വാഷിങ്ടൺ: വധശിക്ഷയ്ക്കായി കാത്തിരിക്കുന്ന 40 തടവുകാരിൽ 37 പേരുടെ ശിക്ഷ പരോളില്ലാത്ത ജീവപര്യന്തമാക്കി മാറ്റുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ട്രംപിന്‍റെ പ്രസ്താവന. സഹതടവുകാരെ കൊലപ്പെടുത്തിയ ഒമ്പത് പേർ, ബാങ്ക് കവർച്ചയ്ക്കിടെ കൊലപാതകം നടത്തിയ നാല് പേർ, ജയിൽ ഗാർഡിനെ കൊലപ്പെടുത്തിയ ഒരാൾ എന്നിവർ ഇതിലുൾപ്പെടുന്നു.
നമ്മുടെ രാജ്യത്തെ ഏറ്റവും മോശം കൊലയാളികളിൽ 37 പേരുടെ വധശിക്ഷ ജോ ബൈഡൻ ഇളവ് ചെയ്തു. ബൈഡൻ ഇത് ചെയ്തുവെന്ന് നിങ്ങൾ വിശ്വസിക്കില്ല. ഇരകളുടെ ബന്ധുക്കളും സുഹൃത്തുക്കളും കൂടുതൽ തകർന്നിരിക്കുന്നു. ഇത് സംഭവിക്കുന്നത് അവർക്ക് വിശ്വസിക്കാൻ കഴിയില്ല -ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
സ്ഥാമേറ്റയുടൻ അമേരിക്കൻ കുടുംബങ്ങളെയും കുട്ടികളെയും അക്രമാസക്തരായ ബലാത്സംഗികൾ, കൊലപാതകികൾ, രാക്ഷസന്മാർ എന്നിവരിൽ നിന്ന് സംരക്ഷിക്കാൻ വധശിക്ഷ ശക്തമായി പിന്തുടരാൻ നീതിന്യായ വകുപ്പിന് നിർദേശം നൽകുമെന്നും ട്രംപ് വ്യക്തമാക്കി. ആദ്യ തവണ പ്രസിഡന്‍റായ സമയത്ത് ട്രംപ് 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം വധശിക്ഷകൾ പുനരാരംഭിച്ചിരുന്നു.