Saturday, September 7, 2024

HomeAmericaവിജയകാന്ത്: തമിഴ്മക്കളുടെ ക്യാപ്റ്റൻ ഇനി ദീപ്തസ്മരണ

വിജയകാന്ത്: തമിഴ്മക്കളുടെ ക്യാപ്റ്റൻ ഇനി ദീപ്തസ്മരണ

spot_img
spot_img

ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തികഞ്ഞ രാജ്യസ്‌നേഹിയായ, നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ വിജയ്കാന്ത് തമിഴമക്കളുടെ അരുമയായി. അവർ അദ്ദേഹത്തോടെ സ്‌നേഹത്തോടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷിപ്പിച്ചു. തമിഴകത്ത് സിനിമയും രാഷ്ട്രീയവും രണ്ടല്ലല്ലോ. അതുകൊണ്ടുതെന്ന വിജയ് കാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ അതിൽ ആർക്കും അത്ഭുതം തോന്നിയല്ല. സൂപ്പർസ്റ്റാർ രജനീകാന്ത് പോലും രാഷ്ട്രീയത്തിൽ ഇറങ്ങാൻ മടിച്ചു നിന്ന കാലത്താണ് വിജയ്കാന്ത് സ്വന്തം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയതും ഒരു തവണ പ്രതിപക്ഷ നേതാവായും മാറിയത്. ഒരു വേള തമിഴകത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം മാറുമെന്ന്വരെ മാധ്യമങ്ങൾ എഴുതി. സിനിമയിലും രാഷ്ട്രീയത്തിലും എംജിആറിന്റെ പകരക്കാരനായാണ് വിജയകാന്ത് അറിയപ്പെട്ടിരുന്നത്.

പക്ഷേ വിജയക്കുതിപ്പുപോലെ തന്നെയായിരുന്നു വിജയകാന്തിന്റെ പതനവും. പലപ്പോഴും അമിതമായ മദ്യപാനം അദ്ദേഹത്തെ വില്ലനാക്കി. മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുന്ന, സ്വന്തം സ്ഥാനാർത്ഥിയെ ജനത്തിന് മുന്നിൽവെച്ച് തല്ലുന്ന, മദ്യപിച്ച് അവശനായതിനാൽ വാർത്ത സമ്മേളനം റദ്ദാക്കുന്ന ഒരു വിജയകാന്തിനെയാണ് പിന്നീട് കണ്ടത്. അത്തരം ദുശ്ശീലങ്ങളിൽനിന്നൊക്കെ മാറി, വീണ്ടുമൊരു തിരിച്ചുവരവിന് ശ്രമക്കുമ്പോഴാണ് രംഗബോധമില്ലാത്ത കോമളിയായി എത്തിയ മരണം അദ്ദേഹത്തെ തട്ടിയെടുത്ത്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് അന്ത്യശ്യാസം വലിക്കുമ്പോൾ വിജയകാന്തിന് 71 വയസ്സായിരന്നു. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് വിജയകാന്തിനെ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസം നീണ്ട ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. അപ്പോഴും അദ്ദേഹം മരിച്ചു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അസാധാരണമായ ഒരു ജീവിത വിജയത്തിന്റെ പതനത്തിന്റെയും കഥയാണ് വിജയകാന്തിന്റെത്.

1952 ഓഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുരെയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കെ.എൻ.അളഗർസ്വാമിയും ആണ്ടാൾ അളഗർസ്വാമിയുമാണ് മാതാപിതാക്കൾ. നാടകത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. എം.എ. കാജാ സംവിധാനം ചെയ്ത് 1979ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. വില്ലനായാണ് ഈ ചിത്രത്തിൽ വിജയകാന്ത് അരങ്ങേറിയത്.

ആദ്യ സിനിമകളിൽ പരാജയങ്ങൾ രുചിച്ചെങ്കിലും കഥാപാത്രങ്ങളുടെ വ്യത്യസ്തത അദ്ദേഹത്തെ വേറിട്ട് നിർത്തി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയുടെ ഭാഗമായ ‘ദൂരത്തു ഇടി മുഴക്കം’ (1980) അദ്ദേഹത്തെ മുൻനിരയിലെത്തിച്ചു. നടൻ വിജയിയുടെ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ ‘സത്തം ഒരു ഇരുട്ടറൈ’യിലൂടെ ( 1981) തമിഴ് സിനിമയിൽ ശക്തമായ സാന്നിധ്യമായി. തുടർന്നിങ്ങോട്ട് വിജയചിത്രങ്ങൾ നിരവധിയുണ്ടായി. സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന ‘ക്ഷോഭിക്കുന്ന യുവാവിനെ’ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു.

നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയ സൂപ്പർ ഹിറ്റുകളടക്കം 1984 ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

പിന്നീടങ്ങോട്ട് കമൽ ഹാസനും രജനീകാന്തിനും പിന്നാലെ വിജയകാന്തും ഒരു വികാരമായ നാളുകളായിരുന്നു. ആ സ്‌റ്റൈൽ… സൂപ്പർ അടി… തീ പാറുന്ന ഡയലോഗുകൾ… വിജയകാന്ത് എന്ന് ഓർക്കുമ്പോൾ കുറേക്കാലം ഡയലോഗും ആക്ഷൻ രംഗങ്ങളും മാത്രമായിരുന്നു മനസിൽ. എന്നാൽ പിന്നീട് വിജയകാന്തിന് പ്രണയ നായകന്റെ മുഖമായി. ഇളയ രാജയുടെ മാസ്മരിക സംഗീതത്തിൽ വിജയകാന്ത് ചിത്രങ്ങളിൽ പ്രണയവും നിറഞ്ഞു. തനിക്ക് കിട്ടിയ വേഷങ്ങളിലെല്ലാം മിതത്വത്തോടെയും കയ്യടക്കത്തോടെയും അഭിനയിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. താരമൂല്യം കണക്കാക്കാതെ പലപ്പോഴും ചെറുതും വലുതുമായ ഒട്ടനേകം വേഷങ്ങളിൽ അദ്ദേഹം കയ്യടി നേടി. ‘ചിന്നമണി കുയിലേ’ എന്ന ഗാനത്തിലൂടെ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി.

അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകരുള്ള ആക്ഷൻ സിനിമകൾക്കൊപ്പം, കുടുംബബന്ധങ്ങളുടെ തകർച്ചയിൽ നിസ്സഹായനാകുന്ന, അതു തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന നായകന്മാരെ അവതരിപ്പിച്ചും വിജയകാന്ത് പ്രേക്ഷകരുടെ ഇഷ്ടം നേടി. അത്തരം സിനിമകളിൽ പലതും നിരൂപകപ്രശംസയും നേടിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലെ വിജയകാന്തിന്റെ ബാക്ക് കിക്കിനും ഒട്ടേറെ ആരാധകരുണ്ട്. പല സാഹസിക രംഗങ്ങളും ഡ്യൂപ്പില്ലാതെ ചെയ്തും വിജയകാന്ത് പേരെടുത്തു. നായകനാകുന്നതിന് മുമ്പ് വിജയകാന്ത് ഒരു സ്റ്റണ്ട് മാസ്റ്ററാകാൻ ആഗ്രഹിച്ചിരുന്നത്. ആക്ഷൻ സീക്വൻസുകളിൽ അദ്ദേഹം വളരെയധികം ആകൃഷ്ടനായിരുന്നു,

2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015 ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് അവസാനം സ്‌ക്രീനിലെത്തിയത്. അദ്ദേഹത്തിന്റെ മകൻ ഷൺമുഖ പാണ്ഡ്യനായിരുന്നു നായകൻ. 1994ൽ എം.ജി.ആർ പുരസ്‌കാരം, 2001ൽ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്‌കാരം, 2009ൽ ടോപ്പ് 10 ലെജൻഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിൽ ഇറങ്ങിയ ‘ക്യാപ്റ്റൻ പ്രഭാകരൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ പേരിനൊപ്പം ‘ക്യാപ്റ്റൻ’ പദവി കിട്ടിയത്. വിജയകാന്തിന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ സിനിമയായിരുന്നു ഇത്. വീരപ്പന്റെ ജീവിതം കേന്ദ്രീകരിച്ച് ഒരുക്കിയ സിനിമ നൂറു ദിവസത്തിലധികമാണ് തിയറ്ററുകൾ നിറഞ്ഞോടിയത്. സത്യമംഗലം കാട്ടിൽ വിഹരിക്കുന്ന വീരഭദ്രൻ എന്ന കൊള്ളക്കാരനെ പിടിക്കുവാൻ വരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായാണ് വിജയകാന്ത് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. വിജയകാന്തിന്റെ ഫൈറ്റുകൾ കൊണ്ട് സമ്പന്നമായ ഈ ചിത്രം തെന്നിന്ത്യയൊട്ടാകെ അദ്ദേഹത്തിന് ആരാധകരെ ഉണ്ടാക്കി.

