നേര്‍കാഴ്ച ലേഖകന്‍
മനുഷ്യന് പക്ഷിയെപ്പോലെ വായുവിലൂടെ പറക്കാന്‍ കഴിയുമെന്ന് തെളിയിച്ച റൈറ്റ് സഹോദരന്മാരുടെ ആ സുപ്രധാന കണ്ടുപിടുത്തം ബഹിരാകാശ പര്യവേക്ഷണം ഉള്‍പ്പെടെയുള്ള പുത്തന്‍ മേച്ചല്‍ പുറങ്ങളിലേയ്ക്കുള്ള സഞ്താരത്തിന്റെ തുടക്കമായിരുന്നു. ലോകത്താദ്യമായി വായുവില്‍ നിയന്ത്രിക്കാവുന്ന വിമാനം നിര്‍മ്മിച്ച വില്‍ബര്‍ റൈറ്റും ഓര്‍വില്‍ റൈറ്റിന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ‘റൈറ്റ് ബ്രദേവ്‌സ് ഡേ’. ഇന്ന് (ഡിസംബര്‍ 17) നാം ഈ ദിനം ആ ചരിക്കുമ്പോള്‍ ലോകത്തിന്റെ വ്യാമയാന ചരിത്രവും പുനര്‍വായിക്കപ്പെടേണ്ടതുണ്ട്.
പുരാതന ഇന്ത്യയിലെ മാളവ ദേശത്തെ പേരുകേട്ട ഒരു രാജാവും സംസ്‌കൃതത്തിലെ അറിയപ്പെടുന്ന കവികൂടി ആയ ഭോജന്‍ രചിച്ച ‘സമരാങ്കണ സൂത്രധാരം’ എന്ന ഗ്രന്ഥത്തില്‍ വിമാനത്തിന്റെ ഘടന വിശദമാക്കുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ ലിയണാര്‍ഡോ ഡാവിഞ്ചി പറക്കുന്നതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ നടത്തുകയും പറക്കുന്നതിനുള്ള പലതരത്തിലുള്ള യന്ത്രങ്ങള്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. മനുഷ്യന് പറക്കാന്‍ സാധിക്കണമെങ്കില്‍ ചിറകടിച്ചു പറക്കുന്ന പക്ഷികളെയല്ല മറിച്ച് പരുന്തുകളെ പോലെ ചിറകടിക്കാതെ തന്നെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നവയെ ആണ് അനുകരിക്കേണ്ടത് എന്ന തിരിച്ചറിവില്‍ നിന്നാണ് വായുവിനേക്കാള്‍ ഭാരം കൂടിയ ആകാശയാനങ്ങളുടെ ഉദ്ഭവം.
പറക്കുമ്പോള്‍ അനുഭവപ്പെടുന്ന ബലങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കിയ ആദ്യത്തെ ശാസ്ത്രജ്ഞനായി സര്‍ ജോര്‍ജ് കെയ്‌ലി (1773-1857) അറിയപ്പെടുന്നു. ഉയര്‍ത്തല്‍ ബലം ഉണ്ടാക്കാനും നിയന്ത്രണത്തിനും സ്ഥിരതയ്ക്കും വ്യത്യസ്ത ഭാഗങ്ങള്‍ ഉപയോഗിക്കുന്ന സമ്പ്രദായം അദ്ദേഹമാണ് ആദ്യമായി ആവിഷ്‌കരിച്ചത്. ഇംഗ്ലീഷ് എന്‍ജിനീയര്‍ ആയിരുന്ന ഇദ്ദേഹം തന്റെ കണ്ടുപിടിത്തങ്ങള്‍ ഒരു വെള്ളിനാണയത്തില്‍ രേഖപ്പെടുത്തി വെക്കുകയുണ്ടായി. അതിന്റെ ഒരു വശത്ത് പറക്കുന്ന വാഹനത്തില്‍ അനുഭവപ്പെടുന്ന ബലങ്ങളും മറുവശത്ത് ഒരു സെറ്റ് ചിറകുകളുള്ള ഒരു ഗ്ലൈഡറിന്റെ രൂപകല്പനയുമായിരുന്നു ഉണ്ടായിരുന്നത്. തന്റെ അറിവുകളുടെ വെളിച്ചത്തില്‍ വിവിധ തരം ഗ്ലൈഡറുകള്‍ അദ്ദേഹം പറത്തുകയുണ്ടായി.
