വാഷിങ്ടൻ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന് യുഎസ് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് കൈമാറുന്നത് ഒഴിവാക്കാൻ റാണയ്ക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റർ ജനറൽ എലിസബത്ത് ബി. പ്രിലോഗർ 20 പേജുള്ള സബ്മിഷൻ സമർപ്പിച്ചു. ഇന്ത്യയിലേക്ക് കൈമാറാനുള്ള യുഎസ് കോടതി ഉത്തരവിനെതിരെ റാണ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. റാണയെ വിട്ടു നൽകണമെന്ന് ഇന്ത്യ നിരവധി തവണ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു.
തഹാവൂര്‍ റാണയ്‌ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം യുഎസും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ പരിധിക്കുള്ളില്‍ വരുന്നതാണ്. 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ 6 യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009ലാണ് തഹാവൂർ റാണ യുഎസില്‍ അറസ്റ്റിലാകുന്നത്. സുഹൃത്തായ യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയോടൊപ്പം മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നതാണ് റാണയ്‌ക്കെതിരായ കുറ്റം.