കാലിഫോര്‍ണിയ: ക്വാണ്ടം കമ്പ്യൂട്ടിങ് സംവിധാനം പരിഷ്‌ക്കരിച്ച് ടെക് ഭീമനായ ഗൂഗിള്‍. അടുത്ത തലമുറയില്‍പ്പെട്ട ‘വില്ലോ’ എന്ന ക്വാണ്ടം ചിപ്പാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറയിലുള്ള കമ്പനിയുടെ ക്വാണ്ടം ലാബില്‍ വികസിപ്പിച്ചെടുത്തതാണ് ഈ പുതിയ ചിപ്പ്. സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്ക് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കൊണ്ട് മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന ഗണിതക്രിയക്ക് അഞ്ച് മിനിട്ടു കൊണ്ട് പുതിയ ചിപ്പ് ഉത്തരം നല്‍കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.
ക്വാണ്ടം ചിപ്പ് എന്നത് ആറ്റങ്ങള്‍ പോലുള്ള വളരെ ചെറിയ കണങ്ങളുടെ ശാസ്ത്രമായ ക്വാണ്ടം മെക്കാനിക്‌സിന്റെ തത്വങ്ങള്‍ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ഒരു പ്രത്യേക തരം കമ്പ്യൂട്ടര്‍ ചിപ്പാണ്. വിവരങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിന് ‘ബിറ്റുകള്‍’ ഉപയോഗിക്കുന്ന സാധാരണ ചിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ക്വാണ്ടം ചിപ്പുകള്‍ ‘ക്വിറ്റുകള്‍’ ഉപയോഗിക്കുന്നു. അതിനാല്‍ പരമ്പരാഗത കമ്പ്യൂട്ടറുകളേക്കാള്‍ വളരെ വേഗത്തില്‍ സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ കൈകാര്യം ചെയ്യാന്‍ ഈ ക്വാണ്ടം ചിപ്പുകള്‍ക്ക് സാധിക്കുന്നു.
ഇന്നത്തെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകളിലൊന്ന് 10 സെപ്റ്റില്യണ്‍ വര്‍ഷം എടുക്കുന്ന ഗണിതശാസ്ത്ര പ്രശ്‌നത്തിന് അഞ്ച് മിനിറ്റിനുള്ളില്‍ പരിഹാരം കാണാന്‍ വില്ലോ ചിപ്പിന് കഴിയും. പ്രപഞ്ചത്തിന്റെ പ്രായത്തെക്കാള്‍ കൂടുതല്‍ വര്‍ഷമാണ് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടി വരുന്നതെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. ഏകദേശം 13.7 ബില്യണിലേറെ (13700 കോടി) വര്‍ഷമാണ് പ്രപഞ്ചത്തിന്റെ പ്രായമായി കണക്കാക്കുന്നത്.
ഗൂഗിളിന്റെ ചിപ്പ് പരിഹരിക്കുന്ന പ്രശ്നത്തിന് നിലവില്‍ വാണിജ്യപരമായ പ്രയോജനമൊന്നുമില്ലെങ്കിലും വരും കാലങ്ങളില്‍ വേഗതയിലൂടെ കമ്പ്യൂട്ടിങ്ങില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍. കമ്പ്യൂട്ടറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലും മരുന്നുഗവേഷണത്തിലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലും ചിപ്പ് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍.നിലവിലുള്ള കമ്പ്യൂട്ടറുകളേക്കാള്‍ വേഗം ഉറപ്പ് നല്‍കുന്ന ക്വാണ്ടം കംപ്യൂട്ടിങ് സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. അതിന്റെ ഭാഗമായിട്ടാണ് പുതിയ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്.