Thursday, December 5, 2024

HomeAmericaഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: യുവാവിനെ വെടിവെച്ചു കൊന്ന് യു.എസ്. പൊലീസ്

ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: യുവാവിനെ വെടിവെച്ചു കൊന്ന് യു.എസ്. പൊലീസ്

spot_img
spot_img

ഒഹായോ: അമേരിക്കയിൽ ഏഴ് വയസുകാരിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. ഒഹായോയിലായിരുന്നു സംഭവം. കുഞ്ഞിനെ കൊല്ലുമെന്നും താനും മരിക്കുമെന്നും ഭീഷണി മുഴക്കിയ യുവാവ് ഏറെ നേരം ഉദ്യോഗസ്ഥരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി. ഇയാളെ സമാധാനിപ്പിക്കാൻ ഏറെ നേരം പരിശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മെഡിന കൗണ്ടി പൊലീസ് വകുപ്പ് അറിയിച്ചു.

ചാൾസ് റയാൻ അലക്സാണ്ടർ എന്ന 43കാരനെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. നേരത്തെയുണ്ടായ ചില കുടുംബ പ്രശ്നങ്ങളെ തുടർന്ന്  ഇയാളുടെ ഏഴ് വയസുള്ള മകളുടെ സംരക്ഷണ അവകാശം ഇയാളിൽ നിന്ന് എടുത്തുമാറ്റിയിരുന്നു. തുടർന്ന് ഒഹായോയിൽ അമ്മയുടെ വീട്ടിൽ കഴിയുന്നതിനിടെയാണ് അവിടെയെത്തിയ ചാൾസ് കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് ഇയാളെ പിന്തുടരുകയും ചെയ്തു.

ഒരു വാണിജ്യ സ്ഥാപനത്തിന്റെ പാർക്കിങ് ലോട്ടിൽ വെച്ചാണ് ചാൾസിന്റെ കാർ പൊലീസിന് തടയാൻ സാധിച്ചത്. പിന്നീട് ഇയാളുമായി രക്ഷാപ്രവർത്തകർ ഫോണിലൂടെ സംസാരിച്ചു. മകളെ കൊല്ലുമെന്നും താനും സ്വയം വെടിവെച്ച് മരിക്കുമെന്നും ഇയാൾ ആവർത്തിച്ചു. ഇതിനിടെ തന്നെ കൊല്ലരുതെന്ന് മകൾ യാചിക്കുന്ന ശബ്ദവും കോൾ റെക്കോർഡ്സിൽ കേൾക്കാം. ഇടയ്ക്ക് വെച്ച് ‘നമ്മൾ രണ്ട് പേരും സ്വർഗത്തിൽ പോകാൻ പോവുകയാണോ അച്ഛാ?’ എന്ന് മകൾ ചോദിക്കുന്നതും, യുവാവ് അതെ എന്ന് മറുപടി പറയുന്നതും തുടർന്ന് അലറിക്കരയുന്ന പെൺകുട്ടി, തനിക്ക് ഇന്ന് സ്വർഗത്തിൽ പോകേണ്ടെന്ന് വിളിച്ച് പറയുന്നതും കോൾ റെക്കോർഡ്സിലുണ്ട്.

കുട്ടിയുടെ നേരെ തുടർച്ചയായി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ഇയാൾ പിന്നീട് ആവശ്യപ്പെട്ടതനുസരിച്ച് കുട്ടിയുടെ അമ്മയുമായി സംസാരിക്കാനും അധികൃതർ വഴിയൊരുക്കി. അരുതാത്തതൊന്നും സംഭവിക്കരുതെന്നും കുട്ടിയെ പേടിപ്പിക്കരുതെന്നുമൊക്കെ അധികൃതർ ആവർത്തിച്ച് യുവാവിനോട് ആവശ്യപ്പെട്ടു. അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമവും നടത്തിയെങ്കിലും യുവാവ് അൽപം പോലും വഴങ്ങിയില്ല.

പിന്നീട് സ്ഥിതി മോശമായ ഒരു സാഹചര്യത്തിൽ പൊലീസ് ഇയാൾക്ക് നേരെ വെടിവെച്ചു എന്നാണ് അധികൃതർ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് അപ്പോൾ തന്നെ മരണപ്പെടുകയും ചെയ്തു. മകൾക്ക് പരിക്കുകളില്ലെങ്കിലും സംഭവം നേരിട്ടുകണ്ടതിന്റെയും അനുഭവിച്ചതിന്റെയും ആഘാതത്തിലാണ്. കുട്ടിയെ പിന്നീട് രക്ഷിതാക്കൾക്ക് കൈമാറി. സംഭവം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ കുട്ടിയ്ക്ക് പിന്തുണയുമായി പലരും രംഗത്തെത്തി. ചാരിറ്റി വെബ്സൈറ്റുകൾ വഴി കുട്ടിയ്ക്ക് വേണ്ടി ധനസമാഹരണവും ചിലർ തുടങ്ങിയിട്ടുണ്ട്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments