നു ഈ ചെറുകഥ. വളരെ നാടകീയമായിട്ടാണ് ജോണ്‍ മാത്യുവിന്റെ ചെറുകഥ പര്യവസാനിക്കുന്നത്. മാത്യു നെല്ലിക്കുന്ന്, ജോസഫ് പൊന്നോലി, അബ്ദുള്‍ പുന്നയൂര്‍ക്കുളം, മോത്തി മാത്യു, എ.സി ജോര്‍ജ്, ജോണ്‍ തൊമ്മന്‍, തോമസ് വര്‍ഗീസ്, ജോസഫ് തച്ചാറ, ഡോ. സണ്ണി എഴുമറ്റൂര്‍ തുടങ്ങിയവര്‍ പോസിറ്റീവായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ജോണ്‍ മാത്യു ഏവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
എ.സി ജോര്‍ജ്
അടുത്തതായി എ.സി ജോര്‍ജിന്റെ യുദ്ധ വിരുദ്ധ കവിതയായ ‘നിര്‍ത്തുവിന്‍ ഈ രക്തദാഹിയാം യുദ്ധതാണ്ഡവം…’ വിലയിരുത്തപ്പെട്ടു. തീര്‍ത്തും വൈകാരികമായാണ് കവി തന്റെ ആഗോള പ്രസക്തിയുള്ള വിഷയത്തെ സമീപിച്ചിരിക്കുന്നത്. അംഗങ്ങള്‍ കവിയുടെ ആത്മാര്‍ത്ഥമായ സമീപനത്തെ ശ്ലാഘിച്ചു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രൈന്‍, ഇസ്രയേല്‍ -ഹമാസ് യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കവിത രചിച്ചിരിക്കുന്നത്.
ഈ ഘട്ടത്തില്‍ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച യുദ്ധവും സമാധാനവും എന്ന കാലിക പ്രസക്തമായ വിഷയത്തിലേക്ക് വഴി മാറി. അമേരിക്കന്‍ കവിയും നാടകകൃത്തും സാഹിത്യ വിമര്‍ശകനുമായ ടി.എസ് എലിയറ്റിന്റെ വിഖ്യാത കവിതയായ വെയ്സ്റ്റ് ലാന്‍ഡിലെ രണ്ട് വരികള്‍ ഡോ. ജോസഫ് പൊന്നോലി ഉദ്ധരിച്ചു.
Datta. Dayadhvam. Dmyata.
Santih Santih Santih
അഞ്ച് ഭാഗങ്ങളുള്ള വെയ്സ്റ്റ് ലാന്‍ഡിലെ What theThunder Said എന്ന ആഞ്ചാം ഭാഗം അവസാനിക്കുന്നത് ഇങ്ങനെയാണ്. ഒന്നാം ലോകമഹായുദ്ധം നാമാവശേഷമാക്കിയ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ചരമഗീതമാണ് വെയ്സ്റ്റ് ലാന്‍ഡ്. മറ്റുള്ളവര്‍ക്ക് കൂടുതല്‍ നല്‍കുക, കൂടുതല്‍ ദയ ഉള്ളവര്‍ ആകുക, കൂടുതല്‍ ആത്മനിയന്ത്രണം പാലിക്കുക എന്നിവയാണ് പൗരസ്ത്യര്‍ക്ക് പാശ്ചാത്യ ലോകത്തിന് നല്‍കാനുള്ള സന്ദേശം. മേല്‍ സൂചിപ്പിച്ച ഉപനിഷത്തിലെ ഈ ശാന്തി മന്ത്രം ഉരുവിട്ടാണ് കവിത അവസാനിക്കുന്നത്. അതായത് ആത്മീയതയിലേക്കുള്ള മടക്കം. ലോകം സമാധാനത്തിലേക്ക് തിരിച്ചുവരട്ടെ എന്ന് കവി പ്രത്യാശിക്കുന്നു.
ഇതോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ബൈബിള്‍ വചനങ്ങളും ചൂണ്ടിക്കാട്ടി…”അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീര്‍ക്കും…” ഇങ്ങനെ ആഗ്രഹിച്ച, ജനപദങ്ങള്‍ തന്നെ ആധുനിക ആയുധ മത്സരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് വിരോധാഭാസമല്ലേ.
റൈറ്റേഴ്‌സ് ഫോറത്തിന്റെ വര്‍ഷാവസാന ആഘോഷങ്ങള്‍ ഡിസംബര്‍ 17-ാം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ കേരള കിച്ചണ്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കും എന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഡോ. സണ്ണി എഴുമറ്റൂരിന്റെ കൃതികളെ കുറിച്ചുള്ള ചര്‍ച്ചയാണ് മുഖ്യ അജണ്ട. റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി മോത്തി മാത്യു കൃതജ്ഞത പ്രകാശിപ്പിച്ചു.