വാഷിങ്ടണ്‍: ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന യുദ്ധത്തോടുള്ള ഭരണകൂടത്തിന്റെ നയത്തില്‍ പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ സ്ഥാനമൊഴിഞ്ഞു. ഗസ്സ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ കൗണ്‍സിലറായ മൈക്ക് കേയ്‌സിയാണ് രാജിവച്ചത്.
ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിഷേധവുമായി താന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് രാജിവെച്ചതിനെക്കുറിച്ച് കേയ്‌സി വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് എഴുതി മതിയായെന്ന് കേയ്‌സി പറഞ്ഞു. ഈ കുട്ടികളെല്ലാം ശരിക്കും കൊല്ലപ്പെട്ടതാണെന്ന് അമേരിക്കന്‍ ഭരണകൂടത്തിന് നിരന്തരം എനിക്ക് തെളിയിക്കേണ്ടി വന്നു. എന്നാലോ, ഒരു നടപടിയും ഉണ്ടാകാറുമില്ല -കേയ്‌സി പറഞ്ഞു.
ഫലസ്തീനില്‍ ഞങ്ങള്‍ക്ക് ഒരു നയവുമില്ല. ഇസ്രായേലികളുടെ പദ്ധതി എന്താണോ , അത് ഞങ്ങള്‍ നടത്തിക്കൊടുക്കുന്നു. ബൈഡന്‍ ഭരണകൂടം കൊണ്ടുവന്ന എല്ലാ പദ്ധതികള്‍ക്കും മീതം ഇസ്രായേലികള്‍ക്ക് മറ്റൊരു പദ്ധതിയുണ്ടാകും -കേയ്‌സി വിമര്‍ശിച്ചു.
ഗസ്സയില്‍ ഇസ്രായേലിന്റെ നിഷ്ഠൂര ആക്രമണം തുടങ്ങിയ ശേഷം നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രാജിവെച്ചൊഴിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ്, പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയില്‍നിന്നടക്കം രാജിയുണ്ടായിട്ടുണ്ട്.