ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയി പ്രോവിന്‍സിലുള്ള ഏറ്റവും വലിയ കാത്തലിക് സ്‌കൂള്‍ ബോര്‍ഡുകളിലൊന്നായ ഫറിന്‍ പീല്‍ കാത്തലിക് ഡസ്ട്രിക്റ്റ് സ്‌കൂള്‍ 11 അംഗ ട്രസ്റ്റി ബോര്‍ഡിന്റെ വൈസ് ചെയറായി തുടര്‍ച്ചയായ മൂന്നാം തവണയും ഡോ. തോമസ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ലൂസ് ഡെല്‍ റൊസാരിയോ ആണ് ചെയര്‍മാന്‍. റൊസാരിയോയും തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
കൂടാതെ, മലയാളികളായ ഷോണ്‍ സേവ്യര്‍ ബോര്‍ഡിന്റെ കീഴിലുള്ള ഫെയ്ത് ആന്‍ഡ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായും അനീഷ തോമസ് ബോര്‍ഡ് പോളിസി കമ്മിറ്റി വൈസ്‌ചെയറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്ന് ലൂസ് ഡെല്‍ റൊസാരിയോയും തോമസ് തോമസും പറഞ്ഞു.
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് മരങ്ങോലില്‍ കുടുംബാംഗമാണ് ഡോ. തോമസ് തോമസ്. കാല്‍ നൂറ്റാണ്ടോളം ഒരേ വാര്‍ഡിനെ പ്രതിനിധീകരിച്ച് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുക എന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം. ഡോ. തോമസ് തോമസ് നിരവധി കമ്മറ്റികളില്‍ ചെയറും വൈസ് ചെയറുമായിരുന്നു. കൂടാതെ ഒന്റാറിയോ കാത്തലിക് സ്‌കൂള്‍ ട്രസ്റ്റിസ് അസോസിയേഷന്‍ ഡഫറിന്‍ പീല്‍ റീജിയണല്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പിളര്‍പ്പിന് മുമ്പുള്ള ഫൊക്കാനയുടെയും കനേഡിയന്‍ മലയാളി അസോസിയേഷന്റെയും പ്രസിഡന്റായിരുന്ന അദ്ദേഹം കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി, കനേഡിയന്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരി, ഫോമാ കാനഡ റീജിയണല്‍ വൈസ് പ്രസിഡന്റ്, പനോരമ ഇന്ത്യാ ഡയറക്ടര്‍ തുടങ്ങി നിരവധി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. കാനഡയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം കനേഡിയന്‍ മലയാളികളുടെ ഇടയില്‍ സജീവ സാന്നിധ്യമാണ്.
നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമായുടെ വരും വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ടൊറോന്റോയില്‍ നടത്താന്‍ ഒരു നേതൃമാറ്റം അനിവാര്യമാണെന്ന കനേഡിയന്‍ മലയാളികളുടെ ആവശ്യത്തെ മുന്‍നിര്‍ത്തി ഫോമാ 2026-28 വര്‍ഷത്തേയ്ക്കുള്ള ഭരണ സമിതിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തോമസ് തോമസ് മല്‍സരിക്കുന്നുണ്ട്.
അതേസമയം, ഡഫറിന്‍ പീല്‍ കത്തോലിക് ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ്, മിസിസാഗ, ബ്രാംപ്റ്റണ്‍, കാലഡണ്‍, ഡഫേറിന്‍ കൗണ്ടി ഓറഞ്ച്വില്‍ എന്നീ പ്രദേശങ്ങളിലെ 148 വിദ്യാലയങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. ഇവയില്‍ 122 എലമെന്ററി വിദ്യാലയങ്ങളും, 26 സെക്കന്ററി വിദ്യാലയങ്ങളും ഹൈസ്‌കൂളുകളും, മുതിര്‍ന്നവര്‍ക്കായുള്ള രണ്ട് തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു. മിസ്സിസ്സൗഗയിലെ കത്തോലിക് എഡ്യൂക്കേഷന്‍ സെന്ററിലാണ് ബോര്‍ഡിന്റെ ആസ്ഥാനം. ബോര്‍ഡിനു കീഴിലുള്ള സ്‌കൂളുകളിലായി ഏകദേശം 89,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 5,000-ത്തോളം അദ്ധ്യാപകരും ജോലി ചെയ്യുന്നു.