ആർ കെ സെൽവമണി സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മൻസൂർ അലി ഖാൻ ,രൂപിണി, രമ്യാ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ശരത്കുമാർ ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. മൻസൂർ അലി ഖാനാണ് വീരഭദ്രൻ എന്ന കാട്ടുകൊള്ളക്കാരനെ അവതിരിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലും ചിത്രം നാഴികക്കല്ലായി.

വീരപ്പന്റെ സംഭവ കഥകളുമായി ഏറെ സാമ്യം ചിത്രത്തിന് ഉണ്ടായിരുന്നു. പ്രഭാകരൻ വീരഭദ്രനെ പിടികൂടാൻ മാത്രമല്ല, അയാൾ കൊലപ്പെടുത്തിയ ഫോറസ്റ്റ് ഓഫീസറായിരുന്ന തന്റെ സുഹൃത്ത് രാജാരാമൻ ഐഎഫ്എസിന്റെ മരണത്തിന് പ്രതികാരം ചെയ്യാനും വേണ്ടിയാണ് വരുന്നത്. പൊലീസ് കമ്മീഷണറും, ജില്ലാ കളക്ടറും, അഴിമതിക്കാരും വീരഭദ്രനെ പിന്തുണയ്ക്കുന്നവരുമാണ്. ക്ലൈമാക്‌സിൽ വീരഭദ്രൻ പ്രഭാകരന്റെ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോകുന്നു. എന്നാൽ അതിസാഹസികമായി പ്രഭാകരൻ എത്തി ഭാര്യയെയും മകനെയും രക്ഷിക്കുന്നു. തുടർന്ന് വീരഭദ്രനെ പിടികൂടുന്നു. അങ്ങനെ അതിത്രില്ലിങ്ങ് ആയിട്ടാണ് ചിത്രം മുന്നോട്ട്‌പോകുന്നത്.

.60 ദിവസത്തോളം ചാലക്കുടിയിലായിരുന്നു ചിത്രീകരണം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലും നിരവധി രംഗങ്ങൾ ചിത്രീകരിച്ചു. സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ വിജയ്കാന്ത് അഭിനയിച്ചത് നെഞ്ചിടിപ്പോടെയാണ് ടീം അംഗങ്ങൾ കണ്ടത്. ചിത്രീകരണത്തിനിടെ, വിജയകാന്തിനെ ബന്ധിച്ച ഒരു കയർ പൊട്ടി, അദ്ദേഹത്തിന്റെ തോളെല്ലിന് സ്ഥാനഭ്രംശമുണ്ടായി. ഇരുകൈകളും ബന്ധിച്ച നിലയിൽ അദ്ദേഹം വേദന കൊണ്ട് നിലവിളിച്ചു, എന്നാൽ ഇത് അഭിനയമാണെന്നാണ് സംവിധായകൻ അടക്കം തെറ്റിദ്ധരിച്ചത്. അതുകൊണ്ട് വൈദ്യസഹായം ലഭിക്കുന്നതിന് കാലതാമസമുണ്ടായി. ഈ രീതിയിലുള്ള ഒരുപാട് അനുഭവങ്ങൾ പിൽക്കാലത്ത് വിജയകാന്ത് തുറന്ന് പറന്നിട്ടുണ്ട്. പക്ഷേ ഈ കഷ്ടപ്പാടിനെല്ലാം ലമുണ്ടായി. ചിത്രം ദക്ഷിണേന്ത്യയിൽ തരംഗമായി.