ജര്‍മ്മന്‍കാരനായ ഒട്ടോ ലിലിയെന്താള്‍ ശാസ്ത്രീയമായ രീതിയില്‍ തുടര്‍ച്ചയായി ഗ്ലൈഡറുകള്‍ പറത്തിയ ആദ്യ വ്യക്തിയാണ്.വളഞ്ഞ എയറോഫോയില്‍ ഉള്ള ചിറകുകളും വെര്‍ട്ടിക്കല്‍, ഹോറിസോണ്ടല്‍ ചിറകുകളും അദ്ദേഹത്തിന്റെ ഗ്ലൈഡറുകളുടെ പ്രത്യേകതയായിരുന്നു. 1896 മെയ് 6-ന് സാമുവേല്‍ ലാംഗ്‌ലി എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ പൈലറ്റില്ലാത്തതും എന്‍ജിന്‍ ഉപയോഗിച്ചതുമായ ആദ്യത്തെ വിമാനം പറത്തി. എയ്‌റോഡ്രോം 5 എന്നറിയപ്പെട്ട ആ വിമാനം വിര്‍ജീനിയയിലെ പോട്ടോമാക് നദിയിലാണ് പരീക്ഷിക്കപ്പെട്ടത്.
1896 നവംബര്‍ 28-ന് ‘എയ്‌റോഡ്രോം-6’ ഉം അദ്ദേഹം പരീക്ഷിച്ചു. 1460 മീറ്ററോളം ഈ മോഡല്‍ പറന്നു. 1901-ലും 1903-ലും അദ്ദേഹം തന്റെ ചെറിയ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന മോഡലുകള്‍ പരീക്ഷിച്ചു. ശക്തമായ ഒരു എന്‍ജിന്‍ രൂപകല്പന ചെയ്യാന്‍ ലാംഗ്‌ലി സ്റ്റീഫന്‍ ബല്‍സാര്‍ എന്നൊരാളെ സമീപിച്ചെങ്കിലും ലാംഗ്‌ലിക്ക് ആവശ്യമുണ്ടായിരുന്ന 12 എച്ച്.പി എന്‍ജിന്‍ നിര്‍മ്മിച്ചു നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 8 എച്ച്.പി മാത്രമായിരുന്നു എന്‍ജിന്റെ ശേഷി. ആ എന്‍ജിന്‍ ലാംഗ്‌ലിയുടെ അസിസ്റ്റന്റ് ആയ ചാള്‍സ് മാന്‍ലി പരിഷ്‌കരിക്കുകയും 52 എച്ച്.പി ശക്തിയുള്ളതാക്കുകയും ചെയ്തു.
പക്ഷേ പൈലറ്റില്ലാത്തതും ചെറിയ സ്റ്റീം എന്‍ജിന്‍ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ മോഡലുകള്‍ യഥാര്‍ത്ഥത്തില്‍ പറന്നെങ്കിലും അവയുടെ വികസിതരൂപങ്ങള്‍ നിര്‍ഭാഗ്യവശാല്‍ പരീക്ഷണപരാജയങ്ങളായിരുന്നു. ആ എന്‍ജിനുകള്‍ ഉപയോഗിച്ച് ലാംഗ്‌ലിയുടെ എയ്‌റോഡ്രോമുകള്‍ നദിയില്‍ തകര്‍ന്നു വീണു. 1903-ല്‍ തന്നെ റൈറ്റ് സഹോദരന്മാര്‍ അതിലും മെച്ചപ്പെട്ട വിമാനങ്ങള്‍ പരീക്ഷിച്ച് വിജയിച്ചപ്പോള്‍ ലാംഗ്‌ലി തന്റെ പരിശ്രമങ്ങള്‍ നിര്‍ത്തിവെക്കുകയാണുണ്ടായത്. സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങളും പല വ്യോമയാന ചരിത്രകാരന്മാരും എന്‍ജിന്‍ ഉപയോഗിച്ച് വിമാനം പറത്തിയ ആദ്യത്തെ വ്യക്തിയായി ലാംഗ്‌ലിയെ കണക്കാക്കുന്നു.
എന്‍ജിന്‍ ഉപയോഗിച്ചതും പൂര്‍ണ്ണമായും നിയന്ത്രണവിധേയമായതും മനുഷ്യന് പറക്കാന്‍ സാധിച്ചതുമായ ആദ്യത്തെ വിമാനം നിര്‍മ്മിച്ച് വിജയകരമായി പറത്തിയവരായി റൈറ്റ് സഹോദരന്മാര്‍ അറിയപ്പെടുന്നു. വ്യോമയാനവുമായി ബന്ധപ്പെട്ട് അന്നു വരെ ലഭ്യമായിരുന്ന വിവരങ്ങളെല്ലാം അവര്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ 1900 മുതല്‍ 1902 വരെ വിവിധ തരം ഗ്ലൈഡറുകള്‍ റൈറ്റ് സഹോദരന്മാര്‍ രൂപകല്പന ചെയ്യുകയും പരീക്ഷിക്കുകയും ഉണ്ടായി. പക്ഷേ റൈറ്റ് സഹോദരന്മാര്‍ക്ക് മുന്‍പുണ്ടായിരുന്ന ശാസ്ത്രജ്ഞരുടെ പരീക്ഷണ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഫലങ്ങളാണ് അവര്‍ക്ക് ലഭിച്ചത്. അതുകൊണ്ട് റൈറ്റ് സഹോദരന്മാര്‍ സ്വയം ഗവേഷണങ്ങളില്‍ ഏര്‍പ്പെടുകയും വിന്റ് ടണല്‍ പരീക്ഷണങ്ങള്‍ സ്വയം നടത്തുകയും ചെയ്തു. 1900, 1901, 1902 എന്നി വര്‍ഷങ്ങളില്‍ അവര്‍ വിജയകരമായി ഗ്ലൈഡറുകള്‍ പറത്തി.
തുടര്‍ന്ന് റൈറ്റ് സഹോദരന്മാര്‍ ഊര്‍ജ്ജം ഉപയോഗിച്ച് പറക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. വിമാനത്തിന്റെ നിയന്ത്രണം, ഊര്‍ജ്ജ ഉപയോഗം എന്നിവയില്‍ ഒരേ സമയം അവര്‍ ഗവേഷണങ്ങള്‍ നടത്തിയിരുന്നു. വിമാനത്തിന്റെ മൂന്ന് അക്ഷങ്ങള്‍ (പിച്ച്, യോ, റോള്‍) കണ്ടുപിടിച്ചതും ആ അക്ഷങ്ങളില്‍ വിമാനത്തിനെ നിയന്ത്രിക്കാനാവശ്യമായ ഉപാധികള്‍ വികസിപ്പിച്ചതും റൈറ്റ് സഹോദരന്മാരുടെ സംഭാവനകളാണ്. അവര്‍ക്ക് ആവശ്യമുള്ള ശക്തിയുള്ള എന്‍ജിനുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതില്‍ അന്നത്തെ എന്‍ജിന്‍ നിര്‍മ്മാതാക്കളെല്ലാം പരാജയപ്പെട്ടു. അവസാനം റൈറ്റ് സഹോദരന്മാരുടെ തന്നെ ഷോപ്പിലെ മെക്കാനിക് ആയിരുന്ന ചാര്‍ലി ടെയ്ലര്‍ 12 എച്ച്.പി ശക്തിയുള്ള എന്‍ജിന്‍ അവര്‍ക്ക് നിര്‍മ്മിച്ചു നല്‍കി.
ആ എന്‍ജിന്‍ ഉപയോഗിച്ച് ലോകത്തിലാദ്യമായി നിയന്ത്രണവിധേയമായതും ഊര്‍ജ്ജം ഉപയോഗിച്ചതുമായതും വായുവിനേക്കാള്‍ ഭാരം കൂടിയതുമായ അവരുടെ വിമാനം നോര്‍ത്ത് കരോലിനയിലെ കില്‍ ഡെവിള്‍ കുന്നുകളില്‍ 1903 ഡിസംബര്‍ 17-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് 52 സെക്കന്റ് നേരം വായുവില്‍ പറന്നു. ഏകദേശം 852 അടി ദൂരമാണ് ആ വിമാനം സഞ്ചരിച്ചത്.
ആദ്യമായി പറന്ന ഓര്‍വില്‍ റൈറ്റ് 121 അടി (37 മീറ്റര്‍) ഉയരത്തില്‍ 12 സെക്കന്റ് പറന്നു. അന്നു തന്നെ നടത്തിയ നാലാം പറക്കലില്‍ വില്‍ബര്‍ റൈറ്റ് 852 അടി (260 മീറ്റര്‍) ഉയരത്തില്‍ 59 സെക്കന്റ് പറക്കുകയുണ്ടായി. ഒരു കുട്ടിയും നാല് ജീവന്‍ രക്ഷാപ്രവര്‍ത്തകരും ഈ ചരിത്രനിമിഷത്തിന് സാക്ഷികളായുണ്ടായിരുന്നു.