ന്യൂയോർക്ക്: തായ് വാനുമായി 385 മില്യണ്‍ ഡോളറിന്‍റെ ആയുധ കരാര്‍ ഒപ്പുവെച്ച് അമേരിക്ക. ഇന്ത്യൻ രൂപ പ്രകാരം3200 കോടിയിലേറെതുകയുടെ കരാറാണ്. ചൈനയുമായി നിരന്തരം തുടരുന്ന തര്‍ക്കത്തിനിടെയാണ് ആയുധ സംഭരണത്തിനുള്ള തായ് വാൻ തീരുമാനം. പുതിയ കരാറിലൂടെ ഭീഷണികള്‍ നേരിടാന്‍ തായ് വാൻ പര്യാപ്തമാകുമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് പറഞ്ഞു.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 385 ദശലക്ഷം ഡോളറിന്റെ മൂല്യത്തിലുള്ള എഫ് -16 യുദ്ധവിമാനങ്ങൾക്കും റഡാറുകൾക്കുമായി ആവശ്യമുള്ള സപെയർ ഭാഗങ്ങൾ തായ് വാനിലേക്ക് വിറ്റഴിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. തായ്‌വാൻ പ്രസിഡന്റ് ലൈ ചിംഗ്-ടെയുടെ പസഫിക് സന്ദർശനത്തിന് മുന്നേയാണ് അമേരിക്കയുമായുള്ള കരാറിൽ തീരുമാനമായത്.അമേരിക്കക്കും തായ്വാനും ഇടയിൽ ഔദ്യോഗിക നയതന്ത്രബന്ധം ഇല്ലെങ്കിലും, തായ്‌വാനെ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ സഹായം നൽകുമെന്ന് അമേരിക്ക നേരത്തെ തന്നെ നിയമപരമായി അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരമാണ് ഇപ്പോൾ 385 ദശലക്ഷം ഡോളറിന്‍റെ ആയുധ കരാറിൽ ഒപ്പിട്ടതെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് വ്യക്തമാക്കി.
പെന്റഗൺറെ ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസിയുടെ അറിയിപ്പ് പ്രകാരം, 320 ദശലക്ഷം ഡോളറിന്റെ മൂല്യമുള്ള എഫ്-16 യുദ്ധവിമാനങ്ങൾക്കടക്കം കരാറുണ്ട്. ഇതിന് പുറമെയാണ് റഡാറുകൾക്കും ബന്ധപ്പെട്ട ഉപകരണങ്ങൾക്കും ആവശ്യമായ സപെയർ ഭാഗങ്ങളുടെ വിൽപ്പന.അതേസമയം അമേരിക്കയുടെ തായ്വാൻ അനുകൂല നിലപാടിനെ ചൈന എല്ലാക്കാലത്തും രൂക്ഷമായി വിമർശിക്കാറുണ്ട്. അമേരിക്കയാണ് ചൈനക്കും തായ്വാനുമിടയിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്നതടക്കമുള്ള വിമർശനങ്ങാണ് ചൈന മുന്നോട്ട് വയ്ക്കാറുള്ളത്. ചൈനയുടെ ഭീഷണി മറികടക്കാൻ തായ്വാന് സംരക്ഷണം ഒരുക്കാനുള്ള ബാധ്യത ലോക രാജ്യങ്ങൾക്ക് ഉണ്ടെന്നതാണ് സാധാരണ ഗതിയിൽ അമേരിക്കയുടെ മറുപടി. ഇത്തവണയും അതേ നിലയിലാണ് പെന്‍റഗൺ പ്രതികരിച്ചത്. പുതിയ കരാറിലൂടെ ഭീഷണികള്‍ നേരിടാന്‍ തായ്വാന്‍ പര്യാപ്തമാകുമെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയത്