വാഷിംഗ്ടൺ: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ടൈം മാസികയുടെ ‘പേഴ്സണ്‍ ഓഫ് ദ് ഇയര്‍’. ഇത് രണ്ടാംതവണയാണ് ട്രംപ് പേഴ്സണ്‍ ഓഫ് ദ് ഇയറായി തിരഞ്ഞെടുക്കപ്പെടുന്നത്. 2016ല്‍ ആയിരുന്നു ഇതിന് മുന്‍പ് ട്രംപ് ഈ നേട്ടം കൈവരിച്ചത്. പോപ് താരം ടെയ്ലര് സ്വിഫ്റ്റായിരുന്നു 2023ലെ പേഴ്സണ്‍ ഓഫ് ദ് ഇയര്‍. 2020 ല്‍ ജോ ബൈഡന്‍റെയും കമലയുടെയും പേരുകളായിരുന്നു മാസിക തിരഞ്ഞെടുത്തത്.
വാള്‍സ്ട്രീറ്റിലെത്തിയാകും ട്രംപ് തന്‍റെ നേട്ടം ആഘോഷിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ചിലെത്തുന്ന ട്രംപ് പരമ്പരാഗത ‘മണി മുഴക്കല്‍ ‘ ചടങ്ങില്‍ പങ്കെടുക്കും. ടെലിവിഷന്‍ താരമായും ബിസിനസുകാരനായും രാഷ്ട്രീയക്കാരനായുമെല്ലാം ട്രംപ് യാത്ര ആരംഭിച്ചതും പയറ്റിത്തെളിഞ്ഞതും ന്യൂയോര്‍ക്കില്‍ നിന്നാണെന്നത് കൊണ്ടുതന്നെ ഇതിന് വലിയ പ്രാധാന്യമാകും ട്രംപ് നല്‍കുകയെന്നാണ് അനുകൂലികള്‍ പറയുന്നത്.
1800കളിലാണ് ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ചിലെ ഈ മണി മുഴക്കല്‍ ചടങ്ങ് ആരംഭിച്ചത്. യുഎസ് പ്രസിഡന്‍റ് മുതല്‍ പ്രമുഖ സെലിബ്രിറ്റികള്‍ വരെ ഈ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നതോടെ സമ്പദ് വ്യവസ്ഥയുടെ സ്പന്ദനങ്ങളറിയുന്ന രാഷ്ട്രീയ നായകന്‍ എന്ന പ്രതിച്ഛായ നിര്‍മിക്കാനാകും ട്രംപിന്‍റെ ശ്രമമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിയിലും കോര്‍പറേറ്റ് നയങ്ങളിലുമടക്കം ട്രംപിന്‍റെ തീരുമാനങ്ങള്‍ ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ട്രംപിന്‍റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഎസ് ഓഹരി വിപണി നേട്ടത്തിലാണ്. ഡൗ ജോണ്‍ണ്‍സ് 1500 പോയിന്‍റാണ് ഉയര്‍ന്നത്. ടാക്സ് ഇളവടക്കമുള്ള മാറ്റങ്ങള്‍ ട്രംപില്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. യുഎസ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപ് ജനുവരി 20നാകും അധികാരമേല്‍ക്കുക.