ഹൂസ്റ്റണ്‍: നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി പാലക്കാട് കരിമ്പയില്‍ റോഡപകടത്തില്‍ മരണമടഞ്ഞ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫോമാ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ദുരന്തത്തില്‍ വിടചൊല്ലിയ പൊന്നു മക്കളുടെ അപ്രതീക്ഷിത വേര്‍പാട് താങ്ങാനാവുന്നതല്ലെന്നും ഇവരുടെ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും കടുത്ത മനോവേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട് ഫോമാ ഓരോ മലയാളിയുടെയും പേരില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് പാലക്കാട് കരിമ്പ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ എ.എസ് അയിഷ, റിദ ഫാത്തിമ, നിദ ഫാത്തിമ, ഇര്‍ഫാന ഷെറില്‍ എന്നിവരുടെ അകാല മരണത്തിനിടയാക്കിയതെന്ന് ഫോമാ മനസിലാക്കുന്നു. അനുനിമിഷമുള്ള റോഡപകടങ്ങള്‍ കേരളത്തിന്റെ തീരാശാപമാണെന്നും നിരപരാധികളെ അപായക്കെണിയില്‍ ചാടിക്കുന്ന റോഡുകളുടെ ശോച്യാവസ്ഥ സമയബന്ധിതമായിത്തന്നെ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഒരു അപകടമുണ്ടാവുമ്പോള്‍ മാത്രം പരിഹാര നടപടികളുമായി ഇറങ്ങുന്നത് അപലപനീയമാണെന്നും ഫോമാ ഭാരവാഹികള്‍ പറഞ്ഞു.