വാഷിങ്ടൺ: നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യൻ പ്രസിഡന്റ വ്ലാദമിർ പുടിൻ ഭയപ്പെടുന്ന നേതാവാണ് ട്രംപെന്ന് സെലൻസ്കി പറഞ്ഞു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
ട്രംപുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണുമായുമുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുവരുമായുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് സെലൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന് ദൃഢനിശ്ചയത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റുള്ളവർക്ക് സാധിക്കാത്ത കാര്യങ്ങൾ ചെയ്യാൻ അമേരിക്കക്ക് കഴിവുണ്ട്. ഈ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടേയും യുറോപ്പിന്റേയും ലോകത്തിന്റെ മുഴുവനും ഐക്യമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് സെലൻസ്കി എക്സിലെ കുറിപ്പിൽ പറഞ്ഞു.
ശക്തമായ തീരുമാനത്തിന് മാത്രമേ ഈ യുദ്ധം അവസാനിപ്പിക്കാനും ശാശ്വതമായ സമാധാനം ഉറപ്പാക്കാനും സാധിക്കു. നല്ല അന്താരാഷ്ട്രക്രമം സൃഷ്ടിക്കാൻ നടപടികളാണ് ആവശ്യമെന്നും സെലൻസ്കി പറഞ്ഞു.
ഈ ഭ്രാന്ത് അവസാനിപ്പിക്കാൻ സെലൻസ്കിയും യുക്രെയ്നും ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞായറാഴ്ച ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.