വാഷിംഗ്ടൺ: ചൈനക്ക് പിന്നാലെ ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാന്‍ അമേരിക്കയും തയ്യാറെടുക്കുന്നു. നെക്സ്റ്റ് ജനറേഷന്‍ എയര്‍ ഡോമിനന്‍സ് (Next Generation Air Dominance- NGAD) എന്ന പേരിലാണ് യുദ്ധവിമാനമൊരുങ്ങുന്നത്. അമേരിക്കന്‍ കമ്പനിയായ ബോയിങ്, ലോഖീദ് മാര്‍ട്ടിന്‍ എന്നിവരാണ് ഈ യുദ്ധവിമാനത്തിന്റെ വികസനത്തിനായി മുന്നോട്ടുവന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യുദ്ധവിമാനം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് യു.എസ്. വ്യോമസേന. എന്നാല്‍ അതിന് വേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ചെലവിനെ കുറിച്ചാണ് അമേരിക്ക ആശങ്കപ്പെടുന്നത്. ഏതാണ്ട് 25 കോടി ഡോളര്‍ ( 2131.56 കോടി രൂപ) മുതല്‍ 30 കോടി ഡോളര്‍ ( 2557.88 കോടി രൂപ) വരെയാണ് ഇതിന്റെ വികസനത്തിനായി ചെലവഴിക്കേണ്ടി വരിക എന്നാണ് നിലവിലെ കണക്കുകൂട്ടലുകള്‍. അതിനാല്‍ ഡിസൈനിലടക്കം മാറ്റം വരുത്തി ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക.
അമേരിക്കന്‍ വ്യോമസേനയുടെ എഫ്-22 റാപ്റ്റര്‍ യുദ്ധവിമാനങ്ങള്‍ കാലഹരണപ്പെടാറായി. അവയുടെ കാലാവധി കഴിയുന്ന മുറയ്ക്ക് സേനയില്‍ വിന്യസിക്കാനുദ്ദേശിച്ചാണ് ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നത്. ഭാവിയുദ്ധങ്ങളില്‍ ഡ്രോണുകള്‍ക്ക് വലിയ പ്രാധാന്യമുള്ളതിനാല്‍ അവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയെ വികസിപ്പിക്കുക. നിലവിലെ യുദ്ധവിമാനങ്ങളുടെ എന്‍ജിനുകളില്‍ നിന്ന് ആറാം തലമുറ യുദ്ധവിമാന എന്‍ജിന് വ്യത്യാസങ്ങളുണ്ടാകും. മാത്രമല്ല ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങളിലും പുതിയ പരിഷ്‌കരണങ്ങളാണ് അമേരിക്ക ഉദ്ദേശിക്കുന്നത്. അത്തരം പരിഷ്‌കരണങ്ങളോട് ചേര്‍ന്നുപോകുന്ന യുദ്ധവിമാനം കൂടിയാകും പുതിയവ.
ഈ ഡിസംബറില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാനായിരുന്നു അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ ത്രസിപ്പിക്കുന്ന വിജയം വന്നതോടെ പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം മതി തീരുമാനമെന്ന നിലയിലേക്ക് മാറി. പൈലറ്റുമാര്‍ പറത്തുന്ന യുദ്ധവിമാനങ്ങളേക്കാള്‍ ആളില്ലാ യുദ്ധവിമാനങ്ങള്‍ കൂടുതല്‍ വേണമെന്ന പക്ഷക്കാരാണ് ട്രംപും അദ്ദേഹത്തിന്റെ ഉപദേശകരും. അതിനാല്‍ അടുത്ത തലമുറ യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ ആശങ്കകളുണ്ട്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പദ്ധതി തന്നെ വേണ്ടെന്ന് വെയ്ക്കുമോയെന്ന് ഭയക്കുന്നവരുമുണ്ട്.