ന്യൂയോർക്ക്: വിദ്യാർത്ഥികളോട് സംവദിച്ചും അനുഭവങ്ങൾ പങ്കിട്ടും സുനിതാ വില്യംസ്. യുഎസ് മാസച്യുസിറ്റ്സിൽ തന്റെ പേരുള്ള സ്കൂളിലെ വിദ്യാർഥികളുമായാണ് വിഡിയോവഴി സുനിതാ വില്യംസ് സംവദിച്ചത്. മാസച്യുസിറ്റ്സിലെ നീധാമിലാണ് ഈ സ്കൂൾ. ബഹിരാകാശത്ത് താമസിക്കുന്നത് അടിപൊളി അനുഭവമാണെന്നാണ് കുട്ടികളോട് ശുഭാപ്തിവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ സുനിത പറഞ്ഞത്.
ബഹിരാകാശത്ത് ആദ്യം വന്നപ്പോൾ തനിക്ക് അത്ര വിശപ്പില്ലായിരുന്നെന്നും എന്നാൽ ഇപ്പോൾ നല്ല വിശപ്പുണ്ടെന്നും 3 നേരം നല്ല അളവിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും സുനിത കുട്ടികളോട് പറഞ്ഞു. ഇടയ്ക്ക് സുനിതയുടെ ശരീരഭാരം വളരെക്കുറഞ്ഞതു വിവാദമുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ തനിക്കു ഭാരക്കുറവില്ലെന്നും ഇങ്ങോട്ടു പുറപ്പെട്ടപ്പോഴത്തെ അതേ ഭാരമാണെന്നും സുനിത ഉറപ്പുനൽകുന്നു. ബഹിരാകാശ നിലയത്തിൽ ലെറ്റ്യൂസ് കൃഷിയും സുനിത ചെയ്തു. ലെറ്റ്യൂസിന്റെ ബഹിരാകാശ സാഹചര്യങ്ങളിലെ വളർച്ച, ഇതിന്റെ പോഷണമൂല്യം തുടങ്ങിയവ വിലയിരുത്താനായാണ് ഇത്.
രണ്ടുമാസം കൂടി കാത്തിരിക്കേണ്ടി വരും സുനിതയുെടയും ബച്ച്മോറിന്റെയും മടക്കയാത്രയ്ക്ക്. ഇവരെയും വഹിച്ചുള്ള പേടകം ഫെബ്രുവരിയിൽ ഭൂമിയിലേക്കു തിരികെയെത്തുമെന്നു നാസ പറയുന്നു.