വാഷിംഗ്ടൺ: സാങ്കേതിക മേഖലകളിൽ വിദഗ്ധരായവരെ അമേരിക്കയിൽ എത്തിക്കുന്നതിനുള്ള എച്ച്1ബി വീസയ്ക്കായി ഇലോൺ മസ്കിൻ സമ്മർദമുയർത്തിയതോടെ കൈ കൊടുത്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഒരു യുഎസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു ട്രംപ് തൻ്റെ നയം വ്യക്തമാക്കിയത്. എച്ച്1ബി വീസയ്ക്ക് താൻ എപ്പോഴും അനുകൂലമാണെന്നും തന്റെ സംരംഭങ്ങളിലെ ജീവനക്കാരിൽ പലരും ഇങ്ങനെ വന്നവരാണെന്നും ട്രംപ് പറഞ്ഞു.
തന്റെ ആദ്യഭരണകാലത്ത് ട്രംപ് ഈ പദ്ധതിക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ട്രംപിന്റെ പരമ്പരാഗത അനുകൂലികളിൽ പലരും എച്ച്1ബി വീസ നിർത്തണമെന്ന് രൂക്ഷമായി വാദിക്കുന്നവരാണ്
സമൂഹമാധ്യമങ്ങളിൽ എച്ച്1ബി വീസയെ എതിർക്കുന്ന തീവ്ര നിലപാടുകാരായ റിപ്പബ്ലിക്കൻ പാർട്ടിക്കാരോട് മസ്ക് വാഗ്വാദത്തിലേർപ്പെട്ടിരുന്നു. യുഎസിൽ എൻജിനീയറിങ് തൊഴിലാളികളുടെ കുറവുണ്ടെന്നും ഇതു പരിഹരിക്കാനായി എച്ച്1ബിയാണു മികച്ച മാർഗമെന്നുമാണ് മസ്കിന്റെ നിലപാട്