വാഷിങ്ടന്‍: രണ്ട് ഗര്‍ഭപാത്രങ്ങളുമായി ജനിച്ച് രണ്ടിലും ഗര്‍ഭധാരണമുണ്ടായ അലബാമയില്‍ നിന്നുള്ള 32 കാരിയായ സ്ത്രീ വ്യത്യസ്ത ദിവസങ്ങളിലായി ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെല്‍സി ഹാച്ചര്‍ എന്ന യുവതിയാണ് കുട്ടികളുടെ അമ്മ. പെണ്‍കുട്ടികളില്‍ ആദ്യത്തെയാള്‍ റോക്സി ലെയ്ല അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാത്രി 7:49 ന് ജനിച്ചു. ബുധനാഴ്ച രാവിലെ 6:09 ന് രണ്ടാമത്തെ പെണ്‍കുട്ടി റെബല്‍ ലേക്കനും കെല്‍സി ജന്മം നല്‍കി. അമ്മയെയും പെണ്‍മക്കളെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
‘നമ്മുടെ അത്ഭുത ശിശുക്കള്‍ പിറന്നു!’ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ ‘ഡബിള്‍ഹാച്ച്ലിംഗ്‌സില്‍ കെല്‍സി ഹാച്ചര്‍ പോസ്റ്റ് ചെയ്തു. ഭാവിയില്‍ പ്രസവം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കിടാമെന്ന് ഹാച്ചര്‍ അറിയിച്ചു. ‘യൂട്രസ് ഡിഡെല്‍ഫിസ്’ അതായത് ഇരട്ട ഗര്‍ഭപാത്രമുള്ള അവസ്ഥ തനിക്കുണ്ടെന്ന് 17 വയസ്സ് മുതല്‍ ഹാച്ചറിന് അറിയാമായിരുന്നു. ഈ അവസ്ഥ 0.3 ശതമാനം സ്ത്രീകളില്‍ മാത്രമാണ് കാണപ്പെടുന്നത്.
മെയ് മാസത്തില്‍ പതിവ് എട്ടാഴ്ചത്തെ അള്‍ട്രാസൗണ്ട് പരിശോധനയിലാണ് യുവതി ഇത്തവണ ഇരട്ടക്കുട്ടികളാണെന്ന് മാത്രമല്ല, ഇരു ഗര്‍ഭപാത്രത്തിലും ഒരു ഭ്രൂണം വീതമുണ്ടെന്ന് മനസ്സിലാക്കിയത്. മസാജ് തെറാപ്പിസ്റ്റും മൂന്ന് കുട്ടികളുടെ അമ്മയുമായ ഹാച്ചര്‍ ഇതോടെ ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. രണ്ട് ഗര്‍ഭപാത്രങ്ങളിലും ഗര്‍ഭധാരണം വളരെ വിരളമാണെന്ന് ഡോക്ടമാര്‍ പറയുന്നു.
50 ദശലക്ഷത്തില്‍ 1 ആണെന്ന് ഈ സംഭവമെന്ന് തന്നോട് ഡോക്ടമാര്‍ പറഞ്ഞതായി ഹാച്ചര്‍ വ്യക്തമാക്കി . ബംഗ്ലാദേശില്‍ 2019 ല്‍ അന്ന് 20 വയസ്സുള്ള ആരിഫ സുല്‍ത്താന 26 ദിവസത്തെ ഇടവേളയില്‍ ആരോഗ്യമുള്ള ഇരട്ടകള്‍ക്ക് ജന്മം നല്‍കിയതാണ് ഇത്തരത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ സംഭവം.