Wednesday, December 18, 2024

HomeAmericaദുരൂഹതയില്ല, പരിഭ്രാന്തി വേണ്ട: നിഗൂഢ ഡ്രോണുകളെ കുറിച്ച് പ്രതികരണവുമായി ബൈഡൻ

ദുരൂഹതയില്ല, പരിഭ്രാന്തി വേണ്ട: നിഗൂഢ ഡ്രോണുകളെ കുറിച്ച് പ്രതികരണവുമായി ബൈഡൻ

spot_img
spot_img

വാഷിങ്ടണ്‍: അമേരിക്കയില്‍ പലയിടത്തും ഒരേസമയത്ത് സംശയാസ്പദമായി ഡ്രോണുകള്‍ കണ്ട സംഭവത്തില്‍ പ്രതികരിച്ച് ജോ ബൈഡന്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയാതെ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ആര്‍ക്കോവേണ്ടി മനഃപൂര്‍വം കാര്യങ്ങള്‍ രഹസ്യമാക്കി വെക്കുകയാണെന്നുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. രാജ്യത്ത് ഹീനമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.എസിന്റെ പലഭാഗത്തും, പ്രത്യേകിച്ച്‌ ന്യൂജേഴ്‌സിയിലുമാണ് സംശയാസ്പദമായ രീതിയില്‍ പറക്കുന്ന ഡ്രോണുകള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. പിന്നാലെ പലതരം കഥകള്‍ പ്രചരിച്ചു. ശത്രുക്കളുടെ ആക്രമണതന്ത്രമാണെന്നും ബ്ലൂ ബീം സിദ്ധാന്തത്തിന്റെ ഭാഗമാണെന്നും തുടങ്ങി അന്യഗ്രഹജീവികളുടെ കളിയാണെന്നുവരെ കഥകള്‍ ഇറങ്ങി. പിന്നാലെയാണ് ജോ ബൈഡനുനേരെ ഒളിയമ്പുമായി ട്രംപിന്റെ പ്രസ്താവന വന്നത്.

‘എന്താണ് സംഭവിക്കുന്നത് എന്ന് സര്‍ക്കാരിനറിയാം. ആ ഡ്രോണുകള്‍ എവിടെ നിന്നാണ് വന്നതെന്ന് നമ്മുടെ സൈനികവിഭാഗത്തിന് അറിയാം. അതൊരു ഗ്യാരേജില്‍ നിന്ന് പറത്തപ്പെട്ടവയാണെങ്കില്‍ നമ്മുടെ പട്ടാളക്കാര്‍ക്ക് അവിടെയെത്തി അവയെല്ലാം നശിപ്പിക്കാന്‍ എത്ര സമയം എടുക്കും? അവര്‍ക്കറിയാം അത് എവിടെനിന്നാണ് വന്നതെന്നും എവിടേക്കാണ് പോയതെന്നും. പക്ഷേ ചില പ്രത്യേക കാരണങ്ങളാല്‍ അവര്‍ അതിനെക്കുറിച്ചൊന്നും പറയില്ല’, എന്നായിരുന്നു ട്രംപ് പറഞ്ഞത്.

പിന്നാലെയാണ് വിഷയത്തില്‍ ബൈഡന്‍ പ്രതികരിച്ചത്. ഡ്രോണ്‍ വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലെന്ന് പെന്റഗണ്‍ പറഞ്ഞെങ്കിലും അതിന് പിന്നിലാരാണെന്നും എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും വിശദീകരിക്കാന്‍ അവര്‍ക്കായിരുന്നില്ല. അതേസമയം, അജ്ഞാത ഡ്രോണുകള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതോടെ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിഫന്‍സ് ഡിപ്പാര്‍ട്ടുമെന്റ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായി പ്രസ്താവന പുറത്തിറക്കിയിരുന്നു.

ഇതിന് സമാനമായ പ്രതികരണമാണ് ബൈഡനും നടത്തിയിരിക്കുന്നത്. ‘ദുരൂഹമായ ഒരു പ്രവര്‍ത്തിയും രാജ്യത്ത് നടക്കുന്നില്ല. പരിശോധനകളും പഠനങ്ങളും നടന്നുവരികയാണ്. ഭയപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് കരുതുന്നില്ല. എന്നിരുന്നാലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ സാഹചര്യത്തെ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്,’ ബൈഡന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു. 5000-ത്തോളം ഡ്രോണുകളാണ് രാജ്യത്തുടനീളം കണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഡ്രോണിന് സമാനമായ മറ്റ് വസ്തുക്കള്‍, നക്ഷത്രങ്ങളെയടക്കം കണ്ട് ജനങ്ങള്‍ തെറ്റിദ്ധരിച്ചതാവാമെന്നാണ് എഫ്.ബി.ഐ. പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments