ന്യൂയോർക്ക്: അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉൽപന്നങ്ങൾക്കും സമാനരീതിയിൽ തീരുവ ചുമത്തുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് യു.എസ് ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്തുന്ന രാജ്യങ്ങൾക്കും അതേ രീതിയിൽ നികുതി ചുമത്തുമെന്ന് വ്യക്തമാക്കിയത്. മറ്റുരാജ്യങ്ങൾ ഞങ്ങൾക്ക് നികുതി ചുമത്തിയാൽ സമാനരീതിയിൽ അവർക്കും നികുതി ചുമത്തും. എല്ലായിപ്പോഴും അവർ ഞങ്ങൾക്ക് അധിക നികുതി ചുമത്തുകയാണ്. ഞങ്ങൾ തിരിച്ച് അങ്ങനെ ചെയ്യാറില്ല -ട്രംപ് വ്യക്തമാക്കി. ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര കരാർ സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിക്കിടെയാണ് ട്രംപിന്റെ പ്രതികരണം.
യു.എസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ നൂറ് ശതമാനം നികുതി ഈടാക്കിയാൽ തിരിച്ചും അതുതന്നെ ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയാണ് തങ്ങൾ അധികാരത്തിൽനിന്ന് ഇറങ്ങുന്നതെന്ന് ബൈഡൻ ഭരണകൂടം വ്യക്തമാക്കി. അധികാരമേറ്റാലുടൻ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്നും അടുത്തിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
പിന്നാലെയാണ് ഇന്ത്യക്കെതിരെ വീണ്ടും കടുത്തനടപടികൾ ഉണ്ടാവുമെന്ന് സൂചന നൽകുന്നത്. ആദ്യതവണ പ്രസിഡന്റായപ്പോൾ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ട്രംപ് നല്ല അടുപ്പത്തിലായിരുന്നു