വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് തന്റെ രണ്ടാം ഊഴത്തില്‍ പുതിയ സര്‍ജന്‍ ജനറല്‍ ആയി നോമിനേറ്റ് ചെയ്തിരിക്കുന്ന ഡോ. ജാനറ്റ് നെഷെയ്വാത്ത് പ്രഗത്ഭരായ ഡോക്ടര്‍മാരില്‍ ഒരാള്‍, ചാനലുകളിലെ സുപരിചിതയായ മെഡിക്കല്‍ കറസ്പോണ്ടന്റ്, കൂടാതെ മെഡിക്കല്‍ ജേര്‍ണലിസ്റ്റ് എന്ന നിലയിലും പ്രശസ്തയാണ്. ഫോക്സ് ന്യൂസില്‍ ഉള്‍പ്പെടെ, ആരോഗ്യസംബന്ധമായ വിഷയങ്ങളില്‍ അവര്‍ കാലങ്ങളായി പ്രത്യക്ഷപ്പെടുന്നു.
എന്നാല്‍ രക്തം ചിന്തിയ ഒരു ഭൂതകാലം ജാനറ്റിനുണ്ട്. നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയിട്ടുള്ള ഡോക്ടര്‍ ജാനറ്റിന്, 13-മത്തെ വയസില്‍ പിണഞ്ഞൊരു അബദ്ധം ഒരു ജീവന്‍ നഷ്ടമാകാന്‍ കാരണമായിട്ടുണ്ട്. ആ തെറ്റിന്റെ പ്രായശ്ചിത്തം കൂടിയാണ് അവര്‍ നടത്തുന്ന വൈദ്യസേവനം. ജാനറ്റിന്റെ കൈയബദ്ധം കവര്‍ന്ന ജീവന്‍ മറാറാരുടേതുമായിരുന്നില്ല, സ്വന്തം പിതാവിന്റെ ജീവനായിരുന്നു അത്. 1990-ല്‍ ആയിരുന്നു ആ ദുരന്തം. ജോര്‍ദാനില്‍ നിന്ന് കുടിയേറിയവരാണ് ജാനറ്റിന്റെ മാതപിതാക്കള്‍. ഫ്ളോറിഡായിലെ യുമറ്റിലയിലുള്ള വീട്ടില്‍ വച്ചായിരുന്നു അത്യാഹിതം നടന്നത്.
ആ ദിവസം രാവിലെ ഏഴേ കാലോടെ അച്ഛന്റെ കിടപ്പു മുറിയിലേക്ക് ജാനറ്റ് ചെന്നു. കത്രിക തേടുകയായിരുന്നു. ഷെല്‍ഫില്‍ ഇരുന്നിരുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഒരു പെട്ടിയില്‍ കത്രിക ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് 13 കാരിയായ ജാനറ്റ് അത് വലിച്ചെടുത്തത്. ആ പെട്ടി സൂക്ഷിച്ചിരുന്ന ഷെല്‍ഫ്, അവളുടെ അച്ഛന്‍ ഉറങ്ങി കിടക്കുന്ന കട്ടിലിന് മുകളിലായിട്ടായിരുന്നു. വലിച്ചെടുത്ത പെട്ടി തന്റെ കൈകളില്‍ സുരക്ഷിതമാക്കാന്‍ ജാനറ്റിന് സാധിച്ചില്ല. അത് താഴെ വീണു. പെട്ടിയില്‍ നിന്ന് പുറത്തേക്ക് തെറിച്ച തോക്ക് പൊട്ടി, ഉറങ്ങി കിടന്നിരുന്ന അച്ഛന്റെ തലയിലാണ് വെടിയുണ്ട തുളച്ചു കയറുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജാനറ്റിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാറാണ് പതിവെങ്കിലും, ജാനറ്റ് എപ്പോഴും പറയുന്നൊരു കാര്യമുണ്ട്, ഈ സംഭവമാണ് ഒരു ഡോക്ടര്‍ ആകണമെന്ന തീരുമാനത്തില്‍ തന്നെ എത്തിച്ചതെന്ന്. ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന, ഒരു ലാഭരഹിത ആരോഗ്യ ക്ലിനിക്കായ സിറ്റി എം.ഡിയില്‍ അടിയന്തര പരിചരണ ഡോക്ടറായി കഴിഞ്ഞ 15 വര്‍ഷമായി സേവനം അനുഷ്ഠിച്ചു വരികയാണ് ഡോ. ജാനറ്റ്. കോവിഡ് കാലത്ത് ഫോക്സ് ന്യൂസ് വഴി ജാനറ്റ് നല്‍കിയ ആരോഗ്യ ഉപദേശങ്ങളും നിര്‍ദേശങ്ങളും ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെട്ടിരുന്നു.
ഉടന്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന, ഡോ. ജാനറ്റിന്റെ ഓര്‍മക്കുറിപ്പുകളില്‍, പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടത്രേ. യു.എസ് പബ്ലിക് ഹെല്‍ത്ത് സര്‍വീസ് കമ്മീഷന്‍ഡ് കോര്‍പ്സിന്റെ പ്രവര്‍ത്തനവിഭാഗം തലവനും ഫെഡറല്‍ ഗവണ്‍മെന്റിലെ പൊതുജനാരോഗ്യ വിഷയങ്ങളുടെ പ്രധാന വക്താവുമാണ് സര്‍ജന്‍ ജനറല്‍. പ്രസിഡന്റാണ് സര്‍ജന്‍ ജനറലിനെ നിയമിക്കുന്നതെങ്കിലും സെനറ്റിന്റെ അംഗീകാരം വേണം. നാല് വര്‍ഷത്തെക്കാണ് കാലാവധി.
രാജ്യത്തിന്റെ ആരോഗ്യ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രധാന ഉപദേശകനായി പ്രവര്‍ത്തിക്കുക, അമേരിക്കയുടെ പൊതുജനാരോഗ്യമേഖലയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയൊക്കെ സര്‍ജന്‍ ജനറലിന്റെ ചുമതലകളാണ്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട ഏകദേശം 6,000 വരുന്ന ഹെല്‍ത്ത് പ്രൊഫഷനലുകളുടെ സംഘത്തെ നയിക്കുന്നതും സര്‍ജന്‍ ജനറലാണ്.
ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബഹുമതികളും അംഗീകരങ്ങളുമൊക്കെ നല്‍കുന്നതിന്റെ അധികാര കേന്ദ്രവും സര്‍ജന്‍ ജനറലാണ്. ബൈഡന്‍ ഭരണകൂടത്തിന്‍ കീഴില്‍ സര്‍ജന്‍ ജനറലായി സേവനം അനുഷ്ഠിക്കുന്ന ഡോ. വിവേക് മൂര്‍ത്തിയുടെ പിന്‍ഗാമിയായിട്ടായിരിക്കും ട്രംപിന്റെ നാമനിര്‍ദേശം സെനറ്റ് അംഗീകരിച്ചാല്‍ ഡോ. ജാനറ്റ് സ്ഥാനമേല്‍ക്കുക.