സിനിമയിലെ ഫാൻ ബേസ് തന്നെയാണ് വിജയ് കാന്തിനെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചതും. വെള്ളിത്തിരിയിൽ പ്രശസ്തിയിൽ കത്തി നിൽക്കുമ്പോൾ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. ഒരു പാർട്ടിയിലും ചേരാതെ സ്വന്തമായി ഒരു പാർട്ടിയുണ്ടാക്കയാണ് അദ്ദേഹം ചെയ്തത്. 2005ൽ ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ, 234 സീറ്റുകളിലും മത്സരിച്ചെങ്കിലും, വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളു.

എന്നാൽ 2011 ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. അന്ന് പ്രതിപക്ഷമായ ഡിഎംകെ തോറ്റ് തുന്നം പാടി. പ്രതിപക്ഷ നേതാവ് സ്ഥാനം ആവശ്യപ്പെടാൻപോലും എംഎൽമാർ അവർക്ക് ഉണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്ത് ജയലളിത ഒരു കളി കളിച്ചു. തങ്ങളുടെ സഖ്യത്തിൽ മത്സരിച്ച വിജയകാന്തിന്റെ പ്രതിപക്ഷ നേതാവാക്കി. പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്നതായിരുന്നു ജയയുടെ തന്ത്രം. അങ്ങനെ 2011 മുതൽ 2016 വരെ വിജയകാന്ത് പ്രതിപക്ഷ നേതാവായി. പക്ഷേ ജയലളിത കരുതിയതുപോലെ വെറും ഡമ്മി പ്രതിപക്ഷ നേതാവായിരുന്നില്ല അദ്ദേഹം. കുറച്ചുകാലം കഴിഞ്ഞതോടെ വിജയകാന്ത് സർക്കാറിന്റെ കടുത്ത എതിരാളിയായി.

ഇക്കാലത്ത് ജയലളിതയ്ക്കും കരുണാനിധിക്കും എതിരെ ഒരുപോലെ വിജയകാന്ത് ശബ്ദമുയർത്തി. അതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്ന് വിലയിരുത്തലുകൾ ഉണ്ടായി. പക്ഷേ പിന്നീട് അദ്ദേഹത്തിന് രാഷ്ട്രീയ നേട്ടങ്ങൾ ആവർത്തിക്കാനായില്ല. ഡിഎംകെയും എഐഡിഎംകെയുമായി ഒരുപോലെ ഉടക്ക് ആയതോടെ, വിജയകാന്ത് ബിജെപിയുമായി സഖ്യത്തിന് ശ്രമിച്ചു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മൽസരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി. പക്ഷേ മൽസരിച്ച 104 സീറ്റുകളിലും തോറ്റമ്പി.

വിജയ്കാന്തിന്റെ അനാരോഗ്യങ്ങളും പ്രശ്‌നമായി. അതോടെ തമിഴക രാഷ്ട്രീയത്തിൽ വിജയകാന്തിന്റെയും ഡിഎംഡികെയുടെയും സ്വാധീനം ദുർബലമായി. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുകയായിരുന്നു വിജയകാന്ത്. ഭാര്യ പ്രേമലതയെ രാഷ്ട്രീയ പാർട്ടിയുടെ ചുമതല ഏൽപ്പിച്ചത് അടുത്തിടെയാണ്. അദ്ദേഹം വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രസ്ഥാനവും അസ്തമിക്കാനാണ് സാധ്യത.

1952 ആഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജർ എന്നും ക്യാപ്റ്റൻ എന്നുമാണ് ആരാധകർക്കിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടൻ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതിൽ അധികവും.

1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകർ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ അഭിനയിച്ചു. 2010ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലുമെത്തിയിരുന്നു.

1994ൽ എം.ജി.ആർ പുരസ്‌കാരം, 2001ൽ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്‌കാരം, 2009ൽ ടോപ്പ് 10 ലെജൻഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.

2005ൽ ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാർട്ടിക്കും വിജയകാന്ത് രൂപം നൽകി. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളിൽ നിന്ന് ഓരോ തവണ വിജയിച്ചു. 2011 2016 കാലയളവിൽ തമിഴ്‌നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.

1990 ലായിരുന്നു വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്യുന്നത്. ഷൺമുഖ പാണ്ഡ്യൻ, വിജയ് പ്രഭാകർ അളകർസാമി എന്നിവർ മക്കളാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments