‘കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. അടയാളമോ; ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. പെട്ടെന്നു സ്വര്‍ഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേര്‍ന്നു ദൈവത്തെ പുകഴ്ത്തി. ”അത്യുന്നതങ്ങളില്‍ ദൈവത്തിന്നു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം…” ലൂക്കോസ് 2: 11-14
ഉണ്ണീശോയുടെ തിരുപ്പിറവി നല്‍കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സ്വര്‍ഗീയ സന്ദേശവുമായി മറ്റൊരു ക്രിസ്മസ് കൂടി സമാഗതമാകുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു വിളക്ക് ഒരു വീട്ടില്‍ തെളിയുമ്പോള്‍ അത് ലോകത്തിന്റെ തന്റെ പ്രകാശമായി മാറുന്നു. യേശുദേവന്റെ ഓരോ വാക്കും ലോകത്തിന് പ്രകാശം നല്‍കിയതിനോടൊപ്പം പ്രതീക്ഷയുടെ സന്ദേശവും വിതച്ചു. ബേത്‌ലഹേം പുല്‍ത്തൊഴുത്തിലെ ആ പിറവിയുടെ മൂഹൂര്‍ത്തം തൊട്ടു തന്നെ ലോകം സാഹോദര്യത്തിന്റെ കണ്ണികളാല്‍ കൂട്ടിയിണക്കപ്പെട്ടു. ആ ഈടുറ്റ ബന്ധം ഇനിയും കൈമോശം വരാതിരിക്കാന്‍ മാനവരാശി ഒരേ മനസ്സോടെ നിലനില്‍ക്കേണ്ട ചിന്തയിലേക്കു കൂടിയും വിരല്‍ചൂണ്ടുന്നതാണ് ഈ ക്രിസ്മസ് കാലം.
ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും തിരുജന്‍മം വിളംബരം ചെയ്യുന്ന പുല്‍ക്കൂടുമായി നമുക്ക് ഈ ക്രിസ്മസിനെ ഹൃദയത്തിലേറ്റി സ്വീകരിക്കാം…വെള്ളി നക്ഷത്രങ്ങള്‍ ശുഭ്രമേഘങ്ങള്‍ക്ക് മേലേ പൂക്കളമിട്ടപ്പോള്‍…മഞ്ഞുകണങ്ങള്‍ നിറനിലാവില്‍ ആത്മീയതയുടെ കളം വരച്ചപ്പോള്‍…രാവ് നിദ്രയിലേയ്ക്ക് മയങ്ങിയപ്പോള്‍…പുല്‍ക്കൂടിന്റെ ചൂടേറ്റ് പിറന്ന ദൈവപുത്രനെ സ്തുതിച്ച് നമുക്ക് പ്രാര്‍ത്ഥനാ നിരതരാവാം…
നേര്‍ക്കാഴ്ചയുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അത്യാഹ്ലാദകരമായ തിരുപ്പിറവിയുടെ മംഗളങ്ങള്‍ നേരുന്നു.
സ്‌നേഹപൂര്‍വം
സൈമണ്‍ വളാച്ചേരില്‍
(ചീഫ് എഡിറ്റര്‍)