ന്യൂയോർക്ക്: ലോകത്തെ അതിസമ്പന്നന്‍മാരില്‍ ഒന്നാമനായി സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക്. 40,000 കോടിയിലേറെ യുഎസ് ഡോളറാണ് മസ്കിന്‍റെ ആസ്തി. യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മസ്കിന്‍റെ സമ്പത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായത്. മസ്കിന്‍റെ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്പേസ് എക്സിന്‍റെ ഓഹരികളില്‍ നിന്ന് മാത്രം 50 ബില്യണ്‍ ഡോളറിന്‍റെ ആസ്തി വര്‍ധനവാണ് മസ്കിനുണ്ടായത്. ടെസ്ലയുടെ ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയിലായതോടെ മസ്കിന്‍റെ ആസ്തി 447 ബില്യണ്‍ ഡോളറായി ഉയരുകയായിരുന്നു.
ഒറ്റദിവസം കൊണ്ട് മാത്രം 62.8 ബില്യന്‍ ഡോളറിന്‍റെ വര്‍ധനവ് നേടിയ സമ്പന്നനെന്ന റെക്കോര്‍ഡും മസ്കിന് സ്വന്തം. ഒപ്പം ലോകത്തെ 500 അതിസമ്പന്നന്‍മാരുടെ സംയോജിത ആസ്തി 10 ട്രില്യണിലേറെ വര്‍ധിക്കുന്നതിനും മസ്കിന്‍റെ കുതിപ്പ് സഹായിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. ജര്‍മനി, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദന( GDP)ത്തോളമാണ് ഈ സംയോജിത ആസ്തിയെന്നും കണക്ക് വ്യക്തമാക്കുന്നു.
218 ബില്യണ്‍ യുഎസ് ഡോളറാണ് ഈ വര്‍ഷം മാത്രം മസ്ക് സ്വന്തം സ്വത്തില്‍ ഇതുവരെ കൂട്ടിച്ചേര്‍ത്തത്. മറ്റൊരു ധനാഢ്യനും ഈ നേട്ടം കൈവരിക്കാനായിട്ടില്ല. 2021ലെ റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ടെസ്ലയുടെ ഓഹരികള്‍ ഇതാദ്യമായി 71 ശതമാനം നേട്ടമുണ്ടാക്കിയതോടെയാണ് മസ്കിന്‍റെ തലവര ഒന്നുകൂടി തെളിഞ്ഞത